ഡിങ്കി ബോട്ട് തകരാറിലായതിനെ തുടർന്ന് നിലമ്ബൂരിന്റെ നിയുക്ത എം.എല്‍.എ ആര്യാടൻ ഷൗക്കത്തും പൊലീസ്, ഫയർഫോഴ്സ്, വനംവകുപ്പ് ഉദ്യോഗസ്ഥരും കാട്ടില്‍ കുടുങ്ങി. കാട്ടാന ആക്രമണത്തില്‍ ബുധനാഴ്ച കൊല്ലപ്പെട്ട മുണ്ടേരി ഉള്‍വനത്തിലെ വാണിയമ്ബുഴ ഉന്നതിയിലെ ബില്ലിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ചാലിയാറിനക്കരെയുള്ള വാണിയമ്ബുഴയിലെത്തിച്ചപ്പോഴാണ് സംഘം കുടുങ്ങിയത്.
ജില്ലാ കളക്ടറുടെ ഇടപെടലില്‍ മലപ്പുറത്ത് നിന്ന് ദേശീയ ദുരന്തനിവാരണ സേനാബോട്ടെത്തിച്ച് മൂന്ന് മണിക്കൂറിന് ശേഷം ഇവരെ രക്ഷിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് ബില്ലിയുടെ മൃതദേഹം ഡിങ്കി ബോട്ടില്‍ വാണിയമ്ബുഴയിലെത്തിച്ചത്. ആര്യാടൻ ഷൗക്കത്തും പോത്തുകല്‍ എസ്.ഐ മോഹൻദാസും വനം വകുപ്പ് ഉദ്യോഗസ്ഥരും മൃതദേഹത്തെ ബോട്ടില്‍ അനുഗമിച്ചിരുന്നു. ഡിങ്കി ബോട്ടിന്റെ എൻജിൻ തകരാറിലായതിനാല്‍ മടങ്ങാനായില്ല. തുടർന്നാണ് ജില്ലാകളക്ടർ ഇടപെട്ടത്.ഇന്നാണ് ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ.
















