പാലാ നഗരസഭയ്ക്ക് ഒരു സവിശേഷതയുണ്ട്, കേരളത്തിലെ തന്നെ ഏറ്റവും ചെറിയ നഗരസഭകളിൽ ഒന്ന് എന്നതിനപ്പുറം നഗരസഭയിലെ 26 വാർഡുകളിൽ 17 ഇടത്തും നിർണായകമാകുന്നത് മഠങ്ങളുടെ മേൽവിലാസത്തിൽ ചേർത്തിട്ടുള്ള സിസ്റ്റേഴ്സിന്റെ വോട്ടുകളാണ്. നഗരസഭയിലെ ഓരോ വാർഡിലും 1000 മുതൽ 1200 വരെ പരമാവധി വോട്ടർമാർ ഉള്ളതിൽ 50 മുതൽ 300 വരെ വോട്ടുകളാണ് സിസ്റ്റേഴ്സിനുള്ളത്. അതുകൊണ്ടുതന്നെ ജനവിധിക്കപ്പുറം ഇവരുടെ ആസൂത്രിത വോട്ട് ബാങ്ക് തന്നെയാണ് പലപ്പോഴും നഗരസഭയിലെ ജയപരാജയങ്ങൾ നിശ്ചയിക്കുന്നത്.
ആരു ഭരിച്ചാലും ഈ വോട്ട് ബാങ്കിന്റെ ശക്തിയിൽ അനധികൃതവും അവിഹിതവുമായ നിരവധി ആനുകൂല്യങ്ങളും ഇത്തരക്കാർ നേടിയെടുക്കുന്നുണ്ട് എന്ന ആക്ഷേപങ്ങൾ സജീവമാണ്. ഇവരുടെ ഉടമസ്ഥതയിലുള്ള പല കെട്ടിടങ്ങളുടെയും വിസ്തീർണത്തിന് ആനുപാതികമായ നികുതി പോലും നഗരസഭയ്ക്ക് ലഭിക്കുന്നില്ല, കാരണം നിരവധി ഇടങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾ അനധികൃതമാണ്. എന്നാൽ ഇതിനെല്ലാം അപ്പുറം സാധാരണക്കാരന് കിട്ടേണ്ട ആനുകൂല്യങ്ങൾ പോലും കവർന്നെടുക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
തണ്ണീർത്തട സംരക്ഷണ ഫണ്ടിൽ നിന്നുള്ള പണം അനധികൃതമായി നികത്തിയെടുക്കുന്ന നിലത്തിന് റീറ്റെയിനിങ്ങ് വാൾ (സംരക്ഷണ ഭിത്തി) കെട്ടാൻ ഉപയോഗിച്ചു എന്നതുപോലെയാണ് പാലാ വെള്ളപ്പാട്ട് പ്രദേശത്ത് നടന്ന സംഭവ വികാസങ്ങൾ. കർമ്മലീത്താ സന്യസ്ത സമൂഹത്തിന്റെ ഉടമസ്ഥതയിൽ വെള്ളാപ്പാട് പ്രദേശത്ത് തോടുമായി അതിര് പങ്കിടുന്നതും ചതുപ്പ് രൂപത്തിൽ ആയിരുന്നതും, നിലമായി ഡേറ്റ ബാങ്കിൽ രേഖപ്പെടുത്തിയിട്ടുള്ളതുമായ വസ്തുവിന് ചുറ്റും ആദ്യം സംരക്ഷണഭിത്തി സർക്കാർ ഫണ്ട് ഉപയോഗിച്ച് ജല വിഭവ വകുപ്പ് നിർമ്മിക്കുന്നു. പിന്നീട് ഈ ഭൂമിയിലേക്ക് മണ്ണിട്ട് നികത്തിയെടുക്കുന്നു. ഈ രീതിയിലാണ് ഇവിടെ കാര്യങ്ങൾ നടന്നത്. ജലവിഭവ വകുപ്പിലെ എൻജിനീയർമാർ ഉൾപ്പെടെയുള്ളവർ പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്ന സമയത്ത് തന്നെയാണ് സർക്കാർ ഉദ്യോഗസ്ഥരുടെ കൺമുന്നിലൂടെ നിയമലംഘനം നടത്തി ഡാറ്റാ ബാങ്കിൽ പെട്ട വസ്തു നികത്തിയെടുത്തത്.
പൊതു ഖജനാവിലെ പണത്തിന്റെ ദുരുപയോഗം മാത്രമല്ല ഇവിടുത്തെ വിഷയം. ഈ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ച പാറക്കല്ലുകൾ സർക്കാർ ഉത്തരവിന്റെ ആനുകൂല്യത്തിൽ ചുളുവിലയ്ക്ക് നീലൂർ കുടിവെള്ള പദ്ധതി നിർമ്മാണ പ്രദേശത്ത് നിന്ന് തരപ്പെട്ടുത്തിയതിണെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. അതായത് സർക്കാർ ചുളുവിലയ്ക്ക് നൽകിയ കല്ലുകൾ ഉപയോഗിച്ച് കരാറുകാരൻ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയും അതിന്റെ ബില്ലിനത്തിൽ സർക്കാരിൽ നിന്ന് തന്നെ വൻ തുക കൈപ്പറ്റുകയും ചെയ്യുന്ന വമ്പൻ ക്രമക്കേടായിരിക്കാം ഒരുപക്ഷേ ഇവിടെ നടന്നിരിക്കുന്നത്.
എന്നാൽ ഇത്രയും വലിയ അഴിമതിയെക്കുറിച്ച് ആരോപണവും റിപ്പോർട്ടുകളും ഉയരുമ്പോഴും ഭരണപക്ഷ പ്രതിപക്ഷ നേതാക്കളോ, ഈ പാർട്ടികളുടെ യുവജന സംഘടനകളോ പ്രതികരിക്കുവാനോ പ്രതിഷേധിക്കുവാനോ പോയിട്ട് ഒരു പരാതി നൽകുവാനോ, അന്വേഷണം നടത്തണമെന്ന ആവശ്യമുന്നയിക്കുവാനും പോലും തയ്യാറാകുന്നില്ല. ഇതിന് പിന്നിൽ വോട്ട് ബാങ്ക് രാഷ്ട്രീയത്തോടുള്ള ഭയമാണ് എന്നും വിലയിരുത്തപ്പെടുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ എല്ലാ തലങ്ങളിലും ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും പരിപൂർണ്ണ സഹകരണത്തോടെയാണ് ഈ ക്രമക്കേടുകൾ നടപ്പാക്കുന്നത്.

















