കേരളത്തിലെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന 72 അതിഥി തൊഴിലാളികള്‍ മലയാളി പെണ്‍കുട്ടികളെ വിവാഹം കഴിച്ചതായി കണക്കുകള്‍. എ.ഐ.ടി.യു.സിക്ക് കീഴിലുള്ള നാഷണല്‍ മൈഗ്രന്റ് വർക്കേഴ്സ് യൂണിയനാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.നേരിട്ടുള്ള ആലോചനകള്‍ വഴിയും ബ്രോക്കർമാരുടെ ഇടപെടലുകളിലൂടെയുമാണ് ഭൂരിഭാഗം വിവാഹങ്ങളും നടന്നതെന്ന് യൂണിയൻ നേതാക്കള്‍ വ്യക്തമാക്കി. വധുക്കളുടെ മാതാപിതാക്കള്‍ കൃത്യമായ അന്വേഷണം നടത്തിയ ശേഷമാണ് വിവാഹബന്ധത്തിലേക്ക് കടന്നതെന്നും സംഘടന പറയുന്നു.

എറണാകുളം, വയനാട്, ഇടുക്കി, കോട്ടയം, തിരുവനന്തപുരം, കൊല്ലം, തൃശൂർ തുടങ്ങിയ ജില്ലകളിലാണ് ഇത്തരം വിവാഹങ്ങള്‍ കൂടുതലായി നടന്നത്. ഇതില്‍ ഭൂരിഭാഗം കുടുംബങ്ങളും എറണാകുളം ജില്ലയിലെ പെരുമ്പാവൂർ പ്രദേശം കേന്ദ്രീകരിച്ചാണ് താമസിക്കുന്നതെന്നും റിപ്പോർട്ടില്‍ പറയുന്നു. വിവാഹത്തിന് ശേഷം പല അതിഥി തൊഴിലാളികളും കേരള സമൂഹത്തിലേക്ക് പൂർണമായി ലയിച്ചുവെന്നും യൂണിയൻ ചൂണ്ടിക്കാട്ടുന്നു. ഇവരില്‍ പലർക്കും റേഷൻ കാർഡ് ഉള്‍പ്പെടെയുള്ള ഔദ്യോഗിക രേഖകള്‍ ലഭിച്ചിട്ടുണ്ട്. മലയാളം നന്നായി സംസാരിക്കുന്നവരായ ഇവർ സംസ്ഥാനത്തിന്റെ സാമൂഹിക ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞുവെന്നും സംഘടന പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാനത്ത് ഏകദേശം മൂവായിരത്തോളം അതിഥി തൊഴിലാളികള്‍ വോട്ടർ പട്ടികയില്‍ പേര് ചേർത്തിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.24 വർഷം മുൻപ് ഒഡീഷയില്‍ നിന്നെത്തിയ രാജേന്ദ്ര നായിക് എന്ന തൊഴിലാളി എറണാകുളം ജില്ലയിലെ വാഴക്കുളം പഞ്ചായത്തില്‍ സംസ്ഥാന സർക്കാരിന്റെ ‘ലൈഫ് മിഷൻ’ ഭവന പദ്ധതിയില്‍ അംഗമായി വീടിന്റെ നിർമ്മാണം ആരംഭിച്ചതും സാമൂഹിക മാറ്റത്തിന്റെ ഉദാഹരണമായി യൂണിയൻ ചൂണ്ടിക്കാട്ടുന്നു. അതേസമയം, അതിഥി തൊഴിലാളികള്‍ നേരിടുന്ന തൊഴില്‍, സാമൂഹിക, നിയമപരമായ പ്രശ്നങ്ങള്‍ ചർച്ച ചെയ്യുന്നതിനായി എ.ഐ.ടി.യു.സിയുടെ നേതൃത്വത്തില്‍ ജനുവരി 25, 26 തീയതികളില്‍ കോട്ടയത്ത് ദേശീയ കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്ന് സംഘടന അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക