മികച്ച ഭക്ഷണം ജയിലിലല്ല സ്കൂള്‍ കുട്ടികള്‍ക്കാണ് നല്‍കേണ്ടതെന്ന് നടൻ കുഞ്ചാക്കോ ബോബൻ. തൃക്കാക്കര മണ്ഡലത്തിലെ സ്കൂള്‍ കുട്ടികള്‍ക്കായി ഉമാ തോമസ് എംഎല്‍എ തുടങ്ങിയ പ്രഭാതഭക്ഷണം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വിദ്യാലയങ്ങളില്‍ ലഭിക്കുന്നതിനേക്കാള്‍ നല്ല ഭക്ഷണം ഇപ്പോള്‍ ജയിലുകളില്‍ തടവുകാരാണ് കഴിക്കുന്നത്. അത് മാറ്റം വരേണ്ട വിഷയമാണ്.
കുറ്റവാളികളെ വളർത്താനല്ല, കുറ്റമറ്റവരെ സംരക്ഷിക്കാനാണ് സർക്കാർ മുൻഗണന നല്‍കേണ്ടത്. കുട്ടികള്‍ക്ക് പോഷകാഹാരമുള്ള പ്രഭാതഭക്ഷണം നല്‍കുന്ന ‘സുഭിക്ഷം തൃക്കാക്കര’ പദ്ധതി മാതൃകാപരമാണെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.
ഉമാ തോമസ് എംഎല്‍എ അധ്യക്ഷയായി. കളക്ടർ എൻ.എസ്.കെ. ഉമേഷ്, തൃക്കാക്കര നഗരസഭാ ചെയർപേഴ്സണ്‍ രാധാമണി പിള്ള, ബിപിസിഎല്‍ എക്സിക്യുട്ടീവ് ഡയറക്ടർ എം. ശങ്കർ, മാനേജിങ് ഡയറക്ടർ ജോർജ് തോമസ്, ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ സുബിൻ പോള്‍, ഡിവിഷൻ കൗണ്‍സിലർ പയസ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. കുട്ടികള്‍ക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ചാണ് കുഞ്ചാക്കോ ബോബൻ മടങ്ങിയത്.
7081 കുട്ടികള്‍ക്ക് ഭക്ഷണം
പദ്ധതിയിലൂടെ മണ്ഡലത്തിലെ 28 സർക്കാർ/ എയ്ഡഡ്, എല്‍പി, യുപി സ്കൂളുകളില്‍ പഠിക്കുന്ന എല്‍കെജി മുതല്‍ യുപി വരെയുള്ള 7081 കുട്ടികള്‍ക്കാണ് ഭക്ഷണം നല്‍കുന്നത്. ബിപിസിഎല്ലിന്റെ സഹായത്തോടെ 98 ലക്ഷം രൂപ ചെലവഴിച്ചാണ് 165 അധ്യയനദിനങ്ങളിലായി പദ്ധതി നടപ്പിലാക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു.

















