പരസ്യപ്രതികരണത്തിന് വിലക്കേർപ്പെടുത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍. വകുപ്പ് മേധാവികളുടെ യോഗത്തിലാണ് നിർദേശം. യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറക്കലിന്റെയും നെഫ്രോളജി വിഭാഗം മേധാവി ഡോ. മോഹൻദാസിന്റെയും പ്രതികരണങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

പരാതിയുണ്ടെങ്കില്‍ മേലധികാരികളെ അറിയിക്കണം. പരസ്യമായി പ്രതികരിച്ചാല്‍ നടപടിയെടുക്കുമെന്നും പ്രിൻസിപ്പല്‍ ഡോ.പി കെ ജബ്ബാർ മുന്നറിയിപ്പ് നല്‍കി. ഡോ.ഹാരിസ് ചിറയ്ക്കല്‍ നടത്തിയ വെളിപ്പെടുത്തല്‍ ഉയർത്തിയ വിവാദങ്ങള്‍ കെട്ടടങ്ങുംമുമ്ബേ നെഫ്രോളജി വിഭാഗം മേധാവി ഡോ. മോഹൻദാസ് നടത്തിയ ഗുരുതര വെളിപ്പെടുത്തലുകള്‍ ചർച്ചയാവുകയാണ്. മരണാനന്തര അവയവദാന പദ്ധതിയായ ‘കെ സോട്ടോ’യില്‍ (പഴയ മൃതസഞ്ജീവനി) ശസ്ത്രക്രിയകള്‍ ഒന്നും നടക്കുന്നില്ലെന്നാണ് നെഫ്രോളജി മേധാവി ഡോ.എം.കെ.മോഹൻദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. യൂറോളജി മേധാവിയായിരുന്ന ഡോ.വേണുഗോപാലിന്റെ നിര്യാണത്തില്‍ അനുശോചിച്ചെഴുതിയ കുറിപ്പിലാണ് ആക്ഷേപം. കെ സോട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ.നോബിള്‍ ഗ്രേഷ്യസിനെതിരെയും പരാമർശമുണ്ട്. യൂറോളജി മേധാവിയായിരുന്ന ഡോ.വേണുഗോപാലും ‌നെഫ്രോളജി മേധാവിയായിരുന്ന ഡോ.രാംദാസ് പിഷാരടിയുമാണ് കെ സോട്ടാ പദ്ധതിയെ ജനകീയമാക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2017ല്‍ ഡോ.രാംദാസിന്റെ മരണശേഷം വിരളിലെണ്ണാവുന്ന ശസ്ത്രക്രിയകള്‍ മാത്രമേ നടന്നിട്ടുള്ളു. കെ സോട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജോലിചെയ്യുന്ന ആലപ്പുഴ മെഡിക്കല്‍ കോളേജിലും മരണാനന്തര അവയമാറ്റ ശസ്ത്രക്രിയകള്‍ നടന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. വിഷയം വിവാദമായതോടെ ഡോ.മോഹൻദാസ് പോസ്റ്റ് പിൻവലിച്ചിരുന്നു. കെ സോട്ടോയെ വിമർശിച്ച ഡോ.മോഹൻദാസിന് പ്രിൻസിപ്പല്‍ പി.കെ.ജബ്ബാർ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. ആഭ്യന്തര വിഷയങ്ങള്‍ പൊതുസമൂഹത്തില്‍ ചർച്ചയാക്കിയത് അച്ചടക്കലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണിത്.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിനെതിരെ ഡോ.ഹാരിസ് നടത്തിയ തുറന്നടിക്കല്‍ ആരോഗ്യവകുപ്പില്‍ സർജിക്കല്‍ സ്‌ട്രൈക്കായി മാറിയിരുന്നു. ഉപകരണങ്ങളില്ലാത്തതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടർച്ചയായി ശസ്ത്രക്രിയകള്‍ മുടങ്ങിയതോടെയായിരുന്നു ഡോക്‌ടറുടെ പ്രതികരണം. ഇതിനുപിന്നാലെയാണ് മറ്റൊരു വകുപ്പ് മേധാവികൂടി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക