ഭർത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും വാടകക്കൊലയാളിയും അറസ്റ്റില്‍. രാജസ്ഥാനിലെ ആല്‍വാർ സ്വദേശി വീരു എന്ന മാൻസിങ് ജാദവിനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് ഭാര്യ അനിത, അനിതയുടെ കാമുകൻ കാശിറാം പ്രജാപത്, വാടക കൊലയാളികളില്‍ ഒരാളായ ബ്രിജേഷ് ജാദവ് എന്നിവരെ പോലീസ് പിടികൂടിയത്. സംഭവത്തില്‍ വാടകക്കൊലയാളികളായ മൂന്നുപേർകൂടി ഇനി പിടിയിലാകാനുണ്ടെന്നും ഇവർക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

ജൂണ്‍ ഏഴാം തീയതി രാത്രി ആല്‍വാർ ഖേർലിയിലെ സ്വന്തം വീട്ടില്‍വെച്ചാണ് വീരു കൊല്ലപ്പെട്ടത്. സംഭവം സാധാരണമരണമായി ചിത്രീകരിക്കാനായിരുന്നു ഭാര്യയുടെ ശ്രമം. എന്നാല്‍, എല്ലാം നേരില്‍ക്കണ്ട ദമ്ബതിമാരുടെ ഒൻപതുവയസ്സുള്ള മകന്റെ മൊഴിയാണ് കേസില്‍ നിർണായകമായത്. അച്ഛനെ കൊല്ലുന്നതും അമ്മ ഇത് നോക്കിനില്‍ക്കുന്നതും താൻ കണ്ടുവെന്നായിരുന്നു സംഭവത്തിന് രണ്ടുദിവസത്തിന് ശേഷം ഒൻപതുവയസ്സുകാരൻ വെളിപ്പെടുത്തിയത്. ഇതിനൊപ്പം പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പ്രതികളുടെ ഫോണ്‍വിളി വിവരങ്ങളും പോലീസ് തെളിവായി ശേഖരിച്ചിരുന്നു. തുടർന്നാണ് അനിത ഉള്‍പ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കടയിലെ പരിചയം പ്രണയത്തിലെത്തി:

അനിതയും കാശിറാമും തമ്മിലുള്ള ബന്ധത്തിന് വീരു എതിരാകുമെന്ന് കണ്ടതോടെയാണ് പ്രതികള്‍ കൊലപാതകം ആസൂത്രണംചെയ്തതെന്ന് പോലീസ് പറഞ്ഞു. ആഴ്ചകള്‍ക്ക് മുമ്ബേ ഇതിനുള്ള ആസൂത്രണം ആരംഭിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി.ആല്‍വാറിലെ ഖേർലിയില്‍ ചെറിയ പലചരക്കുകട നടത്തുകയാണ് അനിത. കാമുകനായ കാശിറാം പ്രദേശത്തെ തട്ടുകടക്കാരനാണ്. അനിതയുടെ കടയില്‍ ഇയാള്‍ വരുന്നത് പതിവായിരുന്നു. ഈ പരിചയമാണ് ഇരുവരും തമ്മിലുള്ള പ്രണയത്തിലേക്കെത്തിയത്. തുടർന്ന് ഒരുമിച്ച്‌ ജീവിക്കാനായി അനിതയുടെ ഭർത്താവിനെ കൊലപ്പെടുത്താൻ രണ്ടുപേരും തീരുമാനിച്ചു. കൃത്യം നടത്താനായി രണ്ടുലക്ഷം രൂപയ്ക്ക് നാലംഗ ക്വട്ടേഷൻ സംഘത്തെയും കണ്ടെത്തി. സംഭവദിവസം രാത്രി മുൻകൂട്ടി തീരുമാനിച്ചതുപോലെ അനിത വീടിന്റെ പ്രധാനവാതിലും ഗേറ്റും തുറന്നിട്ടു. രാത്രിയോടെ കാശിറാം ക്വട്ടേഷൻ സംഘവും ബൈക്കുകളില്‍ സ്ഥലത്തെത്തി.

തുടർന്ന് കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന വീരുവിനെ ആക്രമിക്കുകയും ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു.വീട്ടില്‍വെച്ച്‌ വീരു കുഴഞ്ഞുവീണ് മരിച്ചെന്നാണ് അനിത ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്നാല്‍, മരിച്ചയാളുടെ ശരീരത്തിലെ പരിക്കും പല്ലുകള്‍ പൊട്ടിയതും സംശയത്തിനിടയാക്കി. ഇതോടെ വീരുവിന്റെ സഹോദരൻ ഗബ്ബാർ ജാദവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

എല്ലാം നേരിട്ടുകണ്ട് മകൻ

കൊലപാതകത്തിന് ദൃക്സാക്ഷിയായ വീരു-അനിത ദമ്ബതിമാരുടെ ഒൻപതുവയസ്സുള്ള മകന്റെ മൊഴിയാണ് കേസില്‍ സുപ്രധാന വഴിത്തിരിവായത്. കാശിറാമും മറ്റുള്ളവരും അച്ഛനെ കൊലപ്പെടുത്തുന്നതെന്നും ഇതെല്ലാം അമ്മ നോക്കിനില്‍ക്കുന്നതും അതേ കിടപ്പുമുറിയില്‍ കിടക്കുകയായിരുന്ന താൻ നേരിട്ടുകണ്ടെന്നായിരുന്നു കുട്ടിയുടെ മൊഴി. കൊലയാളികള്‍ മുറിയില്‍ കയറിയത് കണ്ടിട്ടും താൻ ഉറക്കംനടിച്ച്‌ കിടക്കുകയായിരുന്നുവെന്നും സംഭവം നേരിട്ടുകണ്ടെന്നും അച്ഛന്റെ സമീപത്തായി കിടന്നിരുന്ന കുട്ടി വെളിപ്പെടുത്തി.

”ഉറങ്ങുകയായിരുന്ന ഞാൻ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടാണ് ഉണർന്നത്. എഴുന്നേറ്റ് നോക്കിയപ്പോള്‍ അമ്മ ഗേറ്റ് തുറന്നിടുന്നത് കണ്ടു. കാശി അങ്കിളും ഒപ്പം മറ്റുനാലുപേരും പുറത്തുണ്ടായിരുന്നു. ഭയം തോന്നിയതിനാല്‍ ഞാൻ അവിടെതന്നെ ഉറക്കംനടിച്ച്‌ കിടന്നു. പക്ഷേ, എല്ലാം ഞാൻ കണ്ടിരുന്നു. അവർ ഞങ്ങളുടെ മുറിയിലേക്കെത്തി. ഞാൻ നോക്കിയപ്പോള്‍ കട്ടിലിന്റെ മുന്നിലായി അമ്മ നില്‍ക്കുകയായിരുന്നു. ബാക്കിയുള്ളവർ അപ്പോള്‍ അച്ഛനെ അടിച്ചു. കാല്‍ പിടിച്ച്‌ തിരിക്കുകയും ശ്വാസംമുട്ടിക്കുകയുംചെയ്തു. കാശി അങ്കിളാണ് തലയണകൊണ്ട് അച്ഛന്റെ മുഖത്ത് അമർത്തിയത്. അതോടെ ഞാൻ അച്ഛനടുത്തേക്ക് ഓടിയെത്തി. അപ്പോള്‍ കാശി അങ്കിള്‍ എന്നെ മാറ്റിനിർത്തുകയും ഭീഷണിപ്പെടുത്തുകയുംചെയ്തു. ഭയന്നുപോയ എനിക്ക് ഒന്നും മിണ്ടാനായില്ല. ഏതാനും മിനിറ്റുകള്‍ക്ക് ശേഷം അച്ഛൻ മരിച്ചു. പിന്നാലെ എല്ലാവരും വീട്ടില്‍നിന്ന് പോയി” ഒൻപതുവയസ്സുകാരൻ പോലീസിനോട് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക