ആലപ്പുഴയില്‍ കുടുംബം സഞ്ചരിച്ച കാറിന് നേരെ കോണ്‍ഗ്രസ് പ്രവർത്തകരുടെ ആക്രമണമെന്ന് പരാതി. ആലപ്പുഴ ചാരുംമൂട്ടില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. ആക്രമിക്കപ്പെട്ട കുടുംബത്തിൻ്റെ പരാതിയില്‍ ചാരുംമൂട് പൊലീസ് ഏഴ് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഇന്നലെ വൈകിട്ട് ചാരുംമൂട്ടില്‍ കോണ്‍ഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെസി വേണുഗോപാലിന് അഭിവാദ്യമർപ്പിച്ചായിരുന്നു മാർച്ച്. ഇതിനിടെ ഇതുവഴി കടന്നുപോയ പത്തനാപുരം സ്വദേശികളായ കുടുംബത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.
പത്തനാപുരം സ്വദേശികളായ കുടുംബം കോണ്‍ഗ്രസിൻ്റെ പ്രകടനം കടന്നുപോകുന്ന വഴിയില്‍ വാഹനം നിർത്തിയെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. സംഘടിച്ചെത്തിയ കോണ്‍ഗ്രസ് പ്രവർത്തകർ കാർ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കാറിൻ്റെ ചില്ല് കോണ്‍ഗ്രസ് പ്രവർത്തകർ ആക്രമിച്ച് തകർത്തു. ഇതോടെയാണ് കുടുംബം പൊലീസിനെ സമീപിച്ചത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് ആരെയും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല.

















