കോട്ടയം ജില്ലാ പഞ്ചായത്ത് കിടങ്ങൂർ ഡിവിഷൻ അംഗവും കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് നേതാവുമായ ജോസ്മോൻ മുണ്ടയ്ക്കൻ ജോസ് കെ മാണി വിഭാഗത്തിലേക്ക് ചുവടു മാറുന്നു എന്ന അഭ്യൂഹങ്ങൾ സജീവമാണ്. ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിൽ സ്ഥാനാർഥിത്വവും, ഇടതുമുന്നണി കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചാൽ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് അർഹതപ്പെട്ട കാലാവധി മുഴുവൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷപദവിയുമാണ് ജോസ്മോൻ ഉന്നയിച്ചിരിക്കുന്ന ഡിമാൻഡ്. ഇത് ജോസ് കെ മാണിയും തത്വത്തിൽ അംഗീകരിച്ചു എന്നും റിപ്പോർട്ടുകൾ ഉണ്ട്.

2021ൽ പാലായിൽ മാണി സി കാപ്പനോട് ദയനീയമായി പരാജയപ്പെട്ട ജോസ് കെ മാണി 2026 ലും ഇവിടെനിന്ന് മത്സരിക്കുമെന്നാണ് സൂചന. അതുകൊണ്ടുതന്നെയാണ് ജോസ്മോൻ മുണ്ടയ്ക്കനെ പോലുള്ള നേതാക്കളെ കൂടെ എത്തിക്കുന്നത് എന്നാണ് സൂചന. എന്നാൽ ജോസ്മോൻ പാർട്ടിയിലേക്ക് മടങ്ങി വരുന്നതിനെതിരെ പാലായിലെ കേരള കോൺഗ്രസിന് പിന്നാലെ ഇപ്പോൾ ആതിരമ്പുഴയിലും ഏറ്റുമാനൂരിലും പാർട്ടിക്കുള്ളിൽ പൊട്ടിത്തെറി രൂപപ്പെടുകയാണ്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തോമസ് ചാഴികാടനെതിരെ ഇദ്ദേഹം റിബലായി മത്സരിച്ചിരുന്നതാണ് എതിർപ്പിനുള്ള ഒരു കാരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതിരമ്പുഴ സീറ്റിൽ മത്സരിക്കുവാൻ പാലായിൽ നിന്ന് ആളെ എത്തിക്കുന്നതിനെ കുറിച്ചും മാണി ഗ്രൂപ്പിൽ അഭിപ്രായ ഭിന്നത ശക്തമാണ്. ബ്ലോക്ക് പഞ്ചായത്തിന്റെ മുൻ അധ്യക്ഷനും ജനാധിപത്യ കേരള കോൺഗ്രസ് പാർട്ടിയുടെ നേതാവുമായ ജെയിംസ് കുര്യനെ പാർട്ടിയിൽ എത്തിച്ച് മത്സരിപ്പിക്കണമെന്നാണ് ഭൂരിഭാഗം പ്രവർത്തകരുടെയും ആഗ്രഹം. അതിരമ്പുഴക്കാരനും പള്ളിയുമായി അടുപ്പം പുലർത്തുന്ന വ്യക്തിത്വവുമാണ് ജെയിംസ് കുര്യൻ. അതിരമ്പുഴ സെൻറ് അലോഷ്യസ് സ്കൂളിലെ അധ്യാപകൻ കൂടിയായിരുന്ന ഇദ്ദേഹം ആ നാട്ടിലെ പരമ്പരാഗത കത്തോലിക്കാ കുടുംബമായ പേമല കുടുംബാംഗവും കൂടിയാണ്.

എന്നാൽ ഇവർ രണ്ടുപേരും മത്സരിച്ചാലും യുഡിഎഫിന്റെ കയ്യിൽ നിന്ന് അതിരമ്പുഴ ഡിവിഷൻ തിരികെ പിടിക്കുക എളുപ്പമല്ല. നിലവിൽ ജോസഫ് ഗ്രൂപ്പ് പ്രതിനിധിയായ പ്രൊഫസർ റോസമ്മ സോണിയാണ് അതിരമ്പുഴ ഡിവിഷൻ പ്രതിനിധി. ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡണ്ടായ അഡ്വക്കേറ്റ് ജയ്സൺ ജോസഫ് അടുത്തവട്ടം ഇവിടെ സ്ഥാനാർത്ഥിയായാൽ അനായാസേന വിജയിച്ചു കയറാമെന്ന് യുഡിഎഫ് കരുതുന്നു. കോൺഗ്രസിന്റെ പ്രാദേശിക പ്രവർത്തകരുടെ അടക്കം അകമഴിഞ്ഞ പിന്തുണയും അഡ്വക്കേറ്റ് ജയ്സണുണ്ട്.

ജോസ്മോൻ മുണ്ടക്കൽ മാണി ഗ്രൂപ്പിലേക്ക് ചുവടു മാറുന്നത് തടയാൻ ജോസഫ് ഗ്രൂപ്പും നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്. മോൻസ് ജോസഫ് എംഎൽഎ, ഫ്രാൻസിസ് ജോർജ് എംപി, അപു ജോസഫ് എന്നിവർ കേരള കോൺഗ്രസ് ജോസഫ് വിഭാഗം പാലാ നിയോജകമണ്ഡലം പ്രസിഡൻറ് ജോർജ് പുളിങ്കാടിനെ മുൻനിർത്തിയാണ് അനുനയനീക്കം നടത്തുന്നത്. ജില്ലാ പഞ്ചായത്തിൽ ജോസ് മോന്റെ കിടങ്ങൂർ ഡിവിഷൻ വനിതയാകുമ്പോൾ പകരമായി കുറവിലങ്ങാട് ഡിവിഷനാണ് അദ്ദേഹത്തിന് വാഗ്ദാനം ചെയ്യുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ കേരള കോൺഗ്രസിന് അധ്യക്ഷ സ്ഥാനം ലഭിക്കുന്നതിൽ മുഴുവൻ ടേമും തനിക്ക് ലഭ്യമാകണം എന്ന ജോസ്മോന്റെ ഡിമാൻഡ് സീനിയോറിറ്റി കണക്കിലെടുത്ത് അംഗീകരിച്ചേക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക