ബംഗളൂരുവിൽ Appolo Apex നഴ്സിംഗ് കോളേജിന്റെ മറവിൽ തട്ടിപ്പിന് ഇരയാക്കപ്പെടുന്നത് നൂറ് കണക്കിന് വിദ്യാർഥികൾ. 2024 – 25 അധ്യയന വർഷം കോളേജിന് അംഗീകാരം ഉണ്ടായിരുന്നു. എങ്കിലും 2025 – 2026 അധ്യയന വർഷത്തിൽ കർണാടക നഴ്സിംഗ് കൗൺസിലിൻ്റെ അംഗീകാരം ലഭിച്ച സ്ഥാപനങ്ങളുടെ പട്ടികയിൽ Appolo Apex ഇല്ല. ഇതുകൂടാതെ 2024 – 25 അധ്യായനവർഷത്തിൽ ഇവർക്ക് പ്രവർത്തന അനുമതി ഉണ്ടായിരുന്നത് ബാണശങ്കരിയിൽ ആണ്. എന്നാൽ ഈ കോളേജ് പ്രവർത്തിച്ചിരുന്നത് BTL എന്ന നഴ്സിംഗ് കോളേജിന്റെ ബൊമ്മസാന്ദ്രയിലുള്ള ക്യാമ്പസിൽ ആണ്.
കർണാടക രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാല കോളേജിന് അഫിലിയേഷൻ നൽകിയ ഉത്തരവിൽ അടക്കം ബാണശങ്കരി എന്നാണ് കോളേജ് അഡ്രസ്സ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇവിടെത്തന്നെയാണ് നഴ്സിംഗ് കൗൺസിലും പരിശോധന നടത്തിയത് എന്നാണ് രേഖകളിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. എന്നാൽ പരിശോധനകൾ അടക്കം തട്ടിപ്പാണ് എന്നതാണ് 38 കിലോമീറ്റർ അകലെയുള്ള ബൊമ്മ സാന്ദ്രയിൽ ഈ കോളേജ് പ്രവർത്തിക്കുന്നതിൽ നിന്ന് വ്യക്തമാക്കുന്നത്.
കർണാടക സർക്കാരിലെ പ്രമുഖനും ഉപമുഖ്യമന്ത്രിയും കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഡി.കെ ശിവകുമാറിന്റെ അടുത്ത ബന്ധുവും, എംഎൽഎ ഡോ. രംഗനാഥിന്റെ ഭാര്യയുമായ ഡോ. സുമ രംഗനാഥ് ആണ് BTL കോളേജിന്റെ ഉടമസ്ഥ എന്നാണ് പറയപ്പെടുന്നത്. 2024 – 25 അധ്യയന വർഷത്തിലെ Appolo Apex നഴ്സിംഗ് കോളേജിന്റെ പരസ്യങ്ങളിലും ഇവരുടെ പേരാണ് ചെയർമാനായി ചൂണ്ടിക്കാണിച്ചിട്ടുള്ളത്. അതിനാൽ തന്നെ രാഷ്ട്രീയ പിടിപാടുകളുടെയും ആനുകൂല്യങ്ങളുടെയും പിൻബലത്തിൽ ആണ് വിദ്യാർത്ഥികളെ ലക്ഷങ്ങൾ പറ്റിച്ചുള്ള ഈ തട്ടിപ്പ് നടക്കുന്നത് എന്ന് വേണം അനുമാനിക്കാൻ.
മലയാളികളായ അഡ്മിഷൻ ഏജന്റുമാരാണ് സമൂഹമാധ്യമങ്ങളിൽ അടക്കം അംഗീകാരമില്ലാത്ത കോളേജിനു വേണ്ടി വൻ പരസ്യങ്ങൾ നൽകി വിദ്യാർഥികളെ വലവീശി പിടിക്കുന്നത്. ഡി.കെ ശിവകുമാറിന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ഉള്ള സ്ഥാപനം എന്നും സുമാ രംഗനാഥിന്റെ കോളേജ് എന്നും എല്ലാം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് വിദ്യാർഥികളെ കെണിയിൽ പെടുത്തുന്നത്. ക്ലാസുകൾ ആരംഭിക്കുമ്പോൾ മാത്രമാണ് വിദ്യാർത്ഥികൾക്ക് പലപ്പോഴും പരിമിതമായ സൗകര്യങ്ങൾ മാത്രമേ ഇവിടെ തങ്ങൾക്ക് ലഭ്യമാകൂ എന്ന് തിരിച്ചറിവ് ഉണ്ടാകുന്നത്. എന്നാൽ അപ്പോഴേക്കും ലക്ഷങ്ങൾ ചെലവായി കഴിഞ്ഞിരിക്കും എന്നതാണ് യാഥാർത്ഥ്യം. നീതികേടിനും തട്ടിപ്പിനും എതിരെ പ്രതികരിക്കുന്നവരെ രാഷ്ട്രീയ പിൻബലത്തിന്റെയും ഗുണ്ടാ സ്വാധീനത്തിന്റെയും കരുത്തിൽ അടിച്ചമർത്തുന്നതാണ് ഏജന്റുമാരുടെ തന്ത്രം. ഇത്തരക്കാരുടെ വിശദാംശങ്ങൾ ഞങ്ങൾ ഉടൻ പുറത്ത് വിടുന്നതാണ്.

















