രാജസ്ഥാനിലെ ചുരുവില്‍ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു. അപകടത്തില്‍ വിമാനത്തിൻ്റെ പൈലറ്റ് മരിച്ചതായി സ്ഥിരീകരിച്ചു. ചുരു ജില്ലയിലെ ഭാനുഡ ഗ്രാമത്തില്‍ ബുധനാഴ്ച രാവിലെയാണ് ഇന്ത്യൻ എയർ ഫോഴ്‌സിന്റെ യുദ്ധ വിമാനം തകർന്നു വീണ ദാരുണമായ സംഭവം നടന്നത്. പ്രദേശവാസികള്‍ നല്‍കുന്ന വിവരമനുസരിച്ച്, ആകാശത്ത് വലിയ ശബ്ദം കേട്ടതിന് പിന്നാലെ പാടത്ത് നിന്ന് തീയും കറുത്ത പുകയും ഉയരുന്നത് കാണുകയായിരുന്നു.
വിവരമറിഞ്ഞയുടൻ പോലീസ്, സൈനിക ഉദ്യോഗസ്ഥർ, ഭരണകൂടം, രക്ഷാപ്രവർത്തന സംഘങ്ങള്‍ എന്നിവർ സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി. അപകടത്തില്‍ വിമാനം പൂർണ്ണമായി തകർന്ന് തരിപ്പണമായിരുന്നു. വിമാനത്തിൻ്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് പൈലറ്റിൻ്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാനുള്ള നടപടികള്‍ സൈന്യവും പ്രാദേശിക ഭരണകൂടവും ചേർന്ന് നടത്തുകയാണ്.
വിമാനം തകർന്നെന്ന വാർത്ത പരന്നതോടെ ഭാനുഡ ഗ്രാമത്തിലും രത്തൻഗഢ് മേഖലയിലും പരിഭ്രാന്തി പരന്നു. ജില്ലാ കളക്ടർ അഭിഷേക് സുരാനയും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി. സ്ഥിതിഗതികള്‍ വിലയിരുത്തി.വിമാനം തകർന്നതിനെ തുടർന്ന് പാടങ്ങളില്‍ തീപിടിത്തമുണ്ടായെന്നും, ഇത് അണയ്ക്കാൻ ഗ്രാമവാസികള്‍ സ്വയം ശ്രമിച്ചുവെന്നും നാട്ടുകാർ പറഞ്ഞു. അപകടത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താൻ സൈന്യം വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

















