ഉപതെരഞ്ഞെടുപ്പ് വേളയില്‍ ബൂത്തില്‍ കണ്ടു മുട്ടിയ ആര്യാടൻ ഷൗക്കത്തിനോട് കെട്ടിപ്പിടിക്കരുതെന്ന് ആവശ്യപ്പെട്ട അൻവർ ഹസ്തദാനം മാത്രം നല്‍കി. വീട്ടിക്കുത്ത് ബൂത്തില്‍ കണ്ടു മുട്ടിയപ്പോള്‍ സ്വരാജും ഷൗക്കത്തും കെട്ടിപ്പിടിച്ചിരുന്നു. ആര്യാടൻ ഷൗക്കത്ത് സിനിമാക്കാരനാണെന്നും അഭിനയമാണെന്നും അൻവർ ഇതിനോട് പ്രതികരിച്ചു.
പരസ്പരം കുശലം പറഞ്ഞ് സ്ഥാനാർഥികളായ സ്വരാജും ആര്യാടൻ ഷൗക്കത്തും ബൂത്തിലെത്തിയപ്പോള്‍ അൻവറും അനുയായികളോടൊപ്പം എത്തി. ആര്യാടന്‍ ഷൗക്കത്തിന്‍റേത് ധൃതരാഷ്ട്രാലിംഗനമാണ്. അതുകൊണ്ടാണ് കെട്ടിപ്പിടിക്കരുതെന്ന് പറഞ്ഞത്. ആര്യാടൻ്റെ സിനിമാ സ്‌റ്റൈല്‍ തനിക്ക് പരിചയമില്ല. പച്ച മനുഷ്യന്‍മാരുടെ കൂടെ നടക്കുന്ന ആളാണ് താനെന്നും പി.വി. അന്‍വര്‍ പറഞ്ഞു.
യു.ഡി.എഫ് സ്ഥാനാർഥി രാഷ്ട്രീയം പറഞ്ഞില്ലെന്നും സിനിമ ഡയലോഗ് വെച്ചാണ് പ്രചരണം നടത്തിയതെന്നും പി.വി. അൻവർ പറഞ്ഞു. വോട്ടെണ്ണി കഴിഞ്ഞാല്‍ ആര്യാടന് കഥ എഴുതാൻ പോകാം. സ്വരാജിന് സെക്രട്ടറിയേറ്റിലേക്ക് പോകാം. താൻ നിയമസഭയിലേക്ക് പോകുമെന്നും അൻവർ പറഞ്ഞു. 75000ന് മുകളില്‍ വോട്ട് തനിക്ക് ലഭിക്കും. അത് ആത്മ വിശ്വാസമല്ല, യാഥാർത്ഥ്യമാണെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു.

















