റിപ്പോർട്ടർ ടിവിയിലെ അവതാരകനും പ്രമുഖ മാധ്യമപ്രവർത്തകനുമായ അരുണ്‍ കുമാറിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എം എല്‍ എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍. ‘അരുണ്‍ കുമാർ താങ്കളില്‍ നിന്നോ താങ്കളുടെ മാധ്യമ സ്ഥാപനമായ റിപ്പോർട്ടർ ചാനലില്‍ നിന്നോ മാന്യമായതും നിഷ്പക്ഷമായതുമായ മാധ്യമ പ്രവർത്തനം ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല, ആഗ്രഹിക്കുന്നുമില്ല.’ രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ അഭിനന്ദിച്ച ദിവ്യ എസ് അയ്യർ ഐ എ എസിനെതിരെ വലിയ വിമർനമാണ് യൂത്ത് കോണ്‍ഗ്രസ് നടത്തിയിരുന്നത്. വിമർശനങ്ങള്‍ സൈബർ അധിക്ഷേപത്തിലേക്ക് വരെ നീണ്ടു. ഈ വിഷയം റിപ്പോർട്ടർ ടിവിയിലെ മീറ്റ് ദ എഡിറ്റേഴ്സ് പരിപാടി ചർച്ച ചെയ്യുന്നതിനിടെ അരുണ്‍കുമാർ സംഘടനയെ അപമാനിച്ചെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ ആരോപണം.
എന്നാല്‍ ഇത് വ്യാജപ്രചരണമാണെന്നാണ് റിപ്പോർട്ടർ ടിവി വ്യക്തമാക്കുന്നത്. എന്ത് തന്നെയായാലും സോഷ്യല്‍ മീഡിയയില്‍ അരുണ്‍ കുമാറിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ ഭാഗത്ത് നിന്നും വലിയ വിമർശനവും നടക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ അരുണ്‍ കുമാറിനെതിരെ പ്രതികരിച്ചുകൊണ്ട് രാഹുല്‍ മാങ്കൂട്ടത്തിലും രംഗത്ത് വന്നിരിക്കുന്നത്.
നിങ്ങളുടെയോ നിങ്ങളുടെ ചാനലിന്റെയോ താരാട്ടോ തലോടലോ പ്രതീക്ഷിച്ച് അല്ല യൂത്ത് കോണ്‍ഗ്രസ്സ് പ്രവർത്തകർ സംഘടന പ്രവർത്തനം നടത്തുന്നത്. താങ്കള്‍ യൂത്ത് കോണ്‍ഗ്രസ്സിനു എതിരെ ഇന്നലെ നടത്തിയ അശ്ലീല പ്രയോഗത്തോടെ താങ്കളുടെ ഉള്ളിലെ അന്ധമായ കോണ്‍ഗ്രസ്സ് വിരുദ്ധതയുടെ വിഷം ഒരിക്കല്‍ കൂടി പൊതു സമൂഹത്തിന് കാണാൻ കഴിഞ്ഞു. ഈ വിഷയത്തില്‍ പ്രതികരിക്കാൻ യാതൊരു താല്പര്യവും ഉണ്ടായിരുന്നില്ല, കാരണം താങ്കളോട് ഒക്കെ പ്രതികരിക്കണ്ട എന്ത് കാര്യം എന്ന ചിന്ത ശക്തമായി തന്നെയുണ്ട്. പക്ഷേ പല സഹപ്രവർത്തകരും വിളിച്ച് പ്രതികരിക്കണം എന്ന് പറഞ്ഞത് കൊണ്ട് മാത്രം ആണ് ഇത് എഴുതുന്നത്.
താങ്കളുടെയോ താങ്കളുടെ മാധ്യമ സ്ഥാപനത്തിന്റെയോ ഭാഗത്ത് നിന്ന് കോണ്‍ഗ്രസ്സിനും രാഹുല്‍ ഗാന്ധി വരെയുള്ള നേതാക്കൻമാർക്കും നേരെയുള്ള പരിഹാസവും ആക്ഷേപവും ഇതു ആദ്യമായിട്ടല്ല അവസാനമായിട്ടുമല്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നു.നിങ്ങള്‍ യൂത്ത് കോണ്‍ഗ്രസിന് എതിരെ പറഞ്ഞ അശ്ലീലം എല്‍ ഡി എഫ് യുവജന പ്രസ്ഥാനത്തിന് എതിരെ പറഞ്ഞാല്‍ ഉണ്ടാകുന്ന അക്രമോത്സുകമായ പ്രതിഷേധം റിപ്പോർട്ടറിന് എതിരെ നടത്താൻ യൂത്ത് കോണ്‍ഗ്രസിന് ചെയ്യാൻ അധികം സമയം ഒന്നും വേണ്ട. അത് ചെയ്യാത്തത് മറ്റൊന്നും കൊണ്ടല്ല, കാര്യം നിങ്ങള്‍ ചെയ്യുന്നത് വേറെ ആണെങ്കിലും പറയുന്നത് മാധ്യമ പ്രവർത്തനം എന്ന് ആണല്ലോ! മാധ്യമ പ്രവർത്തനത്തോട് കോണ്‍ഗ്രസിനു എന്നും ബഹുമാനം തന്നെയാണ്…പിന്നെ ഇന്ന് നല്കിയ വിശദീകരണത്തില്‍ താങ്കള്‍ പറഞ്ഞല്ലോ ആരോ വീഡിയോ എഡിറ്റ് ചെയ്തതാണ് എന്ന്. അത് താങ്കള്‍ ആ അശ്ലീല പദം ഉപയോഗിച്ചപ്പോള്‍ തന്നെ അതിനെ എതിർത്തുകൊണ്ട് “അനാവശ്യമായ വാക്കുകള്‍ ഉപയോഗിക്കരുത്” എന്ന് പറഞ്ഞ് താങ്കളെ തിരുത്തുന്ന താങ്കളുടെ തന്നെ സഹപ്രവർത്തകരെ ആദ്യം ബോധ്യപ്പെടുത്തിയിട്ട് മതി ഞങ്ങളെ ബോധ്യപ്പെടുത്താൻ.പിന്നെ യൂത്ത് കോണ്‍ഗ്രസ്സ് ഓരോ വിഷയത്തിലും എന്ത് നിലപാട് എടുക്കണം എന്നുള്ളതില്‍ താങ്കളുടെ ക്ലാസ്സില്‍ ഇരിക്കാൻ സൗകരുമില്ല! ചാനല്‍ മാറുന്നതിനൊപ്പം നിലപാട് മാറുന്ന താങ്കളുടെയൊക്കെ നിലപാടിന്റെ ട്യൂഷൻ വേറെ ആർക്കേലും കൊടുക്ക്. താങ്കള്‍ ഒക്കെ തിരുത്തണം എന്ന് പറയില്ല, ഇങ്ങനെ തന്നെ മുന്നോട്ട് പോവുക – എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേർത്തു.

















