മുസ്ലിംലീഗ് പ്രവർത്തകർ വ്യാപകമായി ലഹരിക്കടത്തും സാമ്ബത്തികത്തട്ടിപ്പും നടത്തുകയാണെന്ന ആരോപണവുമായി കെ.ടി.ജലീല്‍ എംഎല്‍എ. ഇതിന് ലീഗ് സംസ്ഥാനനേതൃത്വം മറുപടി പറയണമെന്നും ജലീല്‍ മലപ്പുറത്ത് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സ്വന്തംവീട്ടില്‍ ഒരു ലഹരിക്കടത്തുകാരനുണ്ടെന്ന് നേരത്തേ അറിഞ്ഞിട്ടും പോലീസിനും എക്സൈസിനും ചൂണ്ടിക്കാണിച്ചുകൊടുക്കാൻ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് തയ്യാറായില്ല. സഹോദരൻ മയക്കുമരുന്നു കടത്തുകാരൻ ആണെന്നറിഞ്ഞിട്ടും മറച്ചുവെച്ചുവെന്നും ജലീല്‍ ആരോപിച്ചു. ഒരു വരുമാനവുമില്ലാത്ത ഫിറോസിന് കുന്നമംഗലത്ത് ഹൈവേക്ക് സമീപം കോടികള്‍ വിലമതിക്കുന്ന സ്ഥലത്ത് ഒരു കോടിരൂപയുടെ വീടുണ്ടാക്കാൻ പണമെങ്ങനെ ലഭിച്ചുവെന്ന് ലീഗ് അന്വേഷിച്ചോയെന്ന് ജലീല്‍ ചോദിച്ചു.
മുസ്ലിംലീഗ് ഒരു സാധാരണ രാഷ്ട്രീയപ്പാർട്ടിയല്ലെന്നാണ് അവർതന്നെ അവകാശപ്പെടുന്നത്. നൂറിലധികം മഹല്ലുകളുടെ ഖാസിയാണ് പാർട്ടി പ്രസിഡന്റ്. ലീഗില്‍നിന്ന് പോയാല്‍ ദീനില്‍നിന്നുപോയി എന്നാണ് അവരുടെ നിലപാട്. ഈ സാഹചര്യത്തില്‍ മതപരമായ കൂടുതല്‍ ഉത്തരവാദിത്വവും സൂക്ഷ്മതയും കാണിക്കേണ്ടവർ ലഹരിക്കടത്തിലും സാമ്ബത്തികത്തട്ടിപ്പിലുംപെടുന്നതിന് ലീഗ് നേതൃത്വം മറുപടി പറയണമെന്ന് ജലീല്‍ പറഞ്ഞു.
മംഗളൂരുവില്‍ 123 കിലോ കഞ്ചാവുമായി പിടിക്കപ്പെട്ടത് ലീഗിന്റെ ഉദുമ മണ്ഡലം നേതാവാണ്. മലപ്പുറത്ത് ജില്ലാപഞ്ചായത്തംഗം 25 കോടി രൂപയോളം തട്ടിപ്പു നടത്തി. യൂത്ത് ലീഗ് നടത്തിയ ധോത്തി ചലഞ്ചില്‍ 150 രൂപയുടെ തുണി നല്‍കിയാണ് കോടിക്കണക്കിന് രൂപ വെട്ടിച്ചത്. കത്വ-ഉന്നാവ ഫണ്ട് വെട്ടിപ്പും പുറത്തുവന്നു. സ്വന്തം പത്രത്തെപ്പോലും തട്ടിപ്പിനുപയോഗിച്ച പാർട്ടിയാണ് ലീഗ്. പാർട്ടി തുടങ്ങിവെച്ച സോഷ്യല്‍ സെക്യൂരിറ്റി സ്കീമിന്റെ ഇപ്പോഴത്തെ അവസ്ഥയെന്തെന്ന് വ്യക്തമാക്കണം.
മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവും വൈസ് പ്രസിഡന്റും സാമ്ബത്തികത്തട്ടിപ്പുകേസിലെ പ്രതികളാണ്. വയനാട് പുനരധിവാസത്തിന്റെ പേരില്‍ 40 കോടിരൂപയോളം പിരിച്ചിട്ടും ഒരു വീടുപോലും പൂർത്തിയാക്കാൻ ലീഗിനു കഴിഞ്ഞിട്ടില്ല. എല്ലാവരേയും ഉപദേശിക്കുന്ന മതസംഘടനകള്‍ എന്തുകൊണ്ടാണ് ഈ വിഷയങ്ങളില്‍ ലീഗിനെ ഉപദേശിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
പാണക്കാട് തങ്ങന്മാർ കച്ചവടങ്ങളുടെ അധ്യക്ഷരാകരുത്
കോടികള്‍ ഷെയറെടുത്ത് തുടങ്ങുന്ന തട്ടിപ്പുസംരംഭങ്ങളുടെ ചെയർമാൻസ്ഥാനത്ത് പാണക്കാട് തങ്ങൻമാർ ഇരിക്കരുതെന്ന് കെ.ടി. ജലീല്‍ എംഎല്‍എ ആവശ്യപ്പെട്ടു. ഇത്തരം സംരംഭങ്ങളില്‍ ചെയർമാനായി തങ്ങൻമാരെയാണ് വെക്കുന്നത്. അവർ ഇേതക്കുറിച്ചൊന്നും അറിയുന്നുമില്ല. തങ്ങൻമാരെ കാണിച്ചാണ് ഫണ്ട് പിരിക്കുന്നത്. പൂക്കോയത്തങ്ങളോ മുഹമ്മദലി ശിഹാബ് തങ്ങളോ, ഹൈദരലി ശിഹാബ് തങ്ങളോ ഒന്നും വ്യക്തികള്‍ രൂപവത്കരിക്കുന്ന ഇത്തരം സ്ഥാപനങ്ങളുടെ തലപ്പത്ത് ഇരുന്നിട്ടില്ലെന്നും ജലീല്‍ പറഞ്ഞു.

















