തമിഴ് ബ്ലേഡ് മാഫിയ സംഘങ്ങൾ പതിറ്റാണ്ടുകളായി കോട്ടയം നഗരത്തിൽ സജീവമാണ്. പല കുടുംബങ്ങളെയും കടക്കണിയിലേക്ക് ഒടുവിൽ ആത്മഹത്യയിലേക്ക് തള്ളി വിട്ടിട്ടുള്ള ഇവർ പക്ഷേ ഇന്നും കോട്ടയത്ത് വിലസുന്നത് പോലീസിന്റെയും ഭരണ നേതൃത്വത്തിന്റെയും സംരക്ഷണയിൽ തന്നെയാണ്. ഇത്തരം ബ്ലേഡ് മാഫിയ സംഘങ്ങളുടെ കള്ളപ്പണം വെളുപ്പിക്കാൻ ഉള്ള മറയായി ടൗണിൽ പ്രവർത്തിക്കുന്ന ഒരു ഗ്രാം സ്വർണ്ണ വ്യാപാര സ്ഥാപനത്തിൻറെ ഉടമയുടെ നേതൃത്വത്തിൽ കോടിമതയിൽ അനധികൃത ചീട്ടുകളി കേന്ദ്രവും ചൂതാട്ട കേന്ദ്രവും നടക്കുമ്പോൾ അതിന് നേരെയും പോലീസും അധികൃതരും രാഷ്ട്രീയക്കാരും കണ്ണടയ്ക്കുന്നതിന് പിന്നിലെ കാരണവും ഈ സാമ്പത്തിക ശക്തി തന്നെയാണ്.
ദിവസ കണക്കിനും ആഴ്ച കണക്കിനും പണം പലിശയ്ക്ക് നൽകി നൂറ്റിക്ക് പത്തും പതിനഞ്ചും ശതമാനം പലിശ ഈടാക്കിയാണ് തമിഴ് ബ്ലേഡ് മാഫിയ സംഘങ്ങൾ കോട്ടയത്ത് വ്യാപാരം നടത്തുന്നത്. ഇത്തരത്തിൽ ഓരോ മാസവും ഈ മാഫിയ സംഘങ്ങളുടെ കയ്യിൽ എത്തുന്നത് ലക്ഷക്കണക്കിന് രൂപയുടെ കള്ളപ്പണം ആണ്. ഇത്തരത്തിൽ കുമിഞ്ഞു കൂടുന്ന കള്ളപ്പണം നഗരത്തിൽ പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങളുടെയും മറവിൽ ഈ സംഘങ്ങൾ വെളുപ്പിച്ചെടുക്കുന്നതാണ് രീതി.
ഈ സംഘത്തിൻറെ കള്ളപ്പണം വെളുപ്പിക്കുവാൻ പ്രവർത്തിക്കുന്നത് എന്ന് സംശയിക്കപ്പെടുന്ന സ്ഥാപനങ്ങളിലൊന്ന് നഗരത്തിൽ പ്രവർത്തിക്കുന്ന ഒരു ഗ്രാം സ്വർണ വ്യാപാര സ്ഥാപനമാണ്. ഈ സ്ഥാപന ഉടമയുടെ ബിനാമികൾ ആണ് കോട്ടയം കോടിമതയിൽ നാലുവരിപ്പാതയ്ക്ക് സമാന്തരമായി ഇരിക്കുന്ന ബഹുനില കെട്ടിടത്തിൽ ഇപ്പോൾ അനധികൃത ചൂതുകളി/ ചീട്ടുകളി കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. ദിവസവും ഇവിടെ പറയുന്നത് ലക്ഷക്കണക്കിന് രൂപയാണ്. പണം വാഹനത്തിൽ ഏൽപ്പിച്ച ശേഷം കെട്ടിടത്തിനുള്ളിൽ ടോക്കൺ ഉപയോഗിച്ചാണ് കളി നടക്കുന്നത്. അതുകൊണ്ടുതന്നെ അപ്രതീക്ഷിതമായി പോലീസ് പരിശോധിച്ചാൽ പോലും ഇവിടെ നിന്ന് പണം കണ്ടെടുക്കുവാൻ സാധിക്കില്ല.
നഗരത്തിലെ പലരുടെയും കൈയിൽനിന്ന് അക്ഷരാർത്ഥത്തിൽ പിടിച്ചുപറിച്ച കണ്ണുനീർ കാശാണ് ലഹരി നുണഞ്ഞ് തമിഴ് ബ്ലേഡ് മാഫിയ സംഘങ്ങൾ ചീട്ടു കളിച്ചു കളയുന്നത്. നടത്തിപ്പുകാർക്ക് ദിവസവും ഒന്നു മുതൽ മൂന്നു ലക്ഷം രൂപ വരെ വരുമാനം ഉണ്ടെന്നും പറയപ്പെടുന്നു. അതുകൊണ്ടുതന്നെ പോലീസിലെയും രാഷ്ട്രീയക്കാരിലെയും തങ്ങളുടെ സംരക്ഷകരുടെയും കീശ നിറയ്ക്കുവാൻ ഇവർക്ക് യാതൊരു മടിയുമില്ല. ചീട്ടുകളി ഉച്ചസ്ഥായിയിൽ എത്തുമ്പോൾ പരസ്പരം ഉണ്ടാകുന്ന തർക്കങ്ങളും ബഹളങ്ങളും ശ്രദ്ധിച്ചതോടെയാണ് ഇവിടെ നടക്കുന്ന അനധികൃത പ്രവർത്തനങ്ങളെക്കുറിച്ച് പുറംലോകമറിഞ്ഞത്.
ഞെട്ടിക്കുന്ന ഈ വിവരങ്ങൾ കോട്ടയത്തെ ഓൺലൈൻ മാധ്യമങ്ങളിലൂട പുറത്ത് വന്നിട്ടും കളി യഥേഷ്ടം തുടരുകയും നിയമത്തെ വെല്ലുവിളിക്കുകയും ചെയ്യുന്ന നടപടിയാണ് ഈ കൂട്ടരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. കോട്ടയത്തെ പ്രമുഖ അബ്കാരി കുടുംബത്തിൽപ്പെട്ട മരിച്ചുപോയ ഒരു വ്യക്തിയുടെ പേരിലുള്ള ക്ലബ് ലൈസൻസ് മറയാക്കിയാണ് ഈ ചീട്ടുകളി കേന്ദ്രത്തിന്റെ പ്രവർത്തനം എന്നും റിപ്പോർട്ടുകൾ ഉണ്ട്. അക്ഷരാർത്ഥത്തിൽ അഴികൾക്കുള്ളിൽ അടയ്ക്കപ്പെടേണ്ട ബ്ലേഡ് മാഫിയ സംഘങ്ങളെ ഇങ്ങനെ അഴിഞ്ഞാടാൻ അനുവദിക്കുന്നത് കോട്ടയത്തെ നിയമപാലകരുടെയും, രാഷ്ട്രീയ നേതൃത്വത്തിന്റെയും ജനവിരുദ്ധ നിലപാടിന്റെ പ്രതിഫലനമാണ് എന്നുകൂടി തിരിച്ചറിയേണ്ടിയിരിക്കുന്നു.

















