ബിഹാറിലെ വോട്ടർപട്ടികവിവാദം ഉയർത്തി പ്രതിപക്ഷം പാർലമെന്റില്‍ പ്രതിഷേധിക്കുന്നതിനിടെ, ബിജെപിയെ പ്രതിരോധത്തിലാഴ്ത്തി രാഹുല്‍ ഗാന്ധിയുടെ വോട്ടുബോംബ് പ്രയോഗം.ബിഹാറില്‍ തിടുക്കപ്പെട്ട് വോട്ടർപട്ടിക പരിഷ്കരണ നടപടികളിലേക്ക് കടന്ന് വിവാദങ്ങളുടെ കുടംതുറന്ന തിരഞ്ഞെടുപ്പ് കമ്മിഷനെയും മുള്‍മുനയിലാക്കിയിരിക്കുകയാണ് ആരോപണം. വ്യാപകമായി വോട്ടുമോഷണം നടന്നെന്ന ആരോപണമുയർത്തി പ്രതിപക്ഷനേതാവ് നടത്തിയ പത്രസമ്മളനം, ചിതറിനില്‍ക്കുന്ന ഇന്ത്യസഖ്യം ക്യാമ്ബിന് ഊർജവും ബിഹാർയാത്രയ്ക്കുള്ള ഇന്ധനവുമായി.
ലോക്‌സഭാതിരഞ്ഞെടുപ്പില്‍ കർണാടകത്തില്‍ വ്യാപകമായ വോട്ടുക്രമക്കേട് നടന്നെന്ന രാഹുലിന്റെ ആരോപണം ഭരണപരവും രാഷ്ട്രീയപരവുമായ ആരോപണങ്ങള്‍ നിറച്ച കുഴിബോംബാണ്. അത് രാഷ്ട്രീയമായി ബിജെപിയെയും ഭരണപരമായി തിരഞ്ഞെടുപ്പുകമ്മിഷനെയും ലക്ഷ്യമിടുന്നു. കർണാടകത്തിലെ ലോക്‌സഭാതിരഞ്ഞെടുപ്പിന്റെ കണക്കുകളാണ് രാഹുല്‍ പുറത്തുവിട്ടതെങ്കിലും, ബിജെപി വിജയിച്ച സമീപകാല തിരഞ്ഞെടുപ്പുകളിലേക്കും ആയുധമുന തിരിയുന്നുണ്ട്.
മഹാരാഷ്ട്രാ തിരഞ്ഞെടുപ്പിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷമാണ് രാഹുല്‍ ഗാന്ധി വോട്ടെടുപ്പ് ക്രമക്കേടിനുനേരേ ആരോപണപരമ്ബരകള്‍ക്ക് തുടക്കമിട്ടത്. തോറ്റുപോയ പാർട്ടികളുടെ പതിവുപല്ലവിയെന്ന മട്ടില്‍ രാഹുലിന്റെ വിമർശനങ്ങളെ ബിജെപി തള്ളിക്കളഞ്ഞു. എന്നാല്‍, ഇക്കുറി കർണാടക ജനവിധിയുടെ ഉള്ളടക്കം തെളിവുകള്‍നിരത്തി നടത്തിയ വിമർശനങ്ങളെ അവഗണിക്കാൻ എളുപ്പമല്ല. ജയിച്ച തിരഞ്ഞെടുപ്പുകളെക്കുറിച്ച് കോണ്‍ഗ്രസും രാഹുലും മിണ്ടുന്നില്ലെന്നും തോറ്റ തിരഞ്ഞെടുപ്പുകളെക്കുറിച്ചാണ് പരാതിയെന്നും പരിഹസിച്ച് ഒഴിവാക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടെങ്കിലും അതത്ര സുഗമമല്ല. സാങ്കേതികമായ കാര്യങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ മറുപടിപറയുമെന്നും പരാതിയുയർത്തി കോടതിയെ സമീപിക്കാൻ രാഹുലിന് ധൈര്യമുണ്ടോയെന്നും ബിജെപി വക്താവ് സാംബിത് പത്ര ചോദിച്ചത് താത്‌കാലികപിടിവള്ളിക്ക് അപ്പുറമല്ല.
മെഷീൻ റീഡബിള്‍ ഡേറ്റ തരാതെയും സിസിടിവി ദൃശ്യം നല്‍കാതെയും കമ്മിഷൻ കുറ്റകൃത്യങ്ങളില്‍ പങ്കാളിയായിരിക്കുകയാണെന്നും നീതിന്യായസംവിധാനം വിഷയത്തില്‍ ഇടപെടണമെന്നും പറഞ്ഞ രാഹുല്‍, എല്ലാവരും സ്നേഹിക്കുന്ന ജനാധിപത്യം ഇപ്പോള്‍ നിലവിലില്ലെന്നും ഖേദിക്കുന്നു. ഇത് ഭരണഘടനയോടും ദേശീയ പതാകയോടുംചെയ്യുന്ന കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാട്ടുന്നുമുണ്ട്. രാഷ്ട്രീയ വിചാരണയ്ക്ക് വഴിതുറക്കുന്ന ഈ പരാമർശങ്ങളോട് കോണ്‍ഗ്രസും പ്രതിപക്ഷപാർട്ടികളും വരും ദിവസങ്ങളില്‍ സ്വീകരിക്കുന്ന തുടർപ്രതികരണങ്ങളാണ് പ്രധാനം. അതേസമയം, ഈ ആരോപണങ്ങളുടെ തെളിവുകള്‍ ഹാജരാക്കാൻ കർണാടക തിരഞ്ഞെടുപ്പ് ഓഫീസ് രാഹുലിനോട് ആവശ്യപ്പെട്ടത് വരാനിരിക്കുന്ന നിയമവ്യവഹാരയുദ്ധങ്ങളിലേക്കുള്ള സൂചനയാണ്.
















