കാറില്‍ കടത്തിക്കൊണ്ടുവന്ന അരക്കിലോ എംഡിഎംഎയുമായി യുവതി ഉള്‍പ്പെടെ നാലുപേരെ അറസ്റ്റുചെയ്തു. ഒൻപത് ഗ്രാം ഹൈബ്രിഡ് കഞ്ചാവും ഇവരില്‍നിന്നു പിടികൂടി. സിറ്റി ഡാൻസാഫ് സംഘമാണ് ബൈപ്പാസിലെ കോവളം ജങ്ഷനില്‍ വെച്ച് ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി ഇവരെ പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. വട്ടിയൂർക്കാവ് ഐഎഎസ് കോളനിയില്‍ വാടകയ്ക്കു താമസിക്കുന്ന ശ്യാം(35), സുഹൃത്ത് രശ്മി(31), ആര്യനാട് കടുവാക്കുഴി കുരിശ്ശടിയില്‍ നൗഫല്‍ മൻസിലില്‍ മുഹമ്മദ് നൗഫല്‍(24), രാജാജിനഗർ ഫ്ളാറ്റ് നമ്ബർ 219ല്‍ താമസിക്കുന്ന സഞ്ജയ്(26) എന്നിവരാണ് അറസ്റ്റിലായത്.
യുവതിയുടെ കുട്ടികളും കാറിലുണ്ടായിരുന്നു. കുട്ടികളെയും സംഘത്തില്‍ ഉള്‍പ്പെടുത്തി ഉല്ലാസയാത്രയ്ക്കുപോയി മടങ്ങിവരുന്നുവെന്ന വ്യാജേനയാണ് സംഘമെത്തിയത്. കൊല്ലം ചാത്തന്നൂരില്‍നിന്ന് മൂന്നുമാസം മുൻപ് പണയത്തിനെടുത്ത കാറിലായിരുന്നു സംഘം മയക്കുമരുന്ന് കടത്തിയത്.
രണ്ടു ദിവസം മുൻപ് തിരുവനന്തപുരത്തുനിന്ന് ബസില്‍ ശ്യാമും രശ്മിയും കുട്ടികളും ബെംഗളൂരുവിലെത്തി. തുടർന്ന് മയക്കുമരുന്നുമായി ഇവർ തമിഴ്നാട്ടിലെ കാവല്ലൂരെത്തി. ശേഷം സുഹൃത്തുക്കളായ മുഹമ്മദ് നൗഫലിനും സഞ്ജയിനുമൊപ്പം കന്യാകുമാരിയിലെത്തി. കന്യാകുമാരിയില്‍നിന്ന് തീരദേശ റോഡുവഴിയെത്തുമ്ബോഴാണ് കോവളത്തുവെച്ച് പിടിയിലായത്. കാറില്‍ സംഘം മയക്കുമരുന്ന് കടത്തുന്നുവെന്ന രഹസ്യവിവരം ഡാൻസാഫ് സംഘത്തിനു ലഭിച്ചിരുന്നു.

















