ഫുട്ബോൾ ഇതിഹാസമായ ലയണല്‍ മെസിക്ക് ഒട്ടേറെ ആരാധകരാണ് കേരളത്തിലുള്ളത്. ഖത്തർ ലോകകപ്പില്‍ മെസിയും കൂട്ടരും കപ്പുയർത്തിയപ്പോള്‍ വലിയ ആരവമാണ് കേരളത്തിലുണ്ടായിരുന്നത്. തങ്ങളുടെ ഇഷ്ടതാരത്തിന്റെ പടുകൂറ്റൻ കട്ടൗട്ട് പുഴയുടെ നടുവില്‍ സ്ഥാപിച്ചതും അന്ന് നാം കണ്ടതാണ്.
കേരളത്തിലെ ലക്ഷക്കണക്കിന് മെസി ആരാധകരില്‍ നമ്മുടെ സ്വന്തം മോഹൻലാലും ഉണ്ടെന്നത് അധികമാർക്കും അറിയാത്ത കാര്യമാണ്. മെസിയെ ഏറെയിഷ്ടപ്പെടുന്ന മോഹൻലാലിന് ഇന്നൊരു സമ്മാനം ലഭിച്ചു. മെസിയെയും ഫുട്ബോളിനെയും സ്നേഹിക്കുന്ന ഏതൊരാളും കൊതിക്കുന്നൊരു സ്വപ്ന സമ്മാനം. സാക്ഷാല്‍ ലയണല്‍ മെസിയുടെ കയ്യൊപ്പ് പതിഞ്ഞ ജേഴ്സി.
മോഹൻലാല്‍ തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ജേഴ്സിയില്‍ ‘ഡിയർ ലാലേട്ടാ’ എന്നെഴുതി മെസി ഒപ്പുവെക്കുന്നതിന്റെ വീഡിയോയും മോഹൻലാല്‍ പങ്കുവെച്ചിട്ടുണ്ട്. ജേഴ്സിയുമായി നില്‍ക്കുന്ന മോഹൻലാലിനേയും വീഡിയോയില്‍ കാണാം. ഡോ. രാജീവ് മാങ്കോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നിവരാണ് ഇത്തരത്തില്‍ ഒരപൂർവമായ സമ്മാനം മോഹൻലാലിനായി ഒരുക്കിയത്. സാമൂഹികമാധ്യമ പോസ്റ്റില്‍ ഇരുവർക്കും മോഹൻലാല്‍ നന്ദി പറഞ്ഞു.

















