നിലമ്ബൂരിലെ ഉപതെരഞ്ഞെടുപ്പിന് തന്നെ ക്ഷണിച്ചില്ലെന്ന ശശി തരൂർ എം.പിയുടെ വാദം തെറ്റെന്ന് തെളിയിച്ച് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമീഷന് കൈമാറിയ താരപ്രചാരകരുടെ പട്ടിക പുറത്ത്. കെ.സി. വേണുഗോപാലും പ്രിയങ്ക ഗാന്ധിയും ദീപ ദാസ്മുൻഷിയും ഉള്‍പ്പെടെയുള്ള 40 പേരുടെ പട്ടികയില്‍ എട്ടാമതാണ് ശശി തരൂരിന്റെ പേരുള്ളത്. നേരത്തെ തന്നെ ആരും ക്ഷണിക്കാഞ്ഞതിനാലാണ് നിലമ്ബൂരിലേക്ക് പോകാതിരുന്നതെന്ന് തരൂർ പ്രതികരിച്ചിരുന്നു.
അഡ്വ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, കെ സുധാകരൻ എന്നിവർക്ക് തൊട്ടുതാഴെയാണ് ശശി തരൂരിന്റെ പേര്. കൊടിക്കുന്നേല്‍ സുരേഷിന്റെ പേര് ഒമ്ബതാമതും കെ മുരളീധരന്റെ പേര് പട്ടികയില്‍ പത്താമതുമാണ്. യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശിന്റെ പേര് പതിനാലാമതാണ്. പാർട്ടിയില്‍ തരൂരിന് എത്രമാത്രം പ്രാധാന്യം ലഭിക്കുന്നെന്ന് സൂചിപ്പിക്കുന്നതാണ് താര പട്ടിക.
തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് ആരെയും ക്ഷണിച്ചിട്ടല്ല വരേണ്ടതെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം. നിലമ്ബൂരില്‍ ക്ഷണിച്ച് വരുത്താൻ ആരുടെയും സംബന്ധമല്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താന്റെ രൂക്ഷ പ്രതികരണം. പാർട്ടിയോട് കൂറുള്ള നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മിറ്റിയുമായി ബന്ധപ്പെട്ടു. അവർക്ക് സൗകര്യമുള്ള തീയതികള്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി ശശി തരൂരിന്‍റെ മനസ്സ് മോദിക്കൊപ്പവും ശരീരം കോണ്‍ഗ്രസിനൊപ്പവുമാണെന്നും ഉണ്ണിത്താൻ പറഞ്ഞു.
നിലമ്ബൂരിലേക്ക് വരണമെന്നഭ്യർഥിച്ച് ഒരു മിസ്ഡ് കോള്‍ പോലും ലഭിച്ചിട്ടില്ലെന്നായിരുന്നു തരൂർ മാധ്യമങ്ങളോട് പറഞ്ഞത്. ക്ഷണിക്കാതെ ഒരിടത്തും പോകാറില്ല. അവിടെ എന്നെ വലിയ ആവശ്യമില്ലെന്നാണ് മനസിലാക്കുന്നത്. വലിയ ബുദ്ധിമുട്ടില്ലാതെ യു.ഡി.എഫ് സ്ഥാനാർഥിക്ക് വിജയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശശി തരൂർ പറഞ്ഞു.നിലമ്ബൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പ്രിയങ്ക ഗാന്ധിയടക്കമുള്ള നേതാക്കള്‍ എത്തിയിരുന്നു. ശശി തരൂരിന്റെ അഭാവത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് അദ്ദേഹം വിദേശത്താണ് എന്ന മറുപടിയാണ് യു.ഡി.എഫ് നേതൃത്വം നല്‍കിയിരുന്നത്.
യു.ഡി.എഫ് സ്ഥാനാർഥിയുടെ പ്രചാരണത്തിനായി അങ്ങനെയൊരു പ്രത്യേക ക്ഷണം വേണോ എന്ന ചോദ്യത്തിന് ക്ഷണിക്കാതെ നേതാക്കളാരും പോകാറില്ലെന്നായിരുന്നു തരൂരിന്റെ മറുപടി.പ്രിയങ്കാ ഗാന്ധിയടക്കം ഇങ്ങനെയാണ് വന്നത്. 16 വർഷമായി കോണ്‍ഗ്രസിനൊപ്പം പ്രവർത്തിക്കുകയാണ്. പാർട്ടിയോടും പ്രവർത്തകരോടും ഒരു പ്രശ്നവുമില്ല. പാർട്ടിയോടുള്ള സ്നേഹത്തില്‍ സംശയം വേണ്ട. പാർട്ടി അവഗണിച്ചുവെന്ന തോന്നലും ഇല്ല. നേതൃത്വത്തിനോട് ചില പ്രശ്നങ്ങളുണ്ടെന്ന് എല്ലാവർക്കുമറിയാം. അതൊക്കെ പാർട്ടിക്കകത്ത് സംസാരിക്കാറാണ് പതിവെന്നും തരൂർ പറഞ്ഞു. താൻ എവിടേക്കും പോകുന്നില്ലെന്നും ബി.ജെ.പി പ്രവേശനത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചു.

















