ഭാര്യക്ക് പ്രസവവേദന അനുഭവപ്പെടുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്ബ് ആശുപത്രിയില്‍ വെച്ച് പൊട്ടിക്കരയുന്ന ഒരു ഭർത്താവിന്റെ ഹൃദയം ഉരുകുന്ന വീഡിയോയാണ് ഇപ്പോള്‍ നെറ്റിസണ്‍സിന്റെ മനം കവർന്നിരിക്കുന്നത്.ഉത്തർപ്രദേശിലെ പ്രയാഗ്‌രാജില്‍ നിന്നുള്ള പ്രശസ്ത ഗൈനക്കോളജിസ്റ്റായ ഡോ. ഉമ്മുല്‍ ഖൈർ ഫാത്മ (@drnaazfatima) ഇൻസ്റ്റാഗ്രാമില്‍ പങ്കിട്ട വീഡിയോയില്‍, ഭാര്യയെ പ്രസവ മുറിയിലേക്ക് കൊണ്ടുപോകുന്നതിനുമുൻപുള്ള ദൃശ്യങ്ങളാണ് കാണിക്കുന്നത്.
ഒരു കുഞ്ഞിനെ ഈ ലോകത്തേക്ക് കൊണ്ടുവരാൻ തന്റെ ഭാര്യ അനുഭവിക്കേണ്ടിവരുന്ന വേദനയെക്കുറിച്ച് ആ പുരുഷൻ അറിഞ്ഞപ്പോള്‍, അയാള്‍ വികാരഭരിതനാകുകയും മെഡിക്കല്‍ സംഘത്തിന്റെ മുന്നില്‍ വച്ച് പൊട്ടിക്കരയുകയും ആയിരുന്നു.
വൈറലായ വീഡിയോയില്‍, ഇൻസ്റ്റാഗ്രാമില്‍ 1.6 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഡോക്ടർ യുവാവിനോട് നീ നിന്റെ ഭാര്യയെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് ചോദിക്കുന്നത് കേള്‍ക്കാം. ഇതിന് അയാള്‍ കരഞ്ഞുകൊണ്ട് “എനിക്ക് അവളെ ഒരുപാട് ഇഷ്ടമാണ്” എന്ന് മറുപടി പറയുകയാണ്.
“ഏഴ് പാളികളാണ് മുറിക്കപ്പെടുന്നത്, എല്ലാ ഭർത്താവും പ്രസവവേദന മനസ്സിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു” വൈറല്‍ ക്ലിപ്പിലെ വാചകം ഇങ്ങനെയായിരുന്നു. അതിനൊപ്പം എല്ലാവർക്കും സ്നേഹനിധിയായ ഒരു ഭർത്താവിനെ കണ്ടെത്തട്ടെ എന്ന അടിക്കുറിപ്പ് നല്‍കിയാണ് ഡോക്ടർ വീഡിയോ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

















