മലപ്പുറം: നിലമ്ബൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി.വി. അന്‍വര്‍ മത്സരിക്കില്ല. പകരം തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് മറ്റൊരു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കും. സജി മഞ്ഞക്കടമ്ബില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. പാര്‍ട്ടിയെ യുഡിഎഫ് ഘടകകക്ഷിയാക്കി പ്രഖ്യാപിച്ചില്ലെങ്കില്‍ പി.വി. അന്‍വര്‍ മത്സരിക്കണമെന്ന് വ്യാഴാഴ്ച മഞ്ചേരിയില്‍ ചേര്‍ന്ന തൃണമൂല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
അതേസമയം, വെള്ളിയാഴ്ച സംസ്ഥാന കമ്മിറ്റിചേര്‍ന്ന് ചര്‍ച്ചചെയ്തശേഷമേ ഇതില്‍ തീരുമാനമെടുക്കുകയുള്ളൂവെന്ന് പി.വി. അന്‍വറും തൃണമൂല്‍ നേതാക്കളും യോഗത്തിന് ശേഷം പ്രതികരിച്ചു. സജിയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് അന്‍വര്‍ നീങ്ങുന്നത്. മലയോര ക്രൈസ്തവരുടെ വോട്ട് ലക്ഷ്യമിട്ടാണ് ഈ നീക്കം. കേരളാ കോണ്‍ഗ്രസില്‍ നിന്നും അൻവറിനൊപ്പം എത്തിയ നേതവാണ് കോട്ടയം ജില്ല യുഡിഎഫ് ചെയർമാൻ കൂടിയായിരുന്ന സജി . കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പ് പ്രചരണ കാലത്ത് പാർട്ടിയോട് ഇടഞ്ഞ് യുഡിഎഫ് വിട്ട സജി ബിജെപിയും ആയിട്ടാണ് ആദ്യകാലത്ത് സഹകരിച്ചത്.
തങ്ങളെ യുഡിഎഫ് ഘടകകക്ഷിയാക്കണമെന്നതാണ് പി.വി. അന്‍വറിന്റെയും തൃണമൂലിന്റെയും ആവശ്യം. ഇതിനായുള്ള അവസാനവട്ട സമ്മര്‍ദമാണ് പി.വി. അന്‍വറിന്റെ ശ്രമം. യുഡിഎഫ് ഘടകകക്ഷിയാക്കുമെന്ന് പ്രഖ്യാപിച്ചാല്‍ ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തിനായി അന്‍വര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രവര്‍ത്തിക്കുമെന്നും സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം തൃണമൂല്‍ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. ഇതിനൊപ്പമാണ് മത്സരിക്കുമെന്ന അന്‍വറിന്റെ ഭീഷണി. എന്നാല്‍ മത്സരിച്ച് തോറ്റാല്‍ അത് നാണക്കേടാകും. ഈ സാഹചര്യത്തില്‍ മറ്റൊരാളെ നിര്‍ത്തി പരമാവധി വോട്ട് നേടുകയാണ് അന്‍വറിന്റെ ശ്രമം. എന്നാല്‍ യുഡിഎഫ് തീരുമാനം വരും വരെ കാത്തിരിക്കും. ആര്യാടന്‍ ഷൗക്കത്ത് എന്നല്ല, യുഡിഎഫ് നിര്‍ത്തുന്ന ഏത് സ്ഥാനാര്‍ഥിയെയും പിന്തുണയ്ക്കാമെന്ന് ആയിരംവട്ടം പറഞ്ഞതാണെന്നും അതിലെന്താ കണ്‍ഫ്യൂഷന്‍ എന്നുമായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പി.വി. അന്‍വറിന്റെ പ്രതികരണം.

















