വയനാട്: കഴിഞ്ഞ വർഷത്തെ പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതർക്കായി നിർമ്മിച്ചു നല്‍കുന്ന വീടുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച്, സർക്കാർ നിർമ്മിക്കുന്ന വീടുകളും, സന്നദ്ധ സംഘടനയായ നീതൂസ് അക്കാദമി നിർമ്മിച്ചു നല്‍കിയ വീടും തമ്മിലുള്ള താരതമ്യമാണ് ഇപ്പോള്‍ ചർച്ചാവിഷയം. ഈ രണ്ട് വീടുകളുടെയും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട്, നിർമ്മാണ ചെലവിലെ വലിയ അന്തരത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയർത്തുന്നത്, നീതൂസ് അക്കാദമിയുടെ വീട് നിർമ്മിച്ച കരാറുകാരൻ ഷാജിമോൻ ചൂരല്‍മലയാണ്.

ഷാജിമോൻ ചൂരല്‍മല തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഇങ്ങനെ കുറിച്ചു: “ദുരന്തബാധിതന് നീതൂസ് അക്കാദമി 15 ലക്ഷം രൂപ ചിലവില്‍ നിർമ്മിച്ചു നല്‍കിയ വീടാണ് ആദ്യത്തേത്! രണ്ടാമത്തേത് 30 ലക്ഷം രൂപ ചിലവില്‍ ദുരന്തബാധിതർക്ക് കേരള ഗവണ്‍മെൻ്റ് ടൗണ്‍ഷിപ്പില്‍ നിർമ്മിച്ചു നല്‍കുന്ന വീട്! ആദ്യത്തേത് ചെറിയൊരു നിർമ്മാണ കരാറുകാരൻ ആയ ഈയുള്ളവൻ ആണ് നിർമ്മിച്ചത്! രണ്ടാമത്തേത് വിശ്വപ്രസിദ്ധ കണ്‍സ്ട്രക്ഷൻ കമ്ബനി ആയ ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും…..”
ഇദ്ദേഹം പങ്കുവെച്ച ചിത്രങ്ങളില്‍, മനോഹരമായ രൂപകല്‍പ്പനയും മികച്ച സൗകര്യങ്ങളുമുള്ള നീതൂസ് അക്കാദമി നിർമ്മിച്ച വീടിന് 15 ലക്ഷം രൂപ മാത്രമാണ് ചെലവായതെന്ന് പറയുന്നു.എന്നാല്‍, സർക്കാർ ടൗണ്‍ഷിപ്പില്‍ ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിർമ്മിച്ചു നല്‍കുന്ന വീടുകള്‍ക്ക് 30 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. ചിത്രങ്ങള്‍ താരതമ്യം ചെയ്യുമ്ബോള്‍, ചെലവിലെ ഈ വലിയ വ്യത്യാസം സ്വാഭാവികമായും ചോദ്യങ്ങള്‍ ഉയർത്തുന്നുണ്ട്.
ദുരന്തബാധിതർക്ക് വീടുകള്‍ നിർമ്മിച്ചു നല്‍കുന്നതില്‍ സർക്കാരിന്റെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുന്നില്ലെങ്കിലും, നിർമ്മാണ ചെലവിലെ ഈ വലിയ വ്യത്യാസം പൊതുജനങ്ങളില്‍ ആശങ്കയും സംശയങ്ങളും ഉണർത്തിയിട്ടുണ്ട്. കൂടുതല്‍ വിശദീകരണങ്ങളോ ഔദ്യോഗിക പ്രതികരണങ്ങളോ ഈ വിഷയത്തില്‍ ഇതുവരെ ലഭ്യമല്ല. ഈ വിഷയത്തില്‍ സർക്കാരിന്റെ ഭാഗത്തുനിന്നും ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഭാഗത്തുനിന്നും വിശദീകരണങ്ങള്‍ ഉണ്ടാകുമോ എന്ന് ഉറ്റുനോക്കുകയാണ് പൊതുസമൂഹം.

















