നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഇത്തവണ പ്രതീക്ഷിക്കുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. എം.എല്‍.എമാരുടെ എണ്ണത്തില്‍ പാർട്ടിയുടെ റെക്കോർഡ് ഇത്തവണ മറികടക്കുമെന്നും അദ്ദേഹം ന്യൂസ് 18-നോട് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ സമുദായിക ധ്രുവീകരണമല്ല മറിച്ച് സംസ്ഥാന സർക്കാരിനെതിരായ ശക്തമായ ജനവികാരമാണ് പ്രതിഫലിക്കുകയെന്നും ഇത് ലീഗിന് വലിയ മുൻതൂക്കം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലിം ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുന്നതിനെക്കുറിച്ച് പാർട്ടി നിലവില്‍ ആലോചിച്ചിട്ടില്ലെന്ന് സലാം വ്യക്തമാക്കി. എം.എല്‍.എമാരുടെ എണ്ണത്തിന് അനുസരിച്ചുള്ള മന്ത്രിസ്ഥാനങ്ങള്‍ പാർട്ടിക്ക് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചരിത്രത്തിലാദ്യമായി ഇത്തവണ രണ്ട് വനിതാ സ്ഥാനാർത്ഥികള്‍ ഉള്‍പ്പെടെ 27 പേരെയാണ് മുസ്‌ലിം ലീഗ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തിറക്കിയത്.
















