രത്തൻ ടാറ്റയുടെ വില്‍പ്പത്രത്തിലെ നിബന്ധനകള്‍ അംഗീകരിക്കാൻ മോഹിനി മോഹൻ ദത്ത സന്നദ്ധതയറിയിച്ചതായി റിപ്പോർട്ടുകള്‍. ടാറ്റയുടെ വില്‍പ്പത്രം പ്രകാരം 588 കോടിയുടെ സ്വത്തുക്കളാണ് ദത്തയ്ക്ക് ലഭിക്കുക. രത്തൻ ടാറ്റയുടെ അടുത്ത സഹപ്രവർത്തകനും താജ് ഹോട്ടല്‍സ് ഗ്രൂപ്പിലെ മുൻ ഡയറക്ടറുമാണ് 77-കാരനായ മോഹിനി മോഹൻ ദത്ത.
ഇത്രയധികം സ്വത്ത് ലഭിക്കുന്ന ടാറ്റ കുടുംബത്തിനു പുറത്തുനിന്നുള്ള ഏക വ്യക്തിയാണ് ദത്ത. ടാറ്റയുടെ വ്യക്തിഗതസ്വത്തിന്റെ മൂന്നിലൊന്ന് ഇദ്ദേഹത്തിന് ലഭിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.3,900 കോടി രൂപവരുന്ന ടാറ്റയുടെ സ്വത്തുക്കള്‍ക്ക് ഇരുപതിലധികം അവകാശികളുണ്ട്. ഇതില്‍, സ്വന്തം ഓഹരിയുടെ കാര്യം ചോദ്യംചെയ്തുകൊണ്ട് രംഗത്തെത്തിയ ഒരേഒരാളാണ് മോഹൻ ദത്ത.
എന്നാല്‍, ഇപ്പോള്‍ വ്യവസ്ഥകള്‍ അംഗീകരിക്കാൻ ദത്ത തയ്യാറാകുന്നതോടെ വില്‍പ്പത്രം നടപ്പാക്കുന്നത് കൂടുതല്‍ എളുപ്പമായിരിക്കും. മുംബൈ ഹൈക്കോടതിയുടെ നിയന്ത്രണത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. ഝാർഖണ്ഡിലെ ജംഷഡ്പുർ സ്വദേശിയായ വ്യവസായിയാണ് മോഹിനി മോഹൻ ദത്ത. സ്റ്റാലിയണ്‍ എന്നൊരു ട്രാവല്‍ ഏജൻസി ഇദ്ദേഹത്തിനുണ്ടായിരുന്നു. 2013-ല്‍ ഇത് താജ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സിന്റെ ഉപ കമ്ബനിയായ താജ് സർവീസസില്‍ ലയിച്ചു.
ജംഷഡ്പുരില്‍വെച്ച് പരിചയപ്പെട്ട ഇരുവരും തമ്മില്‍ 60 കൊല്ലത്തോളം അടുപ്പമുണ്ടെന്നാണ് വിവരം. ദത്തയുടെ രണ്ടുപെണ്‍മക്കളില്‍ ഒരാള്‍ താജ് ഹോട്ടലിലും പിന്നീട് ടാറ്റ ട്രസ്റ്റിലും ഒൻപതു കൊല്ലത്തോളം ജോലിചെയ്തിട്ടുണ്ട്. 2024 ഒക്ടോബർ ഒൻപതിനാണ് രത്തൻ ടാറ്റ അന്തരിച്ചത്.








