മലയാളം വാർത്താ ചാനലുകളുടെ റേറ്റിങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയ റിപോർട്ടർ ടി.വി അജയ്യത ഉറപ്പിക്കുന്നു. തുടർച്ചയായി നാലാം ആഴ്ചയിലും ഏഷ്യാനെറ്റ് ന്യൂസിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തളളി റിപോർട്ടർ ടിവി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഇന്ത്യാ-പാക് സംഘർഷ സമയത്തെ താല്‍ക്കാലിക പ്രതിഭാസമാണ് റിപോർട്ടറിൻെറ റേറ്റിങ്ങ് കുതിപ്പെന്നും അത് താല്‍ക്കാലിക പ്രതിഭാസമാണെന്നും പറഞ്ഞിരുന്ന ഏഷ്യാനെറ്റ് ന്യൂസിൻെറ ആത്മവിശ്വാസത്തിനേറ്റ കനത്ത തിരിച്ചടി കൂടിയാണ് റിപോർട്ടറിൻെറ ഈ കുതിപ്പ്.

ചാനലുകളുടെ റേറ്റിങ്ങ് വിലയിരുത്തുന്ന ഏജൻസിയായ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച്‌ കൌണ്‍സില്‍ (ബാർക്) ഇന്ന് പുറത്തുവിട്ട കേരളാ യൂണിവേഴ്സ് വിഭാഗത്തിലെ റേറ്റിങ്ങില്‍ 108.8 പോയിൻറ് നേടിയാണ് റിപോർട്ടർ ഒന്നാം സ്ഥാനം നിലനിർത്തിയത്. രണ്ടാം സ്ഥാനത്തുളള ഏഷ്യാനെറ്റ് ന്യൂസിന് 94.77 പോയിൻറ് ലഭിച്ചു. ഒന്നാം സ്ഥാനത്തുളള റിപോർട്ടർ ടിവിയും രണ്ടാം സ്ഥാനത്തുളള ഏഷ്യാനെറ്റ് ന്യൂസും തമ്മിലുളള പോയിൻറ് വ്യത്യാസം 14.03 പോയിൻറാണ്. മുൻ ആഴ്ചയില്‍ ഇത് 11,62 പോയിൻറായിരുന്നു. കഴിഞ്ഞയാഴ്ചയില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസിന് 2.49 പോയിൻറ് കുറഞ്ഞതാണ് ഇരുചാനലുകള്‍ക്കും ഇടയിലുളള വ്യത്യാസം കൂടാൻ കാരണം. കാലങ്ങളായി നിലനിർത്തിയിരുന്ന ഒന്നാംസ്ഥാനത്തേക്ക് മടങ്ങിവരാൻ ശ്രമിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിന് ഇത് ആശാവഹമല്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടർച്ചയായി നാല് ആഴ്ചകളില്‍ നേടുന്ന പോയിൻറിൻെറ ശരാശരിയാണ് ഓരോ ആഴ്ചയും പുറത്ത് വരുന്ന റേറ്റിങ്ങ്. ഈയാഴ്ചയില്‍ റിപോർട്ടർ കൈവരിച്ച ഉയർന്ന പോയിൻറ് വരുന്ന മൂന്ന് ആഴ്ചകളിലേ റേറ്റിങ്ങ് കണക്കിലും പ്രതിഫലിക്കും. അതുകൊണ്ടുതന്നെ ഒന്നാം സ്ഥാനം തിരികെ പിടിക്കുക ഏഷ്യാനെറ്റിന് നിലവിലെ സാഹചര്യത്തില്‍ അത്ര എളുപ്പമല്ല.അല്ലെങ്കില്‍ സ്വന്തം റേറ്റിങ്ങ് പോയിൻറ് കുത്തനെ വർദ്ധിപ്പിക്കണം. നാല് ആഴ്ചയിലെ കണക്കുകള്‍ പരിശോധിക്കുമ്ബോള്‍ അത്തരമൊരു പ്രവണത ഏഷ്യാനെറ്റ് ന്യൂസിൻെറ റേറ്റിങ്ങില്‍ പ്രകടമല്ല. ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും റിപോർട്ടറിൻെറ ചടുലമായ വാർത്താവതരണ ശൈലിക്കും വിപുലമായ കവറേജിനും ഒപ്പമെത്താൻ ഏഷ്യാനെറ്റ് ന്യൂസിന് കഴിയുന്നില്ല.ശീലിച്ചു വന്ന കാര്യങ്ങളില്‍ നിന്ന് മാറാന്‍ എഡിറ്റോറിയല്‍ ടീമിന് വിമുഖതയുളളത് പോലെയാണ് പ്രേക്ഷകർക്ക് ഫീല്‍ ചെയ്യുന്നത്. നിലമ്ബൂർ ഉപതിരഞ്ഞെടുപ്പിന് റിപോർട്ടറിനെ കടത്തിവെട്ടുന്ന തരത്തില്‍ വിപുലമായ റിപോർട്ടിങ്ങ് ടീമിനെയാണ് ഏഷ്യാനെറ്റ് ന്യൂസ് വിന്യസിച്ചിരിക്കുന്നത്.എന്നാല്‍ എത്ര പരിശ്രമിച്ചിട്ടും സ്ക്രീനിലും വാർത്താ ആവതരണത്തിലും ആകർഷണീയതയും ചടുലതയും കൊണ്ടുവരാനാകുന്നില്ല.

ടെലിവിഷനില്‍ വാർത്ത കാണുന്നവരുടെ അഭിരുചിയില്‍ വന്ന മാറ്റവും ഏഷ്യാനെറ്റ് ന്യൂസിന് വെല്ലുവിളിയാണ്. കേരളത്തില്‍ പെയ്ത കനത്ത മഴയായിരുന്നു റേറ്റിങ്ങ് പുറത്തുവന്ന വാരത്തിലെ പ്രധാന വിഷയം.പോയിൻറ് നിലയില്‍ വർദ്ധനവ് ഉണ്ടെങ്കിലും മൂന്നാം സ്ഥാനത്ത് നിന്ന് കരകയറാൻ ട്വൻറി ഫോർ ന്യസിനും കഴിഞ്ഞിട്ടില്ല. ഇന്ന് പുറത്തുവന്ന റേറ്റിങ്ങിലും 80.31 പോയിൻറുമായി ട്വൻറി ഫോർ മൂന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുളള ഏഷ്യാനെറ്റ് ന്യൂസുമായി ട്വൻറി ഫോറിനും 14 പോയിൻറ് വ്യത്യാസമുണ്ട്.ട്വൻറി ഫോറിൻെറ ചിരവൈരികളും ഒന്നാം സ്ഥാനക്കാരുമായുളള വ്യത്യാസം 28 പോയിൻറിലേറെയാണ്. എന്നാല്‍ മുൻ ആഴ്ചയിലേക്കാള്‍ 7 പോയിൻേറാളം വർദ്ധിപ്പിക്കാനായത് ട്വൻറി ഫോറിന് ആശ്വാസകരമാണ്.മറ്റ് ചാനലുകള്‍ക്കൊന്നും ഇല്ലാത്ത പോയിൻറ് വർദ്ധനവാണ് ട്വൻറി ഫോറിന് ലഭിച്ചത്.

ഒന്നാം സ്ഥാനക്കാരായ റിപോർട്ടർ ടിവി മുൻ ആഴ്ചയിലെ അതേ പോയിൻറ് നിലയിലും ഏഷ്യാനെറ്റ് 2.49 പോയിൻറ് കുറയുകയാണ് ചെയ്തിരിക്കുന്നത്.പോയ ആഴ്ചയും മനോരമ ന്യൂസ് തന്നെയാണ് നാലാം സ്ഥാനത്ത്. 41.04 പോയിൻറാണ് മനോരമ ന്യൂസ് നേടിയത്. മുൻ ആഴ്ചയിലേക്കാള്‍ 2 പോയിൻറ് വർദ്ധിപ്പിച്ചാണ് മനോരമ ന്യസ് 41 പോയിൻറിലേക്ക് എത്തിയത്. മാതൃഭൂമി ന്യൂസും അഞ്ചാം സ്ഥാനത്ത് തുടരുകയാണ്.37.76 പോയിൻറാണ് മാതൃഭൂമി ന്യൂസിൻെറ നേട്ടം. മാതൃഭൂമി ന്യൂസിനും മുൻ ആഴ്ചയിലേക്കാള്‍ 1 പോയിൻറിലേറെ കൂട്ടാൻ കഴിഞ്ഞു. ആറാം സ്ഥാനത്തുളള ന്യൂസ് മലയാളം 24 x 7 ന് കഴിഞ്ഞയാഴ്ചയേക്കാള്‍ പോയിൻറ് കുറഞ്ഞു.27.99 പോയിൻറ് ഉണ്ടായിരുന്ന ന്യൂസ് മലയാളം 24×7 ന് ഈയാഴ്ച 27.77 പോയിൻറിലേക്ക് താണു. 24.26 പോയിൻറുമായി ജനം ടിവി ഏഴാം സ്ഥാനത്തും 15.56 പോയിൻറുമായി കൈരളി ന്യൂസ് എട്ടാം സ്ഥാനത്തുമുണ്ട്.15.23 പോയിൻറുമായി ഒൻപതാം സ്ഥാനത്തുളള ന്യൂസ് 18 കേരളം കൈരളിയുടെ തൊട്ട് പിന്നില്‍ തന്നെയുണ്ട്. 6.65 പോയിൻറുമായി മീഡിയാ വണ്‍ ചാനലാണ് ഏറ്റവും പിന്നില്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക