സോഷ്യല്‍ മീഡിയയിലെ സൈബർ ബുള്ളിയിങ് ഇക്കാലത്ത് സമൂഹത്തിന് പരിചിതമല്ലാത്ത ഒന്നല്ല. ഒരു വിഷയം വന്നാല്‍ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും കക്ഷിരാഷ്ട്രിയ, വ്യക്തി ഭേദമെന്യേ സൈബർ ഹാൻഡിലുകള്‍ പടച്ചുവിടുന്ന പോസ്റ്റുകളും, കുറിപ്പുകളും അസഹനീയമാണ്. സോഷ്യല്‍ മീഡിയ ഉള്ളടത്തോളം കാലം ഇത് തുടരും എന്നാണ് മൈക്രോ പോപ്പുലേഷൻ ഉയർത്തുന്ന വാദം.
കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയ സൈബർ കടന്നലുകള്‍ രണ്ട് യുവ വനിതകള്‍ക്ക് പുറകെയാണ്. ഒന്നാമത്തേത് മുൻ എംഎല്‍എ ആയ സുരേഷ് കുറുപ്പിന്റെ മാതൃഭൂമി ദിനപത്രത്തില്‍ വന്ന വിഎസിനോടുള്ള പൊളിറ്റിക്കല്‍ പണിഷ്മെന്റ് പരാമർശത്തിനെതിരെയാണ്. 2015ലെ സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ വിഎസിന്റെ കൊച്ചുമക്കളുടെ പ്രായമുള്ള ഒരു യുവ വനിതാ നേതാവ് വിഎസിനെ ക്യാപിറ്റല്‍ പണിഷ്മെന്റ് വിധിക്കണം എന്ന് പറഞ്ഞതായി സുരേഷ് കുറുപ്പിന്റെ വാക്കുകളെ തപ്പി ഇറങ്ങിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. യുവനേതാവായ ചിന്താ ജെറോമിനെതിരെ ആദ്യ ഘട്ടത്തില്‍ ചർച്ചകള്‍ ഉയർന്നിരുന്നു. എന്നാല്‍ അത്തരം ഒരു പരാമർശം സമ്മേളനത്തില്‍ നടന്നിട്ടില്ലെന്നും ക്യാപ്പിറ്റല്‍ പണിഷ്മെന്റ് എന്ന പദം മാധ്യമസൃഷ്ടി ആണെന്നും പറഞ്ഞുകൊണ്ട് ചിന്ത രംഗത്ത് എത്തി.
എന്നാല്‍ ചിന്തയുടെ സ്റ്റേറ്റ്മെന്റിനെ തള്ളിക്കൊണ്ട് അക്കാലത്ത് എസ്‌എഫ്‌ഐയിലും ഡിവൈഎഫ്‌ഐ യിലും പ്രവർത്തിച്ചിരുന്ന വനിതാ നേതാക്കളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അരിച്ചു പറക്കുകയാണ് മുഖമില്ലാത്ത ഹാൻഡിലുകള്‍. അക്കാലത്ത് പ്രവർത്തിച്ചിരുന്നതും പിന്നെ സംഘടനാ പ്രവർത്തനം നിർത്തി പോയി കുടുംബമായി ജീവിക്കുന്നവരെയും ഇപ്പോള്‍ സർക്കാർ സർവീസില്‍ ഉള്ളവരെയും തിരഞ്ഞു ഇറക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ ചില പേജുകള്‍. കടുത്ത അസഭ്യ വർഷവും കേട്ടാല്‍ അറയ്ക്കുന്ന കമന്റുകള്‍ കൊണ്ട് മൂടുകയാണ് പലരുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍.
രണ്ടാമതായി കേരളത്തിലെ ഒരു യുവ രാഷ്ട്രീയ നേതാവ് മുഖ്യധാരാ മാധ്യമത്തിലെ ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും നിർബന്ധിച്ചു ഗർഭചിദ്രം നടത്തിയെന്നുമുള്ള വാട്ട്സ് ആപ്പ്, ഫെയ്സ് ബുക്ക് വാർത്തയാണ്. താല്‍ക്കാലികമായി ഉണ്ടാക്കിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും പേരും മുഖവും ഇല്ലാത്ത മറക്കുള്ളില്‍ ഇരുന്ന് ചരട് വലിക്കുന്ന പേജുകളില്‍ നിന്ന് പ്രത്യക്ഷപ്പെടുന്നത്. ഒരു മുഖ്യധാരാ മാധ്യമത്തിലെ എഡിറ്റോറിയല്‍ പദവിയിലിരിക്കുന്ന വനിത കേരളത്തിലെ ഒരു മുതിർന്ന നേതാവുമായി ചേർന്ന് യുവ നേതാവിന്റെ ഈ പ്രശ്നം ഒതുക്കി തീർക്കാൻ ശ്രമിച്ചുവെന്ന് തെളിവുകളോ, കേസോ ഇല്ലാതെ പടച്ചുവിടുകയാണ്.
അതിലും സോഷ്യല്‍ മീഡിയ ഹാൻഡിലുകള്‍ക്ക് അറിയേണ്ടത് നേതാവിനെയോ രാഷ്ട്രീയ പാർട്ടിയെയോ പറ്റി അല്ല. പീഡനത്തിന് ഇരയായെന്ന് അവർ തന്നെ പടച്ചുവിട്ട പോസ്റ്റുകളിലെ പെണ്‍കുട്ടിയെ പറ്റിയാണ്. പല യുവ വനിതാ മാധ്യമപ്രവർത്തകരെയും ചേർത്തുകൊണ്ടുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയ വാളുകളില്‍ നിറയുകയാണ്.
കേരളത്തിലെ പല മുതിർന്ന വനിതാ മാധ്യമപ്രവർത്തകരുടെ പേരും വീഡിയോയും ഉപയോഗിചുള്ള സൈബർ ബുള്ളിയിങ്ങും സോഷ്യല്‍ മീഡിയയില്‍ കൊഴുക്കുകയാണ്. ഇതിനെതിരെ പലരും രൂക്ഷമായി ഭാഷയില്‍ പ്രതികരിച്ചുകൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്. കേസോ, ഇരയുടെ തുറന്നുപറച്ചിലോ ഇല്ലാതെ അഭ്യൂഹങ്ങളില്‍ വേട്ടയാടപ്പെടുന്ന വനിതാ മാധ്യമപ്രവർത്തകരും, പേര് പരാമർശിക്കുന്ന മുഖ്യധാര മാധ്യമവും നിയമപരമായ നടപടികളിലേക്ക് കടക്കുകയാണ്.

















