ഡാൻസാഫിന്റെ ലഹരി പരിശോധനയ്‌ക്കിടെ ഷൈൻ ടോം ചാക്കോ ഹോട്ടലില്‍ നിന്നിറങ്ങിയോടുന്നതിന് മുമ്ബ് മുറിയില്‍ രണ്ട് പേർ കൂടിയുണ്ടായിരുന്നെന്ന് വിവരം. പാലക്കാട് സ്വദേശികളാണ് ഷൈനിനൊപ്പം മുറിയില്‍ ഉണ്ടായിരുന്നതെന്ന് ഹോട്ടല്‍ അധികൃതർ പറഞ്ഞു.
ഹോട്ടലില്‍ എത്തിയ ശേഷം രണ്ട് സ്ത്രീകളെ ഷൈൻ കണ്ടു. ഒരു സ്ത്രീ മുറിയിലേക്ക് വന്നു. അവർക്ക് പിന്നീട് മറ്റൊരു റൂമെടുത്തു. ബാറില്‍ വച്ച് ഷൈൻ മറ്റൊരു സ്ത്രീയെ കണ്ടിരുന്നു. ഇവരെ യൂബർ വിളിച്ച് ഷൈൻ പറഞ്ഞുവിട്ടു. യുവതികൾ ആരായിരുന്നു എന്നതിനെ ചൊല്ലി വ്യക്തതയില്ല. ലഹരി എത്തിച്ചു നൽകിയവരാണോ, ഷൈനുമായി മറ്റെന്തെങ്കിലും ഇടപാടിന് എത്തിയവരാണ് എന്നീ സംശയങ്ങളും ഇവരെക്കുറിച്ച് ഉയർന്നിട്ടുണ്ട്.
ഇന്നലെ വൈകിട്ടാണ് പാലക്കാട് സ്വദേശികള്‍ മുറിയിലെത്തിയത്. ഡാൻസാഫ് പരിശോധനയ്‌ക്ക് എത്തുമ്ബോള്‍ മുർഷിദ് എന്നയാളാണ് മുറിയില്‍ ഉണ്ടായിരുന്നത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വ്യക്തിയെന്നാണ് അയാള്‍ പറഞ്ഞത്. അനന്തകൃഷ്ണൻ എന്ന പേരുള്ള മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു. ഡാൻസാഫ് വരുമ്ബോള്‍ ഇയാള്‍ മുറിയിലുണ്ടായിരുന്നില്ല. പിന്നീട് ഇയാളെയും ചോദ്യം ചെയ്തെന്നും ഹോട്ടല്‍ അധികൃതർ പറഞ്ഞു.
പോലീസെത്തിയെന്ന് മനസിലാക്കിയ നടൻ രക്ഷപ്പെട്ടത് സിനിമ സ്റ്റെെലിൽ:
റിസപ്ഷനിലെത്തി നടന്‍ ഷൈന്‍ ടോം ചാക്കോ എതു മുറിയിലാണെന്ന് ഡാന്‍സാഫ് സംഘം ചോദിച്ചു. മൂന്നാം നിലയിലെ 314-ാം നമ്ബര്‍ മുറിയിലാണെന്ന് റിസപ്ഷനില്‍ നിന്നും മറുപടിയും ലഭിച്ചു. ഇതേത്തുടര്‍ന്ന് പൊലീസ് മൂന്നാം നിലയിലേക്ക് എത്തുന്നതിന് മുമ്ബായിട്ടാണ് ഷൈന്‍ ടോം ചാക്കോ ഹോട്ടല്‍ മുറിയില്‍ നിന്നും അതിസാഹസികമായി രക്ഷപ്പെടുന്നത്.
മൂന്നാം നിലയിലെ മുറിയില്‍ നിന്നും ജനല്‍ വഴി രണ്ടാം നിലയിലെ ഷീറ്റിലേക്ക് ചാടി. അവിടെ നിന്നും സ്വിമ്മിങ് പൂളിലേക്കും ചാടി. അവിടെ നിന്നും സ്റ്റെയര്‍കേസ് വഴി പുറത്തേക്കോടി. റോഡിലെത്തി അവിടെയെത്തിയ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
















