അയർലന്റില്‍ ഹോട്ടലിലെ താമസക്കാരുടെ സ്വകാര്യ ദൃശ്യങ്ങള്‍ രഹസ്യമായി ചിത്രീകരിക്കുന്നതിനിടെ പിടിയിലായ മലയാളി യുവാവിനെ നാട് കടത്തിയേക്കും. നോർത്തേണ്‍ അയർലൻഡിലെ ഹോട്ടലില്‍ ജോലി ചെയ്തിരുന്ന മലയാളിയായ നിർമല്‍ വർഗീസ് (37) കഴിഞ്ഞ വർഷം ജൂലെെയിലാണ് അറസ്റ്റിലായത്. വിചാരണയ്ക്ക് ശേഷം നവംബർ 17ന് യുവാവിന് 14 മാസത്തെ തടവ് ശിക്ഷയ്ക്കും വിധിച്ചിരുന്നു.
ബെല്‍ഫാസ്റ്റിന് അടുത്തുള്ള കൊളറെയ്നിലെ ഹോട്ടലിലാണ് നിർമല്‍ ജോലി ചെയ്തിരുന്നത്. ഈ കാലയളവില്‍ അതിഥികളായി ഹോട്ടലിലെത്തുന്നവരുടെ കിടപ്പറ ദൃശ്യങ്ങള്‍ ഇയാള്‍ പകർത്തിയെന്നാണ് കേസ്. അന്വേഷണത്തില്‍ 16 ലേറെ വീഡിയോ ദൃശ്യങ്ങളാണ് യുവാവില്‍ നിന്ന് പൊലീസ് കണ്ടെത്തിയത്. കേസ് പരിഗണിച്ച ആൻട്രിം ക്രൗണ്‍ കോടതി നിർമലിനെ ലെെംഗിക കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ഉത്തരവിട്ടിരുന്നു.
നിർമലിന്റെ വർക്ക് വിസ റദ്ദാക്കിയേക്കുമെന്നും ശിക്ഷാ കാലാവധിക്ക് ശേഷം നാട് കടത്തിയേക്കുമെന്നാണ് ഒടുവില്‍ വരുന്ന വിവരം.ഹോട്ടലില്‍ ക്ലീനർ ആയി ജോലി ചെയ്യവേ ദമ്ബതികളും സ്ത്രീകളും താമസിക്കുന്ന മുറികളില്‍ നിന്നും അവർ വസ്ത്രം മാറുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് നിർമല്‍ ചിത്രീകരിച്ചിരുന്നത്. വസ്ത്രം മാറാൻ സജ്ജമാക്കിയിരുന്ന കർട്ടൻ പോലുള്ള സംവിധാനത്തിന് അടിയിലൂടെ ഗ്ലൗസ് ധരിച്ച കൈകളില്‍ നിന്നും മൊബൈല്‍ ഫോണ്‍ തിരിയുന്നത് ശ്രദ്ധയില്‍പ്പെട്ട യുവതിയുടെ സമയോചിത ഇടപെടലാണ് യുവാവിനെ കുടുക്കിയത്.
അടുത്ത പത്ത് വർഷത്തേക്ക് നിർമല്‍ വർഗീസിന്റെ പേര് ലൈംഗിക കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് നിർദ്ദേശത്തോടെയാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. ഇയാളുടെ പക്കലുണ്ടായിരുന്ന ഫോണ്‍ നശിപ്പിച്ച് കളയണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. സ്വന്തം ലൈംഗിക താല്‍പര്യങ്ങളെ അടക്കി നിർത്താനായി ആയിരുന്നു ഇത്തരം പ്രവർത്തിയെന്നാണ് മലയാളി യുവാവ് കോടതിയില്‍ വ്യക്തമാക്കിയത്.

















