”ഇത് ഏത് ക്രിക്കറ്റ് മൈതാനം? ആമസോണ്‍ കാടുകള്‍ക്ക് നടുവിലുള്ള ഏതേലും മൈതാനമായിരിക്കും, അല്ലേല്‍ ഇംഗ്ലണ്ടിലോ ന്യൂസിലാൻഡിലോ ആസ്‌ട്രേലിയയിലോ ഉള്ള ഏതേലും പിച്ചാകും”- രണ്ട് മൂന്ന് ദിവസമായി സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു മൈതാനത്തെക്കുറിച്ചുള്ള റീലിനടിയില്‍ വരുന്ന കമന്റുകളാണ് ഇതൊക്കെ.
കമന്റുകളില്‍ പറയുന്നത് പോലെയൊന്നും അല്ല, ‘മ്മടെ തൃശൂരിലാണ്’ വിദേശരാജ്യത്തെ കളി സ്ഥലങ്ങളോട് സാദൃശ്യമുള്ള ഈ മൈതാനം. തൃശൂർ പാലപ്പള്ളിയിലാണ് ഗ്രൗണ്ട്. ഇങ്ങനെയൊരു ഗ്രൗണ്ട് ദീർഘനാളായി അവിടെയുണ്ടെങ്കിലും മീതെ ഡ്രോണ്‍ ക്യാമറ പറന്നതോടെയാണ് ഇത്രയും മൊഞ്ച് ഗ്രൗണ്ടിനുണ്ടെന്ന് നാട്ടുകർക്ക് തന്നെ ബോധ്യപ്പെട്ടത്.
ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ വരന്തരപ്പിള്ളിയിലെ റബ്ബര്‍ എസ്റ്റേറ്റിനുള്ളിലാണ് പ്രകൃതിഭംഗി നിറഞ്ഞ കളിക്കളം. ഇടതൂര്‍ന്ന് നില്‍ക്കുന്ന റബ്ബര്‍മരങ്ങള്‍ക്ക് നടുവിലാണ് ഈ മനോഹര മൈതാനം. മൈതാനത്തേയ്ക്ക് എത്താനായി ചെറിയ റോഡുണ്ട്. എന്നാല്‍ പുറത്തുവരുന്ന ദൃശ്യങ്ങളില്‍ ചെറുറോഡ് കാണില്ല.

















