പെറ്റിക്കേസ് പിഴയില്‍ തട്ടിപ്പ് നടത്തിയതിനെ തുടർന്ന് വനിത പൊലീസുകാരിക്കെതിരെ കേസ്. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലാണ് സംഭവം. സീനിയർ സിവില്‍ പൊലീസ് ഓഫീസറായ ശാന്തി കൃഷ്ണനാണ് തട്ടിപ്പ് നടത്തിയത്. ബാങ്ക് രസീതിലും ക്യാഷ് ബുക്കിലും കൃത്രിമം നടത്തിയായിരുന്നു തട്ടിപ്പ്. നാല് വര്‍ഷം കൊണ്ട് 16 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.
ശാന്തി കൃഷ്ണനെ എറണാകുളം റൂറല്‍ എസ്പി സസ്‌പെന്‍ഡ് ചെയ്തു. തട്ടിപ്പിലൂടെ 16,76,650 രൂപ പെറ്റിതുകയില്‍ നിന്നും ഇവർ തട്ടിയെടുത്തതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. രസീതിലും രജിസ്റ്ററിലുമുള്‍പ്പെടെ തിരിമറി നടത്തിയാണ് ഇത്രയും വലിയ തുക തട്ടിയത്. ഇവർ മൂവാറ്റുപുഴ ട്രാഫിക് എൻഫോഴ്സ്മെൻ്റില്‍ റൈറ്ററായിരുന്ന 2018 മുതല്‍ 2022 വരെയുളള വർഷങ്ങളിലാണ് സംഭവം.
ഡിഐജി ഓഫീസില്‍ നിന്ന് സാധാരണ രീതിയില്‍ നടക്കുന്ന ഓഡിറ്റ് നടന്നപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. ട്രാഫിക് കേസുകളില്‍ പോലീസുദ്യോഗസ്ഥർ പിഴയായി ഈടാക്കുന്ന തുക അതത് ദിവസം റൈറ്ററെ ഏല്‍പ്പിക്കുകയാണ് ഇ പോസ് യന്ത്രം വരുന്നതിനു മുൻപ് ചെയ്തിരുന്നത്. ഈ തുകയുടെ കണക്കുകള്‍ പോലീസ് സ്റ്റേഷനിലെ അക്കൗണ്ടുകളിലും രജിസ്റ്ററിലും ചേർത്ത ശേഷം ചെലാനെഴുതി ബാങ്കില്‍ അടയ്ക്കുന്നത് ചുമതലയിലുള്ള റൈറ്ററാണ്. രസീതുകളിലും രജിസ്റ്ററുകളിലും യഥാർഥ തുകയെഴുതുകയും ചെലാനില്‍ കുറഞ്ഞ തുക രേഖപ്പെടുത്തി ബാങ്കില്‍ അടയ്ക്കുകയും ചെയ്ത ഇവർ പണമടച്ചശേഷം ബാങ്ക് രസീതില്‍ ബാക്കി ഭാഗം എഴുതിച്ചേർക്കുകയായിരുന്നു എന്നാണ് കണ്ടെത്തല്‍.
പലപ്പോഴും ഇരട്ട അക്കങ്ങള്‍ വരുന്ന ഘട്ടത്തില്‍ ആദ്യ അക്കം ഒഴിവാക്കി ബാങ്കില്‍ അടയ്ക്കും. അടച്ച ശേഷം അക്കം എഴുതിച്ചേർക്കും. പല തവണയായാണ് ഇത്രയും തുകയുടെ ക്രമക്കേട് നടത്തിയിരിക്കുന്നത്. ഇവർ സ്ഥലം മാറിപ്പോയതിന് പിന്നാലെയാണ് ഓഡിറ്റ് നടക്കുന്നതും തട്ടിപ്പ് വിവരം പുറത്തറിഞ്ഞതും.

















