കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് കഴിഞ്ഞവർഷം നടന്ന തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം ശ്രദ്ധ നേടിയ ഒരു മത്സരം പാലാ നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകൾ ഉൾപ്പെടുന്ന കിടങ്ങൂർ ഡിവിഷനിലേതായിരുന്നു . മാണി ഗ്രൂപ്പിൻറെ ശക്തികേന്ദ്രങ്ങളായ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ഡിവിഷനിൽ നിലവിൽ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം പാലാ നിയോജകമണ്ഡലം പ്രസിഡൻറ് ടോബിൻ കണ്ടനാടനെ പരാജയപ്പെടുത്തിയത് ജോസഫ് വിഭാഗം നേതാവ് ജോസ്മോൻ മുണ്ടയ്ക്കനായിരുന്നു. മുത്തോലി പഞ്ചായത്ത് ഭരണം ബിജെപിക്കു മുന്നിലും, കിടങ്ങൂർ ജില്ലാ പഞ്ചായത്ത് സീറ്റിൽ ജോസഫ് ഗ്രൂപ്പിന് മുന്നിലും അടിയറവ് പറയേണ്ടി വന്നത് ജോസ് കെ മാണി വിഭാഗത്തിന് കനത്ത ആഘാതം ആയിരുന്നു.

എന്നാൽ ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ജോസ് കെ മാണിയുടെ നിശിത വിമർശകനായിരുന്ന ജോസ്മോൻ മുണ്ടയ്ക്കൻ ജോസിന്റെ പാളയത്തിലേക്ക് ചുവട് മാറാൻ ഒരുങ്ങുന്നു എന്നാണ്. ജോസഫ് വിഭാഗത്തിൽ അർഹതപ്പെട്ട പരിഗണന കിട്ടുന്നില്ല എന്നാണ് ജോസ്മോന്റെ ആക്ഷേപം. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ മാറിനിന്ന് തനിക്ക് അസംബ്ലി ടിക്കറ്റ് നൽകണമെന്ന ആഗ്രഹവും ജോസ് മോൻ പലയിടത്തും പ്രകടിപ്പിച്ചിരുന്നു എന്നും രാഷ്ട്രീയ വൃത്തങ്ങളിൽ സംസാരം ഉണ്ട്. ഇതൊന്നും സാധ്യമാവാത്തതിന്റെ പേരിലാണ് കളം മാറി ചവിട്ടാൻ ഇദ്ദേഹം ആലോചിക്കുന്നത് എന്നാണ് സൂചന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജോസ് കെ മാണി വിഭാഗത്തിലേക്ക് ചുവടു മാറുമ്പോൾ ഈ വർഷം അവസാനം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലെ അതിരമ്പുഴ ഡിവിഷൻ സീറ്റാണ് ജോസ്മോന്റെ മനസ്സിൽ എന്നും വാർത്തകൾ ഉണ്ട്. ഏതാനും ദിവസങ്ങൾ മുമ്പ് കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പറും ജോസ് കെ മാണി വിഭാഗം നേതാവുമായ രാജേഷ് വാളിപ്ലാക്കന്റെ സാന്നിധ്യത്തിൽ ജോസ് മോൻ ജോസ് കെ മാണിയെ വീട്ടിൽ സന്ദർശിച്ച് ചർച്ച നടത്തിയെന്നും സൂചനകൾ ഉണ്ട്. ഈ ചർച്ചയ്ക്ക് തൊട്ടു പിന്നാലെ കുറവിലങ്ങാട് സയൻസ് സിറ്റിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ജോസ് കെ മാണി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ജോസ്മോൻ ഷെയർ ചെയ്തിരുന്നു.

ഇതൊക്കെയാണെങ്കിലും ജോസ്മോന്റെ മടങ്ങി വരവിനെ ചൊല്ലി മാണി ഗ്രൂപ്പിലും അസ്വസ്ഥതകൾ ഉടലെടുത്തിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കിടങ്ങൂർ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ഇദ്ദേഹത്തോട് പരാജയപ്പെട്ട ജോസ് കെ മാണിയുടെ വിശ്വസ്തനും പാർട്ടി നിയോജക മണ്ഡലം പ്രസിഡണ്ടുമായ ടോബിൻ കണ്ടനാടനാണ് ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ജോസ്മോൻ പാർട്ടിയിൽ എത്തിയാൽ നിയോജകമണ്ഡലം അധ്യക്ഷ സ്ഥാനത്തു നിന്നും രാജിവെക്കുമെന്ന കടുത്ത നിലപാട് ടോബിൻ സ്വീകരിച്ചു എന്ന് കേരള കോൺഗ്രസ് വൃത്തങ്ങളിൽ നിന്നുതന്നെ വാർത്ത പുറത്തുവരുന്നുണ്ട്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രാജ്യസഭ ഉപേക്ഷിച്ച് വീണ്ടും പാലായിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന ജോസ് കെ മാണിക്ക് പക്ഷേ ജോസ്മോനെ പാളയത്തിൽ എത്തിക്കുന്നതിൽ താല്പര്യമുണ്ട് എന്നും അറിയാൻ കഴിയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക