തൃശൂരിലെ കൊടുങ്ങല്ലൂരില്‍ വൈദ്യുതി വിതരണം മണിക്കൂറുകളോളം തടസപ്പെട്ടതിനെ തുടർന്ന് ചെമ്മീൻ കർഷകന് വൻ സാമ്പത്തിക നഷ്ടം.എയറേറ്റർ പ്രവർത്തനം നിലച്ചതോടെ പാടത്തിലുണ്ടായിരുന്ന ലക്ഷക്കണക്കിന് ചെമ്മീൻ കുഞ്ഞുങ്ങള്‍ ചത്തൊടുങ്ങുകയായിരുന്നു.പുല്ലൂറ്റ് നാരായണമംഗലത്ത് വലിയപറമ്പില്‍ ഹുസൈന്റെ ചെമ്മീൻ കൃഷിയിടത്തിലാണ് സംഭവം.
ഏകദേശം 40 ദിവസം പ്രായമുള്ള നാല് ലക്ഷത്തോളം ചെമ്മീൻ കുഞ്ഞുങ്ങളാണ് പാടത്തിലുണ്ടായിരുന്നത്. ഞായറാഴ്ച വൈകുന്നേരം മുതല്‍ വൈദ്യുതി വിതരണം നിലച്ചതോടെയാണ് പ്രതിസന്ധി ആരംഭിച്ചത്.ചെമ്മീൻ കൃഷിയില്‍ ജലത്തിലെ ഓക്സിജന്റെ അളവ് നിലനിർത്താൻ എയറേറ്ററുകള്‍ നിർണായകമാണ്. വൈദ്യുതി മുടങ്ങിയതോടെ എയറേറ്ററുകള്‍ പ്രവർത്തനരഹിതമായി. ഇതോടെ ജലത്തിലെ ഓക്സിജൻ അളവ് കുറഞ്ഞ് ചെമ്മീൻ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചത്തുപോകുകയായിരുന്നുവെന്ന് കർഷകൻ പറഞ്ഞു.
പ്രശ്നം ശ്രദ്ധയില്‍പ്പെട്ട ഉടൻ കെഎസ്‌ഇബിയുമായി ബന്ധപ്പെട്ടെങ്കിലും സമയബന്ധിതമായി പരിഹാരം ലഭിച്ചില്ലെന്നാണ് ഹുസൈന്റെ പരാതി. വർഷങ്ങളുടെ പരിശ്രമവും ലക്ഷങ്ങളുടെ നിക്ഷേപവുമാണ് ഒറ്റ രാത്രികൊണ്ട് നഷ്ടമായതെന്നും അദ്ദേഹം വ്യക്തമാക്കി.

















