തൃശൂർ പാലിയേക്കരയിലെ ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി ഉത്തരവ് ശരിവച്ച സുപ്രീംകോടതി, കുഴികള്‍ നിറഞ്ഞ റോഡിലൂടെയുള്ള യാത്രയ്ക്ക് ടോള്‍ പിരിക്കേണ്ടെന്ന് വ്യക്തമാക്കി.ദേശീയപാത അതോറിട്ടിയുടെയും (എൻ.എച്ച്.എ.ഐ) ടോള്‍ കമ്ബനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെയും ഹർജികള്‍ വിമർശനത്തോടെ തള്ളി. ടോള്‍പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞ ആഗസ്റ്റ് ആറിലെ ഹൈക്കോടതി ഉത്തരവില്‍ ഇടപെടാൻ കാരണങ്ങളില്ലെന്നും ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, മലയാളി ജഡ്‌ജി കെ.വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ഗതാഗതക്കുരുക്ക് ഒഴിവാക്കി വാഹനയാത്ര സുഗമമാക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തുടർന്നും ഇടപെടണമെന്നും മേല്‍നോട്ടം വഹിക്കണമെന്നും നിർദ്ദേശിച്ചു. കാര്യക്ഷമത ഇല്ലായ്‌മയുടെ പ്രതീകമാണ് റോഡിലെ ഗർത്തങ്ങളും കുഴികളും. അതിന് ജനം ടോള്‍ നല്‍കേണ്ടതില്ല. വാഹന നികുതി അടയ്‌ക്കുന്ന പൗരന്മാർക്ക് റോഡിലൂടെ സഞ്ചരിക്കാൻ സ്വാതന്ത്ര്യം അനുവദിക്കണം. കുപ്പിക്കഴുത്ത് പോലുള്ള അഞ്ച് ഇടങ്ങളിലെ രൂക്ഷമായ ഗതാഗത കുരുക്ക് കാരണം മണ്ണുത്തി മുതല്‍ ഇടപ്പള്ളി വരെയുള്ള 65 കിലോമീറ്റർ കടക്കാൻ മണിക്കൂറുകള്‍ എടുക്കുന്നു. ഇങ്ങനെ ഗതാഗതക്കുരുക്കില്‍ അകപ്പെടുന്ന പൗരന്റെ ദുരവസ്ഥ, പിരിമുറുക്കം എന്നിവയിലാണ് കോടതിക്ക് ആശങ്ക. അതുപോലെ ഇന്ധനം കത്തിതീരുന്നതിലും. റോഡ് നിർമ്മാണത്തിനും അറ്റകുറ്രപ്പണികള്‍ക്കുമായി ചെലവാക്കുന്നതിനേക്കാള്‍ തുക ടോളായി പിരിച്ചെടുക്കുന്നു എന്നുള്ളത് തമാശയായി മാറുന്ന സാഹചര്യമാണെന്ന് കോടതി നിരീക്ഷിച്ചു.
കരാർ കമ്ബനിയെ കക്ഷിയാക്കണം
- കുപ്പിക്കഴുത്ത് പോലുള്ള അഞ്ചു ഭാഗങ്ങളിലെ നിർമ്മാണക്കരാർ ഏറ്റെടുത്തിരിക്കുന്ന തമിഴ്നാട് നാമക്കലിലെ പി.എസ്.ടി എൻജിനിയറിംഗ് ആൻഡ് കണ്‍സ്ട്രക്ഷൻസ് കമ്ബനിയെ കേസില്‍ കക്ഷിയാക്കണമെന്ന് ഹൈക്കോടതിയോട് നിർദ്ദേശിച്ചു
- ഈ കമ്ബനിയെയാണ് ദേശീയപാത അതോറിട്ടിയും ടോള്‍ കമ്ബനിയും പഴി ചാരുന്നത്. അവർ ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ കക്ഷിയല്ലാത്തതിനാല്‍ പരാമർശം നടത്തുന്നില്ല
- വരുമാന നഷ്‌ടം ടോള്‍ കമ്ബനിക്ക് ദേശീയപാത അതോറിട്ടിയില്‍ നിന്ന് ഈടാക്കുകയോ, ടോള്‍ പിരിവിന്റെ കാലാവധി നീട്ടി വാങ്ങുകയോ ചെയ്യാം

















