നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച്‌ മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് എന്‍.എസ്.നുസൂര്‍ പാർട്ടി വിട്ടു. കോണ്‍ഗ്രസിൻ്റെ വിഴുപ്പുഭാണ്ഡം ചുമന്നു നടക്കാൻ കഴിയില്ലെന്നും, ഇനി പാർട്ടിയില്‍ തുടരാനാകില്ലെന്നും നുസൂര്‍ പറഞ്ഞു. മറ്റു പാർട്ടികളുമായി സഹകരിച്ചു പോകുന്നത് കൂടിയാലോചിച്ച്‌ തീരുമാനിക്കുമെന്നും നുസൂർ വ്യക്തമാക്കി.

തിരുവനന്തപുരം ജില്ലയിലെ സ്ഥാനാർഥി പട്ടികയില്‍ പരിഗണിക്കപ്പെട്ട ആളാണ് താനും. സീറ്റില്ലെങ്കില്‍ ഇല്ല എന്ന കാര്യം നേതൃത്വത്തിന് തന്നെ പറയാമായിരുന്നു. താൻ മിശ്രവിവാഹം ചെയ്തതാണ് സീറ്റ് നിഷേധിക്കാൻ കാരണമായതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ഭാര്യ അമ്പലത്തില്‍ പോകുന്നതാണോ ഇവരുടെ പ്രശ്നമെന്നും യഥാർഥ വർഗീയവാദികള്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലാണ് എന്നും എൻ.എസ്. നുസൂർ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതുപോലെ ഒരു ഗതികെട്ട കാലഘട്ടം കോണ്‍ഗ്രസിന് ഉണ്ടായിട്ടില്ല. തന്നെ സംബന്ധിച്ച്‌ വ്യക്തിപരവും രാഷ്ട്രീയപരവുമായ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ഇന്ന്. 26 വർഷക്കാലം കെഎസ്‌യുവിലും യൂത്ത് കോണ്‍ഗ്രസിലും കോണ്‍ഗ്രസിനുവേണ്ടി സജീവരാഷ്ട്രീയ പ്രവർത്തനം നടത്തി. ഇനി മുതല്‍ പാർട്ടിയില്‍ തുടരില്ല. പോകുമ്പോള്‍ ചില കാര്യങ്ങള്‍ പറയാതെ പോകുന്നത് ശരിയല്ല. ചില തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യതയാണ് എന്നും എൻ.എസ്. നുസൂർ വ്യക്തമാക്കി.

കെ.സി. വേണുഗോപാലിനെതിരെ അതിരൂക്ഷ വിമർശനവും നുസൂർ ഉന്നയിച്ചു. കോണ്‍ഗ്രസിൻ്റെ അന്തകനാണ് കെ.സി. വേണുഗോപാലെന്ന് നുസൂർ പറഞ്ഞു. ചാണ്ടി ഉമ്മനെ വേട്ടയാടാൻ കാരണം ഉമ്മൻചാണ്ടി വിഭാഗം ഉയർത്തെഴുന്നേല്‍ക്കുമോ എന്ന പേടിയാണ്. എ ഗ്രൂപ്പ് സംഘടിക്കുമോ എന്ന ഭയം പലർക്കുമുണ്ടെന്നും നുസൂർ വ്യക്തമാക്കി.

അലോഷ്യസ് സേവ്യറിനെ സ്ഥാനാർഥി പട്ടികയില്‍ നിന്നും തഴഞ്ഞു. എല്ലാം ഉള്ളവർക്ക് തന്നെ എല്ലാ പോസ്റ്റുകളും നല്‍കും. ജെ. ബി. മേത്തറെ രാജ്യസഭാ എംപിയും മഹിളാ കോണ്‍ഗ്രസിൻ്റെ പ്രസിഡൻ്റും ആക്കി. സണ്ണി ജോസഫിനെ കെപിസിസി പ്രസിഡൻ്റും എംഎല്‍എയും ആക്കി. ഇതുപോലെ തന്നെയാണ് എ. പി. അനില്‍ കുമാറും ഷാഫി പറമ്പിലുമെല്ലാം. ഇതിനെല്ലാം കാരണക്കാരൻ കെ.സി വേണുഗോപാലാണ്. രാഹുല്‍ഗാന്ധിക്ക് ഇതിനെക്കുറിച്ചൊന്നും അറിവില്ല. കെപിസിസിയില്‍ തൻ്റെ സസ്പെൻഷൻ ഓർഡർ ഇപ്പോള്‍ തയ്യാറാവുകയായിരിക്കുമെന്നും നുസൂർ പറഞ്ഞു.

സുധീർ ഷാ പാലോടിന് വാമനപുരം സീറ്റ് നല്‍കിയത് എസ്‌ഡിപിഐയുടെ ആവശ്യപ്രകാരമാണ്. തിരുവനന്തപുരം നഗരസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വോട്ടുകള്‍ ബിജെപിക്ക് മറിച്ചു കൊടുത്തു. നേമത്ത് രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കണം. പകരം അരുവിക്കരയും തിരുവനന്തപുരവും കോണ്‍ഗ്രസിനെ ജയിപ്പിക്കുമെന്നും ഡീല്‍ വച്ചിട്ടുണ്ട്. പിന്നീട് അത് വട്ടിയൂർക്കാവും അരുവിക്കരയുമായി മാറ്റിയെന്നും നുസൂർ പറഞ്ഞു.

അരുവിക്കരയില്‍ ശബരീനാഥനായിരുന്നു സർവേ റിപ്പോർട്ടില്‍ മുന്നില്‍ നിന്നത്. അതുവച്ച്‌ ശബരിനാഥനോട് വർക്ക് തുടങ്ങാൻ പറഞ്ഞു. ദേശീയതലത്തിലുള്ള ആളുടെ നിർദേശപ്രകാരമാണ് അരുവിക്കര ശിവകുമാറിന് നല്‍കിയതെന്നും നുസൂർ പറഞ്ഞു. തമ്പ്രാ എന്ന് വിളിച്ച്‌ നില്‍ക്കാതിരിക്കാൻ ചങ്കൂറ്റം ഉള്ള ആരെങ്കിലും ഉണ്ടാകുന്ന കാലത്ത് പാർട്ടി രക്ഷപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ടാഴ്ചവരെ യുഡിഎഫ് അധികാരത്തില്‍ വരാനുള്ള സാഹചര്യം ഉണ്ടായിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരില്ല. എന്നാല്‍ ഇനി 60 സീറ്റില്‍ കൂടുതല്‍ കിട്ടില്ല. മറ്റു പാർട്ടികളുമായി സഹകരിച്ചു പോകുന്നത് കൂടിയാലോചിച്ച ശേഷം തീരുമാനിക്കുമെന്നും നുസൂർ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക