മംഗളൂരുവില്‍ കോളേജ് വിദ്യാർത്ഥിയായ പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ മുങ്ങി ആരോപണ വിധേയനായ ബിജെപി നേതാവിന്റെ മകൻ. ബിജെപി നേതാവ് പി ജി ജഗന്നിവാസ റാവുവിന്റെ മകൻ കൃഷ്ണ ജെ റാവു ആണ് ഒളിവില്‍ പോയത്. മകളെ വിവാഹ വാഗ്ദാനം നല്‍കി കൃഷ്ണ ജെ റാവു ലൈംഗികമായി ചൂഷണം ചെയ്തതായി ആരോപിച്ച് യുവതിയുടെ അമ്മ രംഗത്തെത്തിയിരുന്നു.
ഇക്കഴിഞ്ഞ ദിവസമായിരുന്നു പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. ഇതിന് പിന്നാലെ ആരോപണ വിധേയനായ ബിജെപി നേതാവിന്റെ മകൻ കൃഷ്ണ ജെ റാവുവിനെതിരെ യുവതിയും കുടുംബവും രംഗത്തെത്തി. വാർത്താസമ്മേളനം വിളിച്ചായിരുന്നു ഇവരുടെ പ്രതികരണം. വിദ്യാർത്ഥിനിയായ തന്റെ മകള്‍ക്ക് ഹൈസ്കൂള്‍ കാലം മുതല്‍ കൃഷ്ണയുമായി ബന്ധമുണ്ടായിരുന്നുവെന്ന് അമ്മ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
കൃഷ്ണ റാവു മകളെ വിവാഹം കഴിക്കുമെന്ന് ഉറപ്പ് നല്‍കിയെന്നും എന്നാല്‍ മകള്‍ ഗർഭിണിയായതോടെ മുങ്ങിയെന്നും അമ്മ പറഞ്ഞു. ഏഴാം മാസത്തിലാണ് കുടുംബം പെണ്‍കുട്ടി ഗർഭിണിയാണെന്ന് അറിയുന്നത്. പിന്നാലെയാണ് കൃഷ്ണ റാവുവിന്റെ അച്ഛനും ബിജെപി നേതാവുമായ പി ജി ജഗന്നിവാസ റാവുവിനെ കുടുംബം സമീപിക്കുന്നത്. അന്ന് ഇരുവരുടെയും വിവാഹം നടത്താമെന്ന് പി ജി ജഗന്നിവാസ റാവു ഉറപ്പ് നല്‍കിയെങ്കിലും പിന്നീട് വിവാഹം കഴിക്കാൻ നിർബന്ധിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് അമ്മ പറഞ്ഞു. ജാതിയും കുടുംബ പശ്ചാത്തലവുമാണ് വിവാഹത്തെ എതിർക്കാനുള്ള കാരണമെന്നും കുടുംബം അറിയിച്ചു.
ഇതിന് പിന്നാലെയാണ് സംഭവത്തില്‍ പരാതിയുമായി പുത്തൂർ വനിതാ പൊലീസ് സ്റ്റേഷനെ യുവതിയും കുടുംബവും സമീപിച്ചത്. അവിടെ വെച്ച് പിജി ജഗന്നിവാസ റാവു എംഎല്‍എ അശോക് കുമാർ റായിയെ ഫോണില്‍ ബന്ധപ്പെടുന്നു. പിന്നാലെ പരാതി നല്‍കരുതെന്ന് എംഎല്‍എ ആവശ്യപ്പെട്ടുവെന്നും വിവാഹം നടത്തിത്തരാമെന്ന് ഉറപ്പുനല്‍കിയതായും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.
അതേസമയം കുഞ്ഞിനെ ഗർഭഛിദ്രം ചെയ്യാൻ കുടുംബത്തിന് പണം വാഗ്ദാനം ചെയ്തതായും പെണ്‍കുട്ടിയുടെ അമ്മ ആരോപണം ഉന്നയിച്ചു. കൃഷ്ണയാണ് കുട്ടിയുടെ പിതാവെന്ന് തെളിയിക്കാൻ ഡിഎൻഎ പരിശോധനയ്ക്ക് തയാറാണെന്ന് കുടുംബം അറിയിച്ചു. എന്നാല്‍, ജഗന്നിവാസ റാവു പരിശോധനയെ എതിർക്കുകയും പകരം കുട്ടി തന്റേതല്ലെന്ന് മഹാലിംഗേശ്വര ക്ഷേത്രത്തിന് മുന്നില്‍ കൃഷ്ണൻ സത്യം ചെയ്യാൻ മകനോട് നിർദ്ദേശിക്കുകയും ചെയ്തതായും ഇവർ പറയുന്നു.
അതേസമയം കുഞ്ഞിന് മൂന്ന് മാസം പ്രായമാകുമ്ബോള്‍ ഡിഎൻഎ പരിശോധനയുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം. എന്നാല്‍ നിയമനടപടിക്ക് ശ്രമിച്ചപ്പോള്‍ എംഎല്‍എ അശോക് റായ് തങ്ങളെ നിരുത്സാഹപ്പെടുത്തിയെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. സഹായത്തിനായി ഹിന്ദു നേതാക്കളെ സമീപിച്ചപ്പോള്‍ പിന്തുണ ലഭിച്ചില്ലെന്നും പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു.

















