പ്രതിമാസം 250 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി, വൈദ്യുതി നിരക്കില്‍ കെ.എസ്.ഇ.ബിയുടെ പുതിയ തീരുമാനം.വേനല്‍ക്കാലത്ത് ഏർപ്പെടുത്തിയ 25% അധിക നിരക്ക് ഇനി വർഷം മുഴുവൻ തുടരാൻ തീരുമാനിച്ചു. ഏകദേശം ഏഴ് ലക്ഷത്തോളം ഉപഭോക്താക്കളെ ഇത് നേരിട്ട് ബാധിക്കും. കഴിഞ്ഞ മാസങ്ങളിലും ഉയർന്ന ബില്ലുകള്‍ ഉപഭോക്താക്കളെ വലച്ചിരുന്നു.
പുതിയ നിരക്ക് പ്രകാരം, രാത്രി 6 മണി മുതല്‍ 10 മണി വരെയുള്ള സമയത്ത് യൂണിറ്റിന് 8.39 രൂപയാണ് ഈടാക്കുന്നത്. സാധാരണ നിരക്ക് 6.90 രൂപയായിരിക്കുമ്ബോഴാണ് ഈ വർധനവ്. അതേസമയം, രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയുള്ള സമയത്ത് സാധാരണ നിരക്കിനെക്കാള്‍ 10% കുറവ് ലഭിക്കുമെങ്കിലും, ഗാർഹിക ഉപഭോക്താക്കളുടെ ഉപഭോഗം ഈ സമയങ്ങളില്‍ കുറവായതിനാല്‍ ഈ ആനുകൂല്യം കാര്യമായി പ്രയോജനപ്പെടുന്നില്ല.
ടൈം ഓഫ് ഡേ (ToD) സംവിധാനം കഴിഞ്ഞ ഏപ്രില്‍ മുതലാണ് കെ.എസ്.ഇ.ബി നടപ്പാക്കിയത്. വൈദ്യുതി പ്രതിസന്ധി നേരിടുന്ന സമയത്ത് പുറത്തുനിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കാനും, രാത്രിയിലെ വൈദ്യുതി ഉപയോഗം കുറച്ച് പകല്‍സമയത്ത് സോളാർ പോലുള്ള ഊർജ്ജസ്രോതസ്സുകള്‍ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുകയുമാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യമെന്നാണ് കെ.എസ്.ഇ.ബി നല്‍കുന്ന വിശദീകരണം. ഈ തീരുമാനം വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചിട്ടുണ്ട്.
ടൈം ഓഫ് ഡേ നിരക്കുകള്‍ ഇങ്ങനെ:
- രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ: സാധാരണ നിരക്കിനെക്കാള്‍ 10% കുറഞ്ഞ തുക.
- വൈകിട്ട് 6 മുതല്‍ രാത്രി 10 വരെ: സാധാരണ നിരക്കിനെക്കാള്‍ 25% അധികം. (ചെറുകിട വ്യവസായങ്ങള്‍ക്ക് 50% അധികം)
- രാത്രി 10 മുതല്‍ രാവിലെ 6 വരെ: സാധാരണ നിരക്ക്.

















