ബസ് കാത്തിരുന്ന സ്കൂള്‍ ടീച്ചറെ നടു റോഡില്‍ കുത്തിക്കൊന്ന് യുവാവ്. രാജസ്ഥാനിലെ ബൻസ്വാര ജില്ലയിലെ കലിഞ്ജരയിലായിരുന്നു നടുക്കുന്ന സംഭവം. ഇന്ന് രാവിലെ നടന്ന കൊലപാതകത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. മുൻ കാമുകനാണ് യുവതിയെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്നാണ് സൂചന. ബസ് സ്റ്റാൻഡില്‍ ഇരുന്ന യുവതിക്ക് മുന്നില്‍ കാർ നിർത്തിയ പ്രതി കൊടുവാളുമായെത്തി യുവതിയെ കുത്തി വീഴ്‌ത്തുകയായിരുന്നു. രാവിലെ 10.30-നായിരുന്നു സംഭവം.
ലീല താബിയാർ എന്ന 36-കാരിയാണ് കൊല്ലപ്പെട്ടത്. ഛായ മഹൂരി ഗവണ്‍മെൻ്റ് സീനിയർ സെക്കൻഡറി സ്കൂളിലെ രണ്ടാം ഡിഗ്രി സംസ്കൃതം അദ്ധ്യാപികയായിരുന്നു ലീല. മഹിപാല്‍ ഭാഘോരയാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ ഒരു ആള്‍ട്ടോ കാറിലാണ് സ്ഥലത്തെത്തിയത്. ഡോർ തുറന്ന് കൊടുവാളുമായെത്തി, ഒന്നും സംസാരിക്കാതെ യുവതിയെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. യുവതിയുടെ വയറിനാണ് പരിക്കേറ്റത്.
സ്ഥലത്ത് നിന്ന് കാറുമായി രക്ഷപ്പെട്ട പ്രതി തൊട്ടപ്പുറത്തെ ജംഗ്ഷനില്‍ അപകടത്തില്‍പെട്ടു. കാർ മരത്തിലിടിച്ചു കയറിയതിന് പിന്നാലെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. കലിഞ്ജര പൊലീസാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഇവരുടെ മരണം ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊർജിതമാക്കി.സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. കാറും കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി.

















