ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുല്‍ക്കറുടെ മകൻ അർജുൻ തെണ്ടുല്‍ക്കർ വിവാഹിതനാകുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ കേട്ടത്.അപ്പോള്‍ മുതല്‍ അവർ അന്വേഷിക്കുകയാണ്, തങ്ങളുടെ പ്രിയതാരത്തിന്റെ മകന്റെ ജീവിതപങ്കാളിയാകാൻ പോകുന്നത് ആരാണെന്ന്.
പ്രമുഖ വ്യവസായ കുടുംബത്തില്‍ നിന്നുള്ള സാനിയാ ചന്ദോക്കുമായാണ് അർജുൻ തെണ്ടുല്‍ക്കറുടെ വിവാഹനിശ്ചയം കഴിഞ്ഞതെന്ന വിവരം മാത്രമാണ് പലരും അറിഞ്ഞത്. സാനിയാ ചന്ദോക്കിനെ പറ്റി കൂടുതല്‍ അറിയാം.
ഗ്രാവിസ് ഗ്രൂപ്പിന്റെ ചെയർമാനും മുംബൈയില്‍ നിന്നുള്ള പ്രമുഖ ബിസിനസുകാരനുമായ രവി ഘായ്യുടെ പേരക്കുട്ടിയാണ് സാനിയ. ദി ബ്രൂക്ലിൻ ക്രീമറി, ബാസ്കിൻ റോബിൻസ് (ഇന്ത്യ) എന്നീ പ്രശസ്തമായ ഐസ്ക്രീം കമ്ബനികളുടെ മാതൃകമ്ബനിയാണ് ഗ്രാവിസ് ഗ്രൂപ്പ്. മിസ്റ്റർ പാസ് പെറ്റ് സ്പാ ആൻഡ് സ്റ്റോർ എല്‍എല്‍പിയുടെ സ്ഥാപകയാണ് സംരംഭകയായ സാനിയാ ചന്ദോക്ക്. സാനിയയുടെ പ്രായത്തെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല.
ഇത്രവലിയ കുടുംബത്തിലെ അംഗമാണെങ്കിലും സ്വന്തമായി വഴി വെട്ടി വന്നയാളാണ് സാനിയാ ചന്ദോക്ക് എന്നത് ശ്രദ്ധേയമാണ്. ലണ്ടൻ സ്കൂള്‍ ഓഫ് എക്കണോമിക്സില്‍ നിന്നാണ് സാനിയ ബിരുദമെടുത്തത്. 2022-ലാണ് സാനിയ മുംബൈയില്‍ മിസ്റ്റർ പാസ് പെറ്റ് സ്പാ ആൻഡ് സ്റ്റോർ എല്‍എല്‍പി സ്ഥാപിച്ചത്. ഇതിന്റെ ഡെസിഗ്നേറ്റഡ് പാർട്ട്നറും ഡയറക്ടറുമാണ് സാനിയ എന്ന് കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തില്‍ നിന്നുള്ള രേഖകള്‍ പറയുന്നു. വേള്‍ഡ്വൈഡ് വെറ്ററിനറി സർവീസിന്റെ (ഡബ്ല്യുവിഎസ്) അനിമല്‍ ബർത്ത് കണ്‍ട്രോള്‍ (എബിസി) പ്രോഗാമില്‍നിന്ന് വെറ്ററി ടെക്നീഷ്യൻ സർട്ടിഫിക്കറ്റ് മൃഗസ്നേഹിയായ സാനിയ സ്വന്തമാക്കിയിട്ടുണ്ട്.
ഹോസ്പിറ്റാലിറ്റി, ഭക്ഷണ ബിസിനസുകളിലൂടെ പ്രശസ്തമാണ് സാനിയയുടെ ഘായ് കുടുംബം. ബ്രൂക്ലിൻ ക്രീമറിക്കും ബാസ്കിൻ റോബിൻസിനും പുറമെ ഇന്റർകോണ്ടിനെന്റല്‍ ഹോട്ടലും ഘായ് കുടുംബത്തിന്റേതാണ്. സാനിയയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഗ്രാവിസ് ഫുഡ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 2023-2024 സാമ്ബത്തികവർഷത്തെ വരുമാനം 624 കോടി രൂപയാണെന്നാണ് റിപ്പോർട്ട്. മുൻവർഷത്തെ അപേക്ഷിച്ച് 20 ശതമാനം വരുമാനവർധനവാണ് ഗ്രാവിസ് ഗ്രൂപ്പിന് ഉണ്ടായത്.

















