വിവാഹ വേദിയില്‍ ചെറിയ സംശയം തോന്നി വധുവിന്റെ മൂടുപടം ഒന്ന് മാറ്റി നോക്കിയതാണ്, അപ്പോഴാണ് താൻ പറ്റിക്കപ്പെട്ടുവെന്ന് 22കാരനായ മൊഹമ്മദ് അസിമിന് മനസിലായത്. വധുവായെത്തിയത് യുവാവ് ഇഷ്ടപ്പെട്ട വിവാഹമുറപ്പിച്ച പെണ്‍കുട്ടിയുടെ അമ്മയായിരുന്നു. ഉത്തർ പ്രദേശിലെ മീററ്റിലാണ് സംഭവം.
സംഭവത്തില്‍ ഇയാള്‍ പോലീസില്‍ പരാതിപ്പെട്ടു. 22കാരിയായ യുവതിയുമായാണ് യുവാവിന്റെ വിവാഹം സഹോദരനും സഹോദര ഭാര്യയും ചേർന്ന് നിശ്ചയിച്ചത്. എന്നാല്‍ വിവാഹ വേദിയില്‍ വധുവിന് പകരം എത്തിയത് വിധവയും യുവതിയുടെ അമ്മയുമായ 45കാരിയായിരുന്നു. നിക്കാഹ് സമയത്ത് 22കാരന് സംശയം തോന്നി മൂടുപടം ഉയർത്തി നോക്കിയതോടെയാണ് ആള് മാറിയെന്ന് വ്യക്തമായത്. യുവാവ് സംഭവം ചോദ്യം ചെയ്തതിന് പിന്നാലെ പീഡനക്കേസില്‍ കുടുക്കുമെന്ന് സഹോദരനും സഹോദര ഭാര്യയും വിശദമാക്കിയതോടെ യുവാവ് മണ്ഡപത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു.
പിന്നാലെ തന്നെ ഇയാൾ പരാതിയുമായി പൊലീസിനെ സമീപിച്ചു. മാർച്ച് 31നാണ് മൂത്ത സഹോദരനും ഭാര്യയും ചേർന്ന് 21കാരിയായ മന്താഷയുമായി യുവാവിന്റെ വിവാഹം നിശ്ചയിച്ചത്. നിക്കാഹ് ചടങ്ങിനിടെ മൌലവി വധുവിന്റെ പേരായി വിളിച്ചത് മന്താഷയുടെ അമ്മയുടെ പേരായ താഹിറ എന്നായിരുന്നു. ഇതോടെയാണ് യുവാവിന് സംശയം തോന്നിയത്. വധുവിന്റെ വീട്ടില്‍ വച്ച് പ്രതിഷേധിച്ചതോടെയാണ് സഹോദരനും ഭാര്യയും പീഡനപരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയത്. മൂത്ത സഹോദരൻ നദീം ഭാര്യ ഷാഹിദ എന്നിവർക്കെതിരെയാണ് 22 കാരന്റെ പരാതി.

















