തദ്ദേശതിരഞ്ഞെടുപ്പിന് മുൻപ് ജില്ലയില്‍ പാർട്ടി പ്രവർത്തനം ഊർജ്ജിതമാക്കാൻ കോണ്‍ഗ്രസ്. സി.പി.എം പാർട്ടിഗ്രാമമായ മലപ്പട്ടത്ത് ഗാന്ധിപ്രതിമ തകർക്കപ്പെട്ടതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങള്‍ ആയുധമാക്കി അണികളില്‍ ആത്മവിശ്വാസം പകരാനുള്ള പ്രവർത്തനങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വം ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ തുടക്കമെന്ന നിലയില്‍ കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ നേരിട്ടെത്തി തകർക്കപ്പെട്ട ഗാന്ധിപ്രതിമ പുനസ്ഥാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കും. കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ ഇതിനായി എത്തും. കെ.പി.സി.സി നേരിട്ടാണ് ഗാന്ധി സ്തൂപം സ്ഥാപിക്കുന്നത്. ഇതിനായി കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്ബിലും പി.സി വിഷ്ണുനാഥും വെള്ളിയാഴ്ച മലപ്പട്ടത്തെത്തും.

സംഘർഷം ഇങ്ങനെ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മലപ്പട്ടം അടുവാപ്പുറത്തെ ഗാന്ധി സ്തൂപം തകർത്തതുമായി ബന്ധപ്പെട്ടാണ് മലപ്പട്ടം മേഖലയില്‍ സംഘർഷമുണ്ടായത്. ഇതിനെ തുടർന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് സനീഷിന്റെ വീട് ആക്രമിക്കപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ നടത്തിയ കാല്‍നട ജാഥയും സംഘർഷത്തില്‍ കലാശിച്ചു.

ഈ ജാഥയില്‍ രാഹുല്‍ നടത്തിയ വെല്ലുവിളി പ്രസംഗം സി.പി.എം പ്രവർത്തകരെ പ്രകോപിപ്പിരുന്നു. അതിന്റെ അലയൊലി ഇന്നും മലപ്പട്ടത്തുണ്ട്. അക്രമിക്കപ്പെടുമെന്ന ഭീതിയിലാണ് കോണ്‍ഗ്രസ് പ്രവർത്തകർ. അതിനിടെയാണ് പ്രവർത്തകർക്ക് ആത്മവിശ്വാസം പകരാൻ നേതൃത്വം എത്തുന്നത്.

ഗാന്ധി സ്തൂപം അനാച്ഛാദനം നാളെ:

വെള്ളിയാഴ്ച കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഗാന്ധി സ്തൂപം അനാച്ഛാദനം ചെയ്യുമെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു. മലപ്പട്ടം സർക്കാർ സ്‌കൂള്‍ പരിസരത്തുനിന്ന് ആരംഭിക്കുന്ന ഗാന്ധിയാത്രയ്ക്ക് ശേഷമായിരിക്കും സ്തൂപം അനാച്ഛാദനം. നേരത്തേ സി.പി.എം നടത്തിയ പ്രതിഷേധ യോഗത്തില്‍, സനീഷിന്റെ അടുക്കളയില്‍ പോലും ഗാന്ധി പ്രതിമ സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് നേതൃത്വം പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് വിഷയം കെ.പി.സി.സി ഏറ്റെടുത്തത്. കെ.പി.സി.സിയുടെ നേതൃത്വത്തില്‍ മലപ്പട്ടത്ത് ഗാന്ധിപ്രതിമ സ്ഥാപിക്കുമെന്ന് കെ.സുധാകരനാണ് പ്രഖ്യാപനം നടത്തിയത്.

മലപ്പട്ടമെന്ന ചെങ്കോട്ട:

പഞ്ചായത്ത് രൂപീകരിച്ച ശേഷം സി.പി.എം അല്ലാതെ മറ്റാരും മലപ്പട്ടം പഞ്ചായത്തില്‍ ഭരണം നടത്തിയിട്ടില്ല. കോണ്‍ഗ്രസ് ജനാധിപത്യ അതിജീവന പദയാത്ര സംഘടിപ്പിച്ചതും അത് സംഘർഷത്തിലേക്ക് വഴിമാറിയതും ഈ മലപ്പട്ടത്താണ്. പാർട്ടി ഗ്രാമത്തിലൂടെയുള്ള കോണ്‍ഗ്രസിന്റെ പദയാത്ര ഏതുസമയത്ത് പൊട്ടിത്തെറിയിലേക്ക് മാറുമെന്ന് പൊലീസിനടക്കം സൂചനയുണ്ടായിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മലപ്പട്ടത്തെ രണ്ടാം വാർഡ് ആയ അടൂരില്‍ യു.ഡി.എഫ് സ്ഥാനാർത്ഥി ബാലകൃഷ്ണൻ മേലേക്കടവത്ത് 51 വോട്ടിന് ജയിച്ച്‌ സി.പി.എമ്മിനെ ഞെട്ടിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക