ഏഷ്യാനെറ്റ് ന്യൂസില്‍ കണ്‍സള്‍ട്ടിംഗ് എഡിറ്ററായി ഇന്നലെ ജോലിക്ക് കയറാനിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ഉണ്ണി ബാലകൃഷണന്റെ ജോയിനിംഗ് തീയതി നീട്ടി മാനേജ്‌മെന്റ്. മോദി സര്‍ക്കാരിനെതിരെ ദേശാഭിമാനി വാരികയില്‍ എഴുതുന്ന ലേഖന പരമ്ബരയാണ് അദ്ദേഹത്തിന് പാരയായി മാറിയത്. ‘ജനാധിപത്യം കൊല ചെയ്യപ്പെട്ട 11 വര്‍ഷങ്ങള്‍’ എന്ന ലേഖന പരമ്ബരയിലെ വസ്തുതകളെ ആശ്രയിച്ചാവും ഉണ്ണിയുടെ ഏഷ്യാനെറ്റിലെ ഭാവി.
മോദി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നിലപാടുകളെ വിമര്‍ശിക്കുന്ന ഒരാളെ എങ്ങനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ചാനലില്‍ സുപ്രധാന സ്ഥാനത്ത് ഇരുത്തുമെന്നതും ചര്‍ച്ചാവിഷയമാണ്. റിപ്പോര്‍ട്ടര്‍ ടിവിയിലെ ഡിജിറ്റല്‍ ഹെഡായി ജോലി ചെയ്ത് വരുന്നതിനിടയിലാണ് ഏഷ്യാനെറ്റിലേക്ക് ഉണ്ണി കൂടുമാറിയത്. മുന്‍ നിശ്ചയിച്ചത് പ്രകാരം ജൂണ്‍ 10ന് ഏഷ്യാനെറ്റില്‍ ജോയിന്‍ ചെയ്യാനായിരുന്നു തീരുമാനം. ഇതിനിടയിലാണ് ദേശാഭിമാനി വാരികയില്‍ ജൂണ്‍ 15ന് പ്രസിദ്ധീകരിക്കാന്‍ തുടങ്ങുന്ന ലേഖന പരമ്ബരയുടെ കവര്‍ ചിത്രം സഹിതം ഉണ്ണി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചത്. ഈ പോസ്റ്റിന്റെ ലിങ്ക് അദ്ദേഹം തന്നെ വ്യാപകമായി ഷെയര്‍ ചെയ്യുകയും ചെയ്തു.
ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട മാനേജ്‌മെന്റ് വിശദീകരണം ചോദിക്കുകയും ലേഖന പരമ്ബര അവസാനിച്ചിട്ട് വന്നാല്‍ മതിയെന്ന് നിര്‍ദ്ദേശിക്കയും ചെയ്തു എന്നാണ് അറിയുന്നത്. റിപ്പോര്‍ട്ടറില്‍ ജോലി ചെയ്ത കാലത്ത് എഴുതി നല്‍കിയ പരമ്ബരയാണെന്ന വിശദീകരണമാണ് ഉണ്ണി നല്‍കിയിരിക്കുന്നത്. പരമ്ബരയുടെ ഭാഗമായ ആദ്യ ലേഖനം അടങ്ങിയ വാരിക ഇന്ന് ന്യൂസ് സ്റ്റാന്‍ഡുകളിലെത്തി. ‘ഫാസിസത്തിലേക്ക് ഇനിയെത്ര ദൂരം?’ എന്നാണ് തലക്കെട്ട്. സ്വാതന്ത്ര്യസമരകാലത്ത് ആര്‍എസ്‌എസും ഹിന്ദുമഹാസഭയും സ്വീകരിച്ച നിലപാടുകളെ രൂക്ഷമായി ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്. നരേന്ദ്രമോദി 2024ലെ തിരഞ്ഞെടുപ്പ് കാലത്ത് മുസ്ലീങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളടക്കം ലേഖനത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
മോദി സര്‍ക്കാരിന്റെ നിലപാടുകള്‍ക്കും നയങ്ങള്‍ക്കും ഫാസിസ്റ്റ് സ്വഭാവമുണ്ടെന്ന വാദമാണ് ലേഖനത്തിലുടനീളം ഉണ്ണി പറഞ്ഞു വെക്കുന്നത്. നരേന്ദ്രമോദി മന്ത്രിസഭയില്‍ അംഗമായിരുന്ന, ഇപ്പോള്‍ സംസ്ഥാന ബിജെപി അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍ തന്റെ ഉടമസ്ഥതയിലുള്ള ചാനലിലെ ഒരു മുതിര്‍ന്ന ജേണലിസ്റ്റ് ഇത്തരമൊരു ലേഖന പരമ്ബര സിപിഎമ്മിന്റെ വാരികയില്‍ എഴുതിയതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം. ഏഷ്യാനെറ്റ് ന്യൂസിലെ പോളിസി പ്രകാരം അവിടുത്തെ ജീവനക്കാര്‍ക്ക് പുറമേയുള്ള പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നതിന് വിലക്കുണ്ട്. മാനേജ്‌മെന്റിന്റെ അനുമതിയോടെ മാത്രമേ കലാസൃഷ്ടികള്‍ എഴുതാന്‍ പാടുള്ളു എന്നാണ് ഏഷ്യാനെറ്റ് കമ്ബിനി ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
സിപിഎമ്മിന്റെ രേഖകള്‍ ഉദ്ധരിച്ചാണ് ലേഖനം തയ്യാറാക്കിയിരിക്കുന്നത്. സിപിഎം നിലപാടുകളെ ഊട്ടി ഉറപ്പിക്കയും ഒപ്പം സംസ്ഥാന ഭരണകൂടത്തെ സുഖിപ്പിക്കും വിധത്തിലാണ് പരമ്ബര തയ്യാറാക്കിയിരിക്കുന്നതെന്ന് ഒറ്റനോട്ടത്തില്‍ മനസിലാവും. ലേഖന പരമ്ബരയുടെ പേരില്‍ ഉണ്ണി ബാലകൃഷ്ണന് എതിരെ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമോ എന്ന് കണ്ടറിയണം.
















