ഇന്ത്യയില്‍ നിയമവിരുദ്ധമാണെങ്കിലും വിദേശ രാജ്യങ്ങളിലൊക്കെ ജനിക്കാൻ പോകുന്നത് ആണ്‍ കുഞ്ഞാണോ പെണ്‍കുഞ്ഞാണോയെന്ന് അറിയാൻ സാധിക്കും.ഇതറിയുന്ന ദമ്ബതികള്‍ വിവരം തങ്ങളുടെ പ്രിയപ്പെട്ടവരെ അറിയിക്കുകയും ചെയ്യും. അത്തരത്തിലൊരു ജെൻഡർ റിവീല്‍ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്.
യുവാവും ഗർഭിണിയായ ഭാര്യയും മേശയ്ക്കരികില്‍ നില്‍ക്കുകയാണ്. മേശയില്‍ ഒരു പാമ്ബും ഉണ്ട്. യുവാവിന്റെ കൈയില്‍ പാമ്ബിനെ പിടികൂടുന്ന വടിയും കാണാം. തുടർന്ന് വിർപ്പിച്ചിരിക്കുന്ന കറുത്ത ബലൂണ്‍ കടിച്ചുപിടിച്ചുകൊണ്ട് മുഖം പാമ്ബിന്റെയടുത്തേക്ക് താഴ്ത്തി പ്രകോപിപ്പിക്കുകയാണ് യുവാവ്. പ്രകോപനം കൂടിയതോടെ പാമ്ബ് ബലൂണില്‍ കൊത്തി. ഇതോടെ ബലൂണ്‍ പൊട്ടിപ്പോകുന്നതും, അതില്‍ നിന്ന് പിങ്ക് നിറത്തിലുള്ള ചെറിയ കടലാസ് കഷ്ണങ്ങള്‍ പുറത്തേക്ക് തെറിക്കുന്നതും വീഡിയോയില്‍ കാണാം.
‘ഇത് നിങ്ങളാരും വീട്ടില്‍ പരീക്ഷിച്ചു നോക്കരുത്’ എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റഗ്രാമിലാണ് യുവാവ് വീഡിയോ പങ്കുവച്ചത്. വളരെപ്പെട്ടന്നുതന്നെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. രൂക്ഷവിമർശനമാണ് യുവാവിനെതിരെ ഉയരുന്നത്. ‘എന്തെങ്കിലും കുഴപ്പം സംഭവിച്ചാല്‍ എന്ത് ചെയ്യും? മരുന്ന് കൈയിലുണ്ടോ അല്ലെങ്കില്‍ വീടിന് പുറത്ത് ആംബുലൻസുണ്ടോ. ഈ മുന്നൊരുക്കങ്ങളൊന്നുമില്ലാതെയാണ് ഗർഭിണിയെ അടുത്തുനിർത്തി ഇക്കാര്യം ചെയ്തതെങ്കില്‍ നിങ്ങള്‍ മാതാപിതാക്കളാകാൻ യോഗ്യരല്ല’, ‘ലൈക്കുകള്‍ക്ക് വേണ്ടി ആ പാവം ജീവിയെ ദ്രോഹിച്ചു. ആ പാമ്ബ് നിങ്ങളുടെ മുഖത്ത് കടിച്ചിരുന്നെങ്കില്‍ എന്ന് ഞാൻ ആഗ്രഹിച്ചു’- എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

















