തിരുവനന്തപുരം: സി.പി.എമ്മിൻെറ അവഗണന സഹിച്ചുനില്‍ക്കാതെ സി.പി.ഐ ഇടത് മുന്നണി വിടണമെന്ന് ആവശ്യം. തിരുവനന്തപുരത്തെ സി.പി.ഐയുടെ ജില്ലാ സമ്മേളനത്തില്‍ രാഷ്ട്രീയ റിപോർട്ടിന്മേല്‍ നടന്ന പൊതുചർച്ചയിലാണ് പാർട്ടി ഇടത് മുന്നണി വിടണമെന്ന ആവശ്യം ഉയർന്നത്. സി.പി.ഐയെ എല്ലാരംഗത്തും താഴ്ത്തിക്കെട്ടാനാണ് സി.പി.എമ്മിൻെറ ശ്രമമെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് പ്രതിനിധികള്‍ പാർട്ടി മുന്നണി വിടണമെന്ന ആവശ്യം ഉന്നയിച്ചത്.
വലിയ പാർട്ടി അവരാണെന്നതരത്തിലാണ് സിപിഎമ്മിന്റെ പ്രവർത്തനം.സിപിഐ മന്ത്രിമാർ ഭരിക്കുന്ന വകുപ്പുകളോട് തികഞ്ഞ അവഗണനയാണ് കാട്ടുന്നത്. അവശ്യസാധനങ്ങള്‍ എത്തിക്കുന്ന സപ്ലൈകോയ്ക്ക് പണം അനുവദിക്കാൻ കൂട്ടാക്കാത്ത ധനവകുപ്പ്, സി.പി.എം ഭരിക്കുന്ന സഹകരണ വകുപ്പിന് കീഴിലുളള കണ്‍സ്യൂമർഫെഡിന് ഇഷ്ടംപോലെ സഹായം ലഭ്യമാക്കുന്നു എന്നും പ്രതിനിധികള്‍ വിമർശിച്ചു.
രണ്ടാം പിണറായി സർക്കാരിന് ഇടതുപക്ഷ സ്വഭാവം നഷ്ടപ്പെടുന്നു. സർക്കാർ കൈക്കൊളളുന്ന പല തീരുമാനങ്ങളും ഇടതുപക്ഷ സർക്കാരിന് ചേർന്ന രീതിയിലുളളതല്ല.ഗവർണറുമായുളള ഏറ്റുമുട്ടലില്‍ സി.പി.എമ്മിന് ഇരട്ടത്താപ്പാണെന്നും രാഷ്ട്രീയ റിപോർട്ടിന്മേലുളള പൊതുചർച്ചയില്‍ പ്രതിനിധികള്‍ വിമർശിച്ചു. ഗവർണർക്കെതിരായ നിലപാടുകളില്‍ സി.പി.എമ്മിന് ഒട്ടും ആത്മാർത്ഥതയില്ല.നിലപാടുകളില്‍ വെളളം ചേർക്കുന്നത് പതിവാണെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
സി.പി.എം ഭരിക്കുന്ന വകുപ്പുകളില്‍ എല്ലാം വൻതോതില്‍ പിൻവാതില്‍ നിയമനങ്ങള്‍ നടക്കുന്നുണ്ടെന്നും ചർച്ചയില്‍ ആക്ഷേപം ഉയർന്നു. സി.പി.ഐ മന്ത്രിമാർക്ക് എതിരെയും ജില്ലാ സമ്മേളനത്തിലെ ചർച്ചയില്‍ രൂക്ഷവിമർശനം നടന്നു. തലസ്ഥാന ജില്ലയിലെ സി.പി.ഐയെ അക്ഷരാർത്ഥത്തില്‍ കൈപ്പിടിയിലൊതുക്കിയ മന്ത്രി ജി.ആർ.അനിലാണ് ഏറ്റവും കൂടുതല്‍ വിമർശനം ഏറ്റുവാങ്ങിയത്.
ഭക്ഷ്യ സിവില്‍ സപ്ളൈസ് വകുപ്പ് ഭരിക്കുന്ന ജി.ആർ.അനിലിനെ വിലക്കയറ്റം അടക്കമുളള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിനിധികള്‍ വിമർശിച്ചത്.വിലക്കയറ്റം പിടിച്ചുനിർത്തുന്നതില്‍ മന്ത്രി തികഞ്ഞ പരാജയമാണ്. മാവേലിസ്റ്റോറുകളിലൂടെ സബ്സിഡി നിരക്കില്‍ വില്‍ക്കുന്ന പതിമൂന്നിനം അവശ്യ സാധനങ്ങള്‍ക്ക് വിലകൂടില്ലെന്നായിരുന്നു പ്രകടന പത്രികയിലെ വാഗ്ദാനം.എന്നാല്‍ മന്ത്രിയുടെ വകുപ്പ് വാഗ്ദാനം പാലിച്ചില്ല. വെളിച്ചെണ്ണ വില കുറക്കാൻ ഇടപെടുമെന്ന മന്ത്രിയുടെ പ്രഖ്യാപനവും പാഴ് വാക്കായി. കേര വെളിച്ചെണ്ണയേക്കാള്‍ കുറഞ്ഞ വിലയില്‍ പൊതുവിപണിയില്‍ വെളിച്ചെണ്ണ കിട്ടാനുണ്ടെന്നും ചർച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ പരിഹസിച്ചു.
മന്ത്രി പി.പ്രസാദ് ഭരിക്കുന്ന കൃഷിവകുപ്പിന് എതിരെയും ചർച്ചയില്‍ വിമർശനം ഉയർന്നു.പൊതുവിപണിയേക്കാള്‍ വില കുറച്ച് പച്ചക്കറികള്‍ വില്‍ക്കുന്നതിനായി രൂപീകരിച്ച ഹോർട്ടികോർപ് നോക്കുകുത്തിയായി മാറിയെന്നായിരുന്നു കൃഷി വകുപ്പിനെതിരെ ഉയർന്ന വിമർശനം.ഹോർട്ടി കോർപ്പിലെ പച്ചക്കറികള്‍ക്ക് പൊതുവിപണിയേക്കാള്‍ വിലയാണ്. പിന്നെയെങ്ങനെ സ്ഥാപനം രക്ഷപ്പെടുമെന്നായിരുന്നു പ്രതിനിധികള്‍ ഉന്നയിച്ച ചോദ്യം.
പാലക്കാട്,നിലമ്ബൂർ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ വിലയിരുത്തി സർക്കാരിൻെറ പ്രവർത്തനങ്ങളില്‍ ആവശ്യമായ തിരുത്തലിന് തയാറാകണമെന്നാണ് തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപോർട്ട് ആവശ്യപ്പെട്ടു.ജനങ്ങളുടെ വികാരം മനസിലാക്കി മുന്നോട്ട് നീങ്ങാൻ ഇടതുമുന്നണി ശ്രമിക്കണമെന്നും രാഷ്ട്രീയ റിപോർട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കരുതലോടെ നീങ്ങണമെന്നും രാഷ്ട്രീയ റിപോർട്ട് പറയുന്നുണ്ട്.സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ നടന്ന സി.പി.ഐ സമ്മേളനങ്ങളിലെ രാഷ്ട്രീയ റിപോർട്ടുകളില്‍ സംസ്ഥാന സർക്കാരിൻെറ പ്രവർത്തനം വിമർശനപരമായി പരിശോധിക്കുന്ന പരാമർശങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ തലസ്ഥാന ജില്ലയിലെ റിപോർട്ട് സർക്കാരിനെ പൂർണമായും വെളളപൂശുകയാണ്. മന്ത്രി ജി.ആർ അനിലിൻെറ കർശന ഇടപെടലിലാണ് സമ്മേളനത്തിന് നിരക്കാത്ത തരത്തിലുളള അഴകൊഴമ്ബൻ റിപോർട്ട് തയാറാക്കിയതെന്നാണ് പ്രതിനിധികളുടെ വിമർശനം.

















