കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണു രോഗിയുടെ കൂട്ടിരിപ്പുകാരിയായ അമ്മ മരിച്ച സംഭവത്തിൽ ഭരണ പ്രതിപക്ഷ ഭേദമില്ലാതെ പ്രദേശത്തെ ഒട്ടുമിക്ക നേതാക്കളും സാന്നിധ്യം അറിയിച്ചിരുന്നു. മന്ത്രിമാരായ വി എൻ വാസവൻ, വീണ ജോർജ് എന്നിവർ ഭരണപക്ഷത്തു നിന്ന് സംഭവസ്ഥലത്ത് മണിക്കൂറുകൾ സാന്നിധ്യം അറിയിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും അപകടം നടന്ന സമയത്ത് ആശുപത്രി സന്ദർശിച്ചു. പ്രതിപക്ഷനേരയിൽ നിന്ന് മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ചാണ്ടി ഉമ്മൻ എംഎൽഎ, ഘടകകക്ഷി നേതാക്കളും എംഎൽഎമാരുമായ മോൻസ് ജോസഫ്, മാണി സി കാപ്പൻ, കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ് എന്നിവരും സംഭവ സ്ഥലത്ത് തമ്പടിച്ചിരുന്നു. ഇരയായ ബിന്ദുവിന്റെ സംസ്കാര ചടങ്ങുകളിലും പ്രധാന നേതാക്കൾ പങ്കെടുത്തു. ബിന്ദുവിന്റെ കുടുംബത്തിന് ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ പേരിൽ സഹായമായി 5 ലക്ഷം രൂപ പ്രഖ്യാപിക്കുകയും ആദ്യഗഡുവായ ഒരു ലക്ഷം രൂപ ചാണ്ടി ഉമ്മൻ നേരിട്ട് എത്തി കൈമാറുകയും ചെയ്തു.

എന്നാൽ കോട്ടയം ജില്ലയിൽ തന്നെ ഉണ്ടായിരുന്നിട്ടും കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണിയും പാർട്ടിയുടെ വൈസ് ചെയർമാനും കോട്ടയത്തിന്റെ മുൻ എംപിയും രണ്ടു പതിറ്റാണ്ടുകാലം മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്ന ഏറ്റുമാനൂർ പ്രദേശത്തെ എംഎൽഎയും ആയ തോമസ് ചാഴികാടനും സംഭവസ്ഥലത്തേക്ക് തിരിഞ്ഞു നോക്കിയില്ല. ജോസ് കെ മാണിയും കോട്ടയം മെഡിക്കൽ കോളേജ് ഇരിക്കുന്ന കോട്ടയം പാർലമെന്റ് മണ്ഡലത്തെ 9 വർഷക്കാലം ലോക്സഭയിൽ പ്രതിനിധീകരിച്ച് എംപിയാണ്. അന്നേദിവസം തന്നെ ജോസ് കെ മാണി പാലാ ജനറൽ ഹോസ്പിറ്റലിൽ മന്ത്രി വീണാ ജോർജ്ജും എംഎൽഎ മാണി സി കാപ്പനും ദുരന്തമുഖത്ത് ആയതിനാൽ ഒഴിവാക്കിയ പരിപാടിയുടെ ഉദ്ഘാടകനായി പ്രത്യക്ഷപ്പെടുകയും ചെയ്തു. തുടർന്ന് കുറവലിങ്ങാട് സയൻസ് സിറ്റിയുടെ ഉദ്ഘാടന വേദിയിലും അദ്ദേഹത്തിൻറെ നിറസാന്നിധ്യം ഉണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാഷ്ട്രീയ ചുവട് മാറ്റത്തിനുള്ള മുന്നൊരുക്കമോ?

ജോസ് കെ മാണി തന്നെ പരസ്യമായി പലവട്ടം നിഷേധിച്ചിട്ടുണ്ടെങ്കിലും കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ഇടതുമുന്നണിയിൽ നിന്ന് യുഡിഎഫിലേക്ക് ചുവടു മാറും എന്ന അഭ്യൂഹങ്ങൾ സജീവമാണ്. അതിനാൽ സർക്കാരിനെ ന്യായീകരിക്കാൻ താല്പര്യമില്ലാത്തത് കൊണ്ടാണോ മെഡിക്കൽ കോളേജിലെ ദുരന്തമുഖത്ത് നേതാക്കൾ എത്താതിരുന്നത് എന്ന സംശയം സജീവമാകുന്നുണ്ട്. ഇതിന് പിന്നാലെ തന്നെ വന്യജീവി ആക്രമണം ചർച്ച ചെയ്യുവാൻ പ്രത്യേകം നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ജോസ് കെ മാണി പരസ്യമായി ആവശ്യപ്പെട്ടതും സംഭവം വാർത്തയാക്കിയതും ഇടതുമുന്നണിയുടെ സംശയങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. മുന്നണി യോഗത്തിൽ പറയേണ്ട ആവശ്യം പുറത്തുപറഞ്ഞു വാർത്തയാക്കിയതും ഇതിന് മുഖ്യമന്ത്രി കേരളത്തിൽ ഇല്ലാത്ത സമയം തെരഞ്ഞെടുത്തതും യാദൃശ്ചികം അല്ല എന്ന വിലയിരുത്തലാണ് സിപിഎം നേതൃത്വത്തിനും ഉള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക