തിരുവനന്തപുരത്ത് യുവ സംവിധായകനെ രണ്ടര കിലോഗ്രാമിലധികം കഞ്ചാവുമായി എക്സൈസ് പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംവിധായകനും നേമം സ്വദേശിയുമായ അനീഷ് അലി(35) ആണ് രണ്ട് ദിവസം മുമ്ബ് 2.641 കിലോഗ്രാം കഞ്ചാവുമായി എക്സൈസിന്‍റെ പിടിയിലായത്. അനീഷ് നേമം കേന്ദ്രീകരിച്ച് കഞ്ചാവ് ചില്ലറ വില്‍പ്പന നടത്തി വരികയായിരുന്നുവെന്നാണ് എക്സൈസ് പറയുന്നത്.
ബാലരാമപുരം വെടിവെച്ചാൻ കോവില്‍ ജംഗ്ഷനില്‍ കഞ്ചാവ് ചില്ലറ വില്‍പ്പന നടത്തുന്നതിനിടയിലാണ് അനീഷ് പിടിയിലാകുന്നതും.ചെറിയ പാക്കറ്റുകളിലാക്കി കഞ്ചാവ് വില്‍പ്പന നടത്താനെത്തിയ ഇയാളെ എക്സൈസ് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 2.641 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്.
വീടിനുള്ളില്‍ പ്ലാസ്റ്റിക്ക് ചാക്കിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പുറത്തിറങ്ങാൻ ഇരിക്കുന്ന ഗോഡ്സ് ട്രാവല്‍സ് എന്ന സിനിമയുടെ സംവിധായനാണ് അനീഷ് അലിയെന്ന് എക്സൈസ് പറഞ്ഞു. നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മണിവർണ്ണൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) പ്രശാന്ത്, സിവില്‍ എക്സൈസ് ഓഫീസർമാരായ അനീഷ്, ലാല്‍കൃഷ്ണ, പ്രസന്നൻ, വിനോദ്, അല്‍ത്താഫ്, അഖില്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസർ ഹരിത എന്നിവരും കേസെടുത്ത സംഘത്തില്‍ ഉണ്ടായിരുന്നു.

















