പാലാ നഗരസഭാ പരിധിയിലെ അനധികൃത നിലം നികത്ത് വിവാദങ്ങളിൽ അപ്രതീക്ഷിത വഴിത്തിരിവ്. ഓൺലൈൻ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്ത മുണ്ടുപാലത്തെ നിലം നികത്തൽ നിയമാനുസൃതം എന്ന് തെളിയുമ്പോൾ നഗരസഭ പരിധിയിൽ തന്നെ അനധികൃതമായി സർക്കാർ ഫണ്ട് ദുരുപയോഗം ഉൾപ്പെടെ നടത്തിയ നിലം നികത്തലിനെതിരെ ആരും പ്രതികരിക്കുന്നില്ല എന്നതാണ് വിരോധാഭാസം. മന്ത്രി റോഷി അഗസ്റ്റിൻ ഭരിക്കുന്ന ജല വിഭവ വകുപ്പിലെ ഉദ്യോഗസ്ഥരുടെ കൂടി മൗനാനുവാദത്തോടെയും ആശീർവാദത്തോടെയും ആണ് വെള്ളാപ്പാട് ഭാഗത്ത്ഴഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട ഏക്കർ കണക്കിന് നിലം അനധികൃതമായി നികത്തി എടുത്തിരിക്കുന്നത്.
രാജു സെബാസ്റ്റ്യൻ പൂവേലി എന്ന വ്യക്തിയുടെ ഉടമസ്ഥതയിൽ മുണ്ടുകാലത്ത് മണ്ണടിക്കുന്ന വാർത്ത പുറത്തുവന്നതോടെയാണ് പാലായിലെ അനധികൃത നിലം നികത്തലിനെ കുറിച്ചുള്ള ചർച്ചകൾ സജീവമായത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഷിബു പൂവേലിയുടെ സഹോദരനാണ് രാജു സെബാസ്റ്റ്യൻ പൂവേലി. ഇരുവരുടെയും പേരിൽ മുണ്ടു പാലത്ത് ഉണ്ടായിരുന്ന വസ്തുവിന് 2004ൽ തന്നെ ഭൂപരിഷ്കരണ അനുമതി ലഭ്യമായിരുന്നതിനും ആനുപാതികമായ തുക ഇതിനായി മുനിസിപ്പാലിറ്റിയിൽ ഭൂപരിഷ്കരണ നികുതിയായി ഒടുക്കിയിട്ടുള്ളതാണെന്നുമുള്ള രേഖകൾ പുറത്ത് വന്നു.

എന്നാൽ മറുഭാഗത്ത് നടന്നിരിക്കുന്നത് നഗ്നമായ നിയമലംഘനമാണ്. അനധികൃതമായി പാലം ഉൾപ്പെടെ നിർമ്മിച്ചാണ് വെള്ളാപ്പാട് കണ്ടത്തിന്റെ ഭാഗമായിരുന്ന ഏക്കർ കണക്കിന് വസ്തുക്കൾ സന്യാസി സമൂഹം നികത്തിയെടുത്തത്. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും കൗൺസിലർമാർ അടക്കം ഇതിന് ഒത്താശ ചെയ്തിട്ടുണ്ട് എന്നാണ് സൂചന. തണ്ണീർത്തട സംരക്ഷണ ഫണ്ട് ദുർവിനിയോഗം ചെയ്താണ് നിലം നികത്തലിന് സാഹചര്യങ്ങൾ സൃഷ്ടിച്ചത് എന്നതും ഗൗരവതരമാണ്. അനധികൃതമായ ഈ നിലം നികത്തൽ സമീപപ്രദേശങ്ങളിലെ വെള്ളക്കെട്ട് രൂക്ഷമാക്കുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടും സാമൂഹ്യ വിഷയങ്ങളിൽ നിരന്തരം ഇടപെടുന്ന പ്രദേശത്തെ റസിഡന്റ്സ് അസോസിയേഷനോ, പാലായിലെ പൗരസമിതിയോ ഇതിനെതിരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല.
തോട് കയ്യേറിയും നടപ്പാത അടച്ചും നികത്തൽ
തണ്ണീർത്തട നിയമങ്ങളുടെ ലംഘനം മാത്രമല്ല വെള്ളപ്പാട് നടന്നിട്ടുള്ളത്. തോട് കയ്യേറ്റവും നടപ്പാത അടക്കൽ അടക്കലുമടക്കമുള്ള നിയമലംഘനങ്ങളും ഇവിടെ നടന്നിട്ടുണ്ട്. ക്രിസ്തുവിൻറെ മണവാട്ടിമാരും ദൈവത്തിൻറെ പ്രതിപുരുഷന്മാരും രാജ്യത്തെ നിയമങ്ങളെ കാറ്റിൽ പറത്തിയും നോക്കുകുത്തിയാക്കിയും രാഷ്ട്രീയ നേതൃത്വങ്ങളുടെ ഒത്താശയോടെ ചെയ്യുന്ന ഇത്തരം നടപടികൾ കടുത്ത മഴ പെയ്യുമ്പോഴും, വെള്ളപ്പൊക്കം ഉണ്ടാകുമ്പോഴും സർവ്വ സാധാരണക്കാരായവർക്ക് വരുത്തിവെക്കുന്ന ബുദ്ധിമുട്ടുകളും നാശനഷ്ടങ്ങളും ഉത്തരവാദിത്തപ്പെട്ടവർ ബോധപൂർവ്വം അവഗണിക്കുകയാണ്.

















