മുൻ കേന്ദ്രമന്ത്രി സി എം സ്‌റ്റീഫന്റെ സഹോദരൻ ചെന്നിത്തല ചെറുകോല്‍ ചെമ്ബകശ്ശേരില്‍ പോള്‍ മത്തായിയുടെ വീട്ടുപറമ്ബില്‍വെച്ച് അഞ്ച് പേരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു.കഴിഞ്ഞ 22ന് ആയിരുന്നു ചെന്നിത്തലയില്‍ അഞ്ച് പേർക്ക് കടിയേറ്റത്. കഴിഞ്ഞ ദിവസം നായ ചത്തതിനെ തുടര്‍ന്ന് മൃഗ സംരക്ഷണ വകുപ്പിന്റെ കീഴിലുള്ള തിരുവല്ല എവിയന്‍ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
പോള്‍ മത്തായിയുടെ വീട്ടില്‍ സഹായിയായി നില്‍ക്കുന്ന മഞ്ജു, പോള്‍ മത്തായിയുടെ ബന്ധു വടക്കേതലയ്ക്കല്‍ റീത്ത എന്നിവർക്കാണ് ആദ്യം നായയുടെ കടിയേറ്റത്. തുടര്‍ന്ന് നായയെ പിടിക്കാനായി എത്തിയ മൂന്നു പേർക്കും കടിയേല്‍ക്കുകയായിരുന്നു. മാവേലിക്കര ബ്ലോക്ക് വെറ്റിനറി സര്‍ജനും നായ പ്രേമി സംഘത്തിലെ ആളുകളും ചേര്‍ന്നാണ് നായയെ പിടികൂടിയത്. കുത്തിവെപ്പ് നല്‍കി മൃഗാശുപത്രിയിലേക്ക് മാറ്റിയ നായ നിരീക്ഷണത്തിലിരിക്കെയാണ് ചത്തത്.
കഴിഞ്ഞ ദിവസം മൂന്നാറില്‍ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് തെരുവു നായയുടെ കടിയേറ്റു. പരിക്കേറ്റവര്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കടിയേറ്റ 12 പേരാണ് അടിമാലി താലൂക്ക് ആശുപത്രിയിലെത്തിയത്. വിനോദ സഞ്ചാരികള്‍ക്ക് പുറമെ പ്രദേശവാസികള്‍ക്കും കടിയേറ്റു. മൂന്നാര്‍ ടൗണിലടക്കം തെരുവ് നായ ശല്യം രൂക്ഷമാണ്. ഒരേ നായ ആണ് ഇവരെ ആക്രമിച്ചതെന്നാണ് വിവരം. ആളുകളുടെ കാലിനും കൈയ്ക്കുമടക്കമാണ് കടിയേറ്റത്.















