ജീവിതത്തിലെ പ്രത്യേക നിമിഷങ്ങൾ എല്ലാം റീൽ വീഡിയോകളാക്കി ആഘോഷിക്കുന്ന യുവതയുടെ കാലഘട്ടത്തിലൂടെയാണ് ലോകം കടന്നു പോകുന്നത്. സാമാന്യ, സാമൂഹിക മര്യാദയുടെ അതിർവരമ്പുകൾ ഇത്തരം നടപടികൾ ലംഘിക്കാറുണ്ടെന്ന് പലപ്പോഴും ആക്ഷേപം ഉയരാറുമുണ്ട്. എന്നാൽ ചില അവസരങ്ങളിൽ നിരുപദ്രവപരമായ ഇത്തരം നടപടികളോട് മുതിർന്നവർ വൈരാഗ്യ ബുദ്ധിയോടെ പെരുമാറാറുമുണ്ട് എന്നതും യാഥാർത്ഥ്യമാണ്.
ഇക്കഴിഞ്ഞ ദിവസമാണ് കേരള ഹൈക്കോടതിയിൽ അഭിഭാഷകരുടെ എൻറോൾമെന്റ് ചടങ്ങ് സംഘടിപ്പിച്ചത്. പലരും ജീവിതത്തിലെ ഈ സ്വപ്നസാക്ഷാത്കാര നിമിഷങ്ങളുടെ വീഡിയോയും ഫോട്ടോയും പകർത്തി പങ്കുവെച്ചിരുന്നു. ഇത്തരത്തിൽ മുഹമ്മദ് ഫായിസ് മുതുവട്ടൂർ എന്ന യുവ അഭിഭാഷകൻ പങ്കുവെച്ച വീഡിയോയുടെ പേരിൽ ഇയാൾക്ക് കേരള ബാർ കൗൺസിൽ കാരണം കാണിക്കൽ നോട്ടീസ് നൽകുകയും, ഇയാൾക്കെതിരെ അഡ്വക്കേറ്റ്സ് ആക്ട് സെക്ഷൻ 35 പ്രകാരമുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ഇയാൾ തൻറെ എൻറോൾമെന്റുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ റെയിൽ വീഡിയോയുടെ തുടക്കത്തിൽ ഹൈക്കോടതിയിലെ ഒരു ജഡ്ജിയുടെ ഔദ്യോഗിക വാഹനത്തിന്റെ ക്ലോസപ്പ് ദൃശ്യങ്ങൾ ഉൾപ്പെടുത്തിയത് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇത്തരത്തിൽ ഹൈക്കോടതി ജഡ്ജിയുടെ വാഹനം വീഡിയോയിൽ ഉൾപ്പെടുത്തിയത് ദുരുദ്ദേശപരമായ പ്രചരണം ലക്ഷ്യമിട്ടാണെന്നും അത് ജുഡീഷ്യറിയുടെ അന്തസ്സിനെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുള്ളത്. ബലാത്സംഗ കേസിൽ ഇരയായ യുവതിയെ പബ്ലിക് പ്രോസിക്യൂട്ടർ പീഡിപ്പിച്ചപ്പോഴും, സീനിയർ അഭിഭാഷകൻ ജൂനിയർ അഭിഭാഷകയെ ക്രൂരമായി തല്ലിച്ചതച്ചപ്പോഴും ഒരു വാക്ക് പോലും മിണ്ടാതിരുന്ന ബാർ കൗൺസിൽ നേതാക്കൾ അജ്ഞത മൂലം നിരുപദ്രവകരമായ ഒരു വീഡിയോ പങ്കുവെച്ചതിന്റെ പേരിൽ യുവ അഭിഭാഷകനെ വേട്ടയാടുന്നത് ‘തന്ത വൈബ്’ എന്നും ‘അമ്മാവൻ കോംപ്ലക്സ്’ എന്നും യുവത്വം വിശേഷിപ്പിക്കുന്ന മാനസികാവസ്ഥയുടെ പ്രതിഫലനം ആണോ എന്ന് സ്വാഭാവികമായും സംശയിക്കേണ്ടിയിരിക്കുന്നു.
വിവാദ വീഡിയോ ചുവടെ
എൻറോൾമെന്റ് വീഡിയോം വിവാദം; യുവ അഭിഭാഷകന് കാരണം കാണിക്കൽ നോട്ടീസ് നൽകി ബാർ അസോസിയേഷൻ pic.twitter.com/T2NrSYlVcP
— Thomas R V Jose (@thomasrvjose) June 4, 2025








