പൊളിച്ചുപണിയേണ്ടി വന്ന പാലാരിവട്ടം മേല്‍പ്പാലത്തിൻ്റെ ആദ്യ നിർമാതാക്കളായ ആർഡിഎസ് പ്രോജക്‌ട്സിൻ്റെ കൊച്ചി പനമ്ബിള്ളി നഗറിലെ 16 നില ഫ്ളാറ്റ് സമുച്ചയത്തിൻ്റെ (RDS Avenue One) പ്രധാന പില്ലറില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടർന്ന് താമസക്കാർക്ക് ഒഴിയാൻ നിർദേശം. കെട്ടിടത്തിന് സ്ട്രക്ചറല്‍ തകരാർ സംഭവിച്ചു എന്ന് തന്നെയാണ് നിഗമനം. പ്രധാന പില്ലറില്‍ നിന്ന് സിമൻ്റ് ഇളകി അടർന്ന നിലയിലാണ്.
ഇന്ന് രാവിലെ ഈ ഭാഗത്തു നിന്ന് ശബ്ദം കേട്ടതോടെയാണ് തകരാർ ശ്രദ്ധയില്‍പെട്ടത്. ഇവിടെ കോണ്‍ക്രീറ്റ് ചെയ്യാൻ ഉപയോഗിച്ചിട്ടുള്ള കമ്ബികള്‍ വളഞ്ഞ് പുറത്തേക്ക് വന്നിട്ടുണ്ട്. ബലക്ഷയം പ്രഥമദൃഷ്ട്യാ വ്യക്തമാണ്. ഈ വശത്തുള്ള 16ഓളം ഫ്ലാറ്റുകളിലെ താമസക്കാരെയാണ് മാറ്റിപാർപ്പിക്കുന്നത്. സ്ട്രക്ചറല്‍ തകരാർ ഉണ്ടെങ്കിലും പരിഹരിക്കാവുന്നത് ആണെന്നാണ് പ്രഥമദൃഷ്ട്യാ മനസിലാക്കുന്നതെന്ന് ഇവിടുത്ത ഫ്ലാറ്റുടമയായ എഐസിസി സെക്രട്ടറി ശ്രീനിവാസൻ കൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ദിവസം തന്നെ ഇതിനുള്ള പരിശോധനകള്‍ തുടങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ ഇതുവരെയും ഇത്ര വലിയ പാർപ്പിട സമുച്ചയങ്ങള്‍ തകരാറിലായി ആളുകളെ ഒഴിപ്പിക്കേണ്ടി വന്നിട്ടില്ല. അതുകൊണ്ട് തന്നെ ഇതില്‍ ഏത് തരം പരിശോധനകളാണ് ആവശ്യം എന്നതില്‍ ഔദ്യോഗിക തലത്തിലും ഇടപെടല്‍ ആവശ്യമായി വരും. 20 വർഷത്തില്‍ താഴെ പഴക്കം മാത്രമേ ഈ കെട്ടിടത്തിനുള്ളൂ.

















