ഭിന്നശേഷി സംവരണത്തിന്റെ സാങ്കേതികത്വം ചുണ്ടിക്കാട്ടി കേരളത്തിലെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിന് അംഗീകാരം കൊടുക്കാതിരിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് കത്തോലിക്കാ സഭ. ഇന്ന് പാലാ രൂപതയ്ക്ക് കീഴിലുള്ള സ്കൂളുകളിൽ പ്രതിഷേധ ദിനം സംഘടിപ്പിക്കും. അധ്യാപകർ കറുത്ത തുണികൊണ്ട് വായടക്കം മൂടി കെട്ടിയാവും സർക്കാരിൻറെ കത്തോലിക്ക സഭ മാനേജ്മെൻറ്ക്കെതിരെയുള്ള നിലപാടിൽ പ്രതിഷേധിച്ചുള്ള സമരം സ്കൂൾ തലത്തിൽ സംഘടിപ്പിക്കുക. പത്രമാധ്യമങ്ങളിൽ അടക്കം പ്രതിഷേധ സമരത്തിന് പരമാവധി പ്രചാരണം നൽകണമെന്നും ഉപയോഗിക്കുന്ന ബാനറുകളിൽ സർക്കാരിനെതിരെയുള്ള പ്രതിഷേധമെന്ന് കൃത്യമായി രേഖപ്പെടുത്തണമെന്നും മാനേജ്മെന്റിൽ നിന്ന് നിർദ്ദേശിച്ചിട്ടുണ്ട്. നൂറുകണക്കിന് അധ്യാപകർ ശമ്പളമില്ലാതെ വർഷങ്ങളായി സേവനമനുഷ്ഠിക്കുന്നത് കണ്ടില്ല എന്ന നടിക്കുന്ന സർക്കാർ നിലപാടിനെതിരെയാണ് സഭയുടെ പരസ്യ പ്രതിഷേധവും പ്രക്ഷോഭവും.
ഭിന്നശേഷി സംവരണത്തിന് അനുപാതികമായ തസ്തികകൾ നീക്കിവെച്ചുകൊണ്ട് മറ്റ് തസ്തികകൾക്ക് അംഗീകാരം നൽകണമെന്നാണ് സഭ അടക്കമുള്ള മാനേജ്മെന്റുകൾ ആവശ്യപ്പെടുന്നത്. നായർ സർവീസ് സൊസൈറ്റി (NSS) സുപ്രീം കോടതിയെ സമീപിച്ചപ്പോൾ ഇത്തരം ഒരു നിലപാട് സ്വീകരിക്കുവാൻ സർക്കാരിനോട് നിർദ്ദേശിക്കുന്ന കോടതിവിധി പുറത്തുവന്നിരുന്നു. ഇതുതന്നെ മറ്റു മാനേജ്മെൻറ്കൾക്കും ബാധകമാക്കാവുന്നതാണെങ്കിലും സംസ്ഥാന സർക്കാർ ഇതിന് തയ്യാറല്ല.
ഭിന്നശേഷി സംവരണ വിഷയം ചൂണ്ടിക്കാട്ടി യഥാർത്ഥത്തിൽ നിയമന നിരോധനമാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്. സർക്കാർ പ്രതിനിധി ഉൾപ്പെടെ പങ്കെടുക്കുന്ന അഭിമുഖങ്ങളുടെ അടിസ്ഥാനത്തിൽ സർവീസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന അധ്യാപകർക്കാണ് ശമ്പള തടസ്സം നേരിടുന്നത് എന്നതാണ് മറ്റൊരു വിരോധാഭാസം. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന സർക്കാർ ഭിന്നശേഷി വിഷയം ഒരു അവസരമായി കണ്ട് യഥാർത്ഥത്തിൽ വലിയ ചൂഷണമാണ് സർക്കാർ നടത്തുന്നത്. അധ്യാപകരെയും അവരുടെ കുടുംബാംഗങ്ങളെയും അടക്കം ആയിരക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു വിഷയമാണിത്.
ഇന്ന് സ്കൂളിൽ തലത്തിൽ നടക്കുന്ന പ്രതിഷേധത്തിന് പിന്നാലെ ശനിയാഴ്ച (23/08/2025) പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, കോട്ടയം വിജയപുരം എന്നീ രൂപതകളുടെ ആഭിമുഖ്യത്തിൽ കോട്ടയം കളക്ടറേറ്റിലേക്ക് പ്രതിഷേധം മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. രൂപതകളിലെ വൈദിക പ്രമുഖർ അടക്കം ശനിയാഴ്ച നടക്കുന്ന പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത് സംസാരിക്കുമെന്നാണ് റിപ്പോർട്ട്. സർക്കാർ അംഗീകാരം ലഭിക്കാത്തതിനാൽ ശമ്പളം ലഭിക്കാത്ത അധ്യാപകരുടെ കുടുംബാംഗങ്ങൾ അടക്കം പ്രതിഷേധത്തിന്റെ ഭാഗമാകണമെന്ന് മാനേജ്മെന്റുകൾ നിർദ്ദേശം നൽകിയിട്ടുണ്ട്. കളക്ടറേറ്റ് മാർച്ചിന് തൊട്ടു പിന്നാലെ തന്നെ കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 26 ആം തീയതി തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മാർച്ചും സംഘടിപ്പിക്കുന്നുണ്ട്.
പ്രതിരോധത്തിലായി ജോസ് കെ മാണിയും, കേരള കോൺഗ്രസ് മാണി ഗ്രൂപ്പും
സഭയുടെയും സഭാ മക്കളുടെയും പ്രതിനിധികളായി ഇടതു സർക്കാരിൽ തങ്ങൾ ഉണ്ട് എന്ന അവകാശപ്പെടുന്ന കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനും സഭയുടെ പരസ്യ പ്രതിഷേധം തലവേദനയാവുകയാണ്. സ്വന്തം തട്ടകം എന്ന് അവകാശപ്പെടുന്ന പാലാ രൂപതയിൽ തന്നെ ഇത്തരമൊരു പ്രതിഷേധത്തിന് ആരംഭം കുറിക്കുന്നത് വ്യക്തിപരമായി ജോസ് കെ മാണിക്കു. തിരിച്ചടിയാണ്. ഇടതു സർക്കാർ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്ന് പരസ്യമായി അഭിപ്രായപ്പെടുന്ന ജോസ് കെ മാണി അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ സഭയുടെ നിലപാടിന് എതിരായ നിലപാടാണ് കൈകൊണ്ടിരിക്കുന്നത്. സഭയുടെയും നാടിന്റെയും താല്പര്യങ്ങൾ സർക്കാരിൽ സമ്മർദ്ദം ചെലുത്തി താൻ സംരക്ഷിക്കുന്നു എന്ന് അവകാശപ്പെടുമ്പോൾ തന്നെയാണ് ഇദ്ദേഹത്തിന് ഈ വിഷയത്തിൽ ചെറുവിരൽ പോലും അനക്കാൻ കഴിയാത്തത്. രൂപതയുടെ കീഴിലുള്ള നൂറുകണക്കിന് അധ്യാപകരുടെയും അവരുടെ ആയിരക്കണക്കിന് വരുന്ന കുടുംബാംഗങ്ങളുടെയും പ്രതിഷേധം അതിനാൽ തന്നെ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നിഷേധ വോട്ട് ആകുമെന്ന ആശങ്കയും കേരള കോൺഗ്രസ് വൃത്തങ്ങളിൽ ശക്തമാണ്.


















