ശബരിമല അയ്യപ്പനെ വില്‍പനയ്‌ക്കുവച്ച്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും പിണറായി സര്‍ക്കാരും. ആഗോള അയ്യപ്പ സംഗമത്തിന്റെ ഗൂഢലക്ഷ്യം കോടികളുടെ നിക്ഷേപം സമാഹരിക്കല്‍.പ്രവാസികളായ നിക്ഷേപകരെയെത്തിക്കാന്‍ തയാറാക്കിയ ലോക കേരള സഭയുടെ കത്തും പണം നല്കുന്നവര്‍ക്കുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പാക്കേജ് വിവരങ്ങളും പുറത്ത്. ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണെന്നും സര്‍ക്കാരിന് ഇതില്‍ പങ്കില്ലെന്നുമുള്ള വാദവും പൊളിഞ്ഞു.

നിക്ഷേപിക്കുന്നവര്‍ക്ക് ശബരിമലയില്‍ പ്രത്യേക ആനുകൂല്യങ്ങള്‍ നല്കിയാണ് പണപ്പിരിവിനു ദേവസ്വം ബോര്‍ഡ് പാക്കേജ് തയാറാക്കിയത്. ആഗോള അയ്യപ്പ സംഗമത്തിന്റെ ചര്‍ച്ചകള്‍ തുടങ്ങിയതിനു പിന്നാലെയാണ് പാക്കേജ് ഒരുക്കിയത്.ഡയമണ്ട്, പ്ലാറ്റിനം, ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് എന്നീ അഞ്ചു കാറ്റഗറിയിലാണ് പാക്കേജ്. മൂന്ന് കോടിക്കു മുകളില്‍ നിക്ഷേപിക്കുന്നവരെയാണ് ഡയമണ്ടില്‍ ഉള്‍പ്പെത്തിയിരിക്കുന്നത്. മണ്ഡല കാലത്ത് അഞ്ചു ദിവസവും മകരവിളക്ക്, വിഷു പൂജ, ഉത്സവം, മാസപൂജ എന്നീ സമയങ്ങളില്‍ ഒരു ദിവസം വീതവും സൗജന്യ താമസം. ശബരിമലയിലെത്തുമ്ബോഴെല്ലാം അപ്പവും അരവണയും ഉള്‍പ്പെടുന്ന അഞ്ച് പ്രസാദക്കിറ്റും ഡയറിയും. പമ്ബയില്‍ കാര്‍ പാര്‍ക്കിങ്ങും അനുവദിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു കോടിക്കും മൂന്ന് കോടിക്കുമിടെ നിക്ഷേപിക്കുന്നവരെ പ്ലാറ്റിനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മണ്ഡല പൂജ കാലയളവില്‍ അഞ്ച് ദിവസത്തെ സൗജന്യ താമസമാണ് പകരം നല്കുക. ഇങ്ങനെ കോടികള്‍ ലക്ഷങ്ങളിലേക്കു കുറയുംതോറും ഗോള്‍ഡും സില്‍വറും ബ്രോണ്‍സുമാകും. ആറു മാസം മുമ്ബാണ് ഈപാക്കേജ് തയാറാക്കിയത്. പിന്നാലെയാണ് ആഗോള അയ്യപ്പ സംഗമം ദേവസ്വം ബോര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അതിനും മുന്നേ തന്നെ ശബരിമലയുടെ പേരിലുള്ള അനധികൃത പണപ്പിരിവ് തടയാനെന്ന പേരില്‍ ശബരിമല സ്‌പോണ്‍സര്‍ഷിപ്പ് കോ ഓര്‍ഡിനേറ്ററെയും അസിസ്റ്റന്റ് സ്‌പോണ്‍സര്‍ഷിപ്പ് കോ ഓര്‍ഡിനേറ്ററെയും നിയമിച്ചിരുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പബ്ലിക്കേഷന്‍സ് ഓഫീസറെ സ്‌പോണ്‍സര്‍ കോ ഓര്‍ഡിനേറ്ററായും, ദേവസ്വം ബോര്‍ഡ് ഫോട്ടോഗ്രാഫറെ അസിസ്റ്റന്റ് സ്‌പോണ്‍സര്‍ഷിപ്പ് കോ ഓര്‍ഡിനേറ്ററായും നിയമിച്ചു. ശബരിമല സന്നിധാനത്തെ എക്‌സിക്യൂട്ടീവ് ഓഫീസിലോ, തിരുവനന്തപുരത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ സംഭാവനകള്‍ നല്കാമെന്നിരിക്കേയാണ് സ്‌പോണ്‍സര്‍ഷിപ്പ് കോ ഓര്‍ഡിനേറ്റര്‍മാരെ നിയമിച്ചത്.

പ്രവാസി നിക്ഷേപകരെ ലക്ഷ്യംവച്ചു മാത്രമാണ് ആഗോള അയ്യപ്പ സംഗമമെന്നതിന്റെ തെളിവും പുറത്തു വന്നു. ലോക കേരള സഭാംഗങ്ങളായ പ്രവാസി വ്യവസായികളെ അയ്യപ്പ സംഗമത്തിലെത്തിക്കാന്‍ ലോക കേരള സഭ അയച്ച കത്തും ജന്മഭൂമിക്ക് ലഭിച്ചു. ലോക കേരള സഭാംഗങ്ങള്‍ നേരിട്ടോ നോമിനികളെയോ പങ്കെടുപ്പിക്കണമെന്നാണ് കത്തില്‍. ഇതോടെ ഭക്തിക്കും ആചാരത്തിനും അപ്പുറം ശബരിമലയിലെ അയ്യപ്പ വിശ്വാസത്തെ വില്‍പനയ്‌ക്കുവയ്‌ക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തമായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക